നോക്കാതിരുന്നാൽ
വാടുന്നൊരു
തുന്നൽക്കാരിയുണ്ട്
അയലത്ത്
പിന്നിപ്പഴകിയ
ഉടുപ്പുകൾക്ക്
പിന്നെയും പിന്നെയും
ജീവൻ തുന്നിവയ്ക്കുന്നവൾ
വഴി പോകുന്നവർക്ക്
കാണാനാകും വിധം
വടക്കിനി കോലായിൽ
ഉറങ്ങും വരെയും
ഉണ്ടാകും
അവളും
തുന്നലും
വർഷങ്ങളായി
വീടുകൾ തമ്മിൽ
വഴിത്തർക്കത്തിൽ
പിണക്കത്തിലാണെങ്കിലും
മിഴികൾ തമ്മിലില്ല
എത്രയോ
പിന്നിയ സ്വപ്നങ്ങൾ
എന്റെ ഹൃദയത്തിലുണ്ട്
ജീവൻ കൊതിച്ച് ‘
പക്ഷെ
കണ്ണിൽ തീ നിറച്ച്
വീട്ടുകാരിയുണ്ട്!
യാത്ര കഴിഞ്ഞ്
ഇന്നലെ
മടങ്ങിയെത്തുമ്പോൾ
തുന്നലില്ല
അവളില്ല
വരാന്തയില്ല
ഇന്ന്
പുലർന്നപ്പോൾ

വീടേയില്ല
പത്തി വിടർത്തിയ
മൗനം പോലെ
തർക്കത്തിലുള്ള
വഴി മാത്രമുണ്ട്!

By ivayana