കവിതയ്ക്കൊരു കഥയുണ്ട്
കണ്ണീരിന്‍ ചുവയുണ്ട്
വിരഹത്തില്‍ വേര്‍പ്പെട്ട
പ്രണയത്തിന്‍ ചൂടുണ്ട്.
നിണമുതിരും പ്രാണന്‍റെ
നോവിന്‍റെ കനലുണ്ട്
അമ്പേറ്റു പിടയുന്നൊരു
സ്നേഹത്തിന്‍ ചെന്നിണമുണ്ട്.
അകലുന്ന ജീവന്‍റെ
തുടിനില്‍ക്കും താളത്തില്‍
ചിരിക്കുന്ന മനമുണ്ടതിലൊരു
കാട്ടാളരൂപവുമുണ്ട്.
കവിതയ്ക്കൊരു കണ്ണുണ്ട്
മിഴിനീരിന്‍ ഉപ്പുണ്ട്‌
തീരത്തൊരു സന്ധ്യയിലഴിയും
മണ്‍പ്പുറ്റിന്‍ ജടയുണ്ട്
അതിലുരുകും മനസ്സിന്‍റെ
അണയാത്തൊരു തിരിയുണ്ട്.
കവിതയ്ക്കൊരു നനവുണ്ട്
അതിലൊഴുകും വാക്കുണ്ട്
തടയുന്നൊരു നാവുണ്ട്
അതുകേള്‍ക്കെ മാനം പോയൊരു
കാട്ടാളമനസ്സുണ്ട്
കവിതയ്ക്കൊരു മുഖമുണ്ട്
മിഴിനീരിന്‍ ചാലുണ്ട്
നോവിന്‍റെ നീറ്റലുമുണ്ട്
അതിലെരിയും മനസ്സുണ്ട്.

By ivayana