ആരുമറിയാതെ കഴിഞ്ഞ എട്ടു പത്ത് കൊല്ലത്തിനിടയിൽ നിഷ്പക്ഷസ്ഥാൻ എന്ന രാജ്യം ഇന്ത്യക്കുള്ളിൽ സംജാതമായിരിക്കുന്നു. നിഷ്പക്ഷർ എന്ന ജന്തുവർഗ്ഗത്തിൽ പെട്ടവരാണ് ഇവിടെ നിവസിക്കുന്നത്. ഇവർ കാര്യങ്ങൾ നിരീക്ഷിക്കുന്നവരാണ്.

ചിലർ ചാനലുകളിൽ സംസാരിക്കും, പത്രങ്ങളിലും. ചിലർ വാട്ട്സാപ്പ് ഗ്രൂപ്പുകളിൽ, കലുങ്കുകളിൽ, ചായക്കടകളിൽ. ചിലർക്ക് സംസാരമില്ല, നിരീക്ഷണം മാത്രം.
നിഷ്പക്ഷസ്ഥാനിൽ ആണും പെണ്ണുമുണ്ട്. സമൂഹത്തിലെ എല്ലാ വഴിത്താരകളിലുള്ളവരുണ്ട്.

ടീച്ചറായും വക്കീലായും എഞ്ചിനീയറായും ബാർബറായും ഡ്രൈവറായും ഡോക്ടർറായും nOt WorkIng im sTIll studYing ആയും വേഷം മാറി അവർ നമ്മുടെയിടയിൽ കഴിയുന്നു.
അവരുടെ മനസ്സു നിറയെ നിഷ്പക്ഷതയാണ്, എപ്പോഴും എല്ലായ്പ്പോഴും തെളിഞ്ഞ വെള്ളം പോലെ നിഷ്കളങ്കമായ നിഷ്പക്ഷമായ മനസ്സുകൾ. ഒരു വേള നിഷ്കളങ്കസ്ഥാൻ എന്നു പോലും അവരുടെ രാജ്യത്തെ നാം വിളിച്ചു പോകും.

ഇവിടെ നടക്കുന്ന എല്ലാ പ്രശ്നങ്ങളെയും നിഷ്പക്ഷതയോടെ കാണുന്നതാണ് നിഷ്പക്ഷസ്ഥാനിലെ മനുഷ്യരുടെ ജോലി. ഉദാഹരണത്തിന് അഞ്ഞൂറ് രൂപാനോട്ട് ഒരു നിമിഷം കൊണ്ട് പേപ്പറായപ്പോൾ കള്ളക്കടത്തുകാരെ പിടിക്കാനുള്ള തന്ത്രമാണെന്ന് അവർക്ക് മനസ്സിലായി. ചിപ്പ് വച്ച് രണ്ടായിരം രൂപ ഇറങ്ങിയാൽ പിന്നെ രാജ്യത്ത് കള്ളപ്പണം ഉണ്ടാവില്ല എന്നവർ നമ്മളെ പഠിപ്പിച്ചു.

ഇടക്കിടെ എന്നോട് സംസാരിക്കാൻ വരുന്ന ഒരു നിഷ്പക്ഷസ്ഥാനിയുണ്ട്. ഭയങ്കര വിനയമാണ്. ‘ചേട്ടാ, എനിക്ക് ഒരു രാഷ്ട്രീയവുമില്ല, പക്ഷെ നിഷ്പക്ഷമായി നോക്കിയാൽ ഇതങ്ങനെയല്ലേ, അതിങ്ങനെയല്ലേ?’ എന്ന് പറഞ്ഞു വരുമ്പോൾ ശരിയാണ് എന്ന് നമുക്കും തോന്നും. നിഷ്പക്ഷമായി നോക്കിയാൽ എല്ലാത്തിനും ന്യായമുണ്ട്. എക്കണോമിക്സ് നോക്കിയാലും സയൻസ് നോക്കിയാലും അക്കൗണ്ടൻസി നോക്കിയാലും പറയുന്നതെല്ലാം ശരിയാണ്.

നിഷ്പക്ഷസ്ഥാനിൽ ഡീമോണറ്റൈസേഷൻ ഒരു വൻവിജയമായിരുന്നു. കശ്മീർ അടച്ചു പൂട്ടി അവിടുത്തെ നേതാക്കന്മാരെ ജയിലിലടച്ചതിന് കൃത്യമായ കാരണമുണ്ട്, ആ നീക്കങ്ങൾ വിജയിക്കുന്നുമുണ്ട്. CAA അന്യരാജ്യങ്ങളിൽ പീഡനം അനുഭവിക്കുന്ന പാവപ്പെട്ട ഹിന്ദുക്കൾക്ക് വേണ്ടിയുള്ളതാണ്, അവിടെ മുസ്ലിം സഹോദരർക്കെന്താ പ്രശ്നം?

ലവ് ജിഹാദ് എന്ന ഭയങ്കരമായ അപകടത്തിൽ നിന്ന് രാജ്യത്തെ രക്ഷിക്കാനാണ് മുസ്ലിമിന് ഹിന്ദുവിനെ കല്യാണം കഴിക്കാൻ മജിസ്ട്രേറ്റിന്റെ അനുവാദം വേണ്ടത്. കഷ്ടപ്പെടുന്ന പാവപ്പെട്ട പശുക്കളെ സംരക്ഷിക്കാനാണ് ബീഫ് തിന്നുന്നവരെ അതിൽ നിന്നും വിലക്കുന്നത്.

രാജ്യത്തെ കൊറോണയിൽ നിന്ന് മോചിപ്പിക്കുവാനാണ് അന്തർസംസ്ഥാന തൊഴിലാളികളെ ദിവസങ്ങളോളം നടത്തിച്ചതും സൈക്കിൾ ചവിട്ടിച്ചതും. ശുശ്രുതൻ ശസ്ത്രക്രിയ കണ്ടുപിടിച്ചതു കൊണ്ടാണ് ആയുർവേദക്കാർ ഓപ്പറേഷന് ചെയ്യണമെന്ന് പറയുന്നത്. രാജ്യം സംരക്ഷിക്കുന്ന പട്ടാളക്കാരുടെ മനസ്സു വിഷമിപ്പിക്കാതിരിക്കാനാണ് സിനിമയിൽ പട്ടാളക്കാരെ കുറ്റം പറയാൻ പാടില്ല എന്ന് നിയമമുണ്ടാക്കിയത്.

ഒടുവിൽ കർഷകരെ രക്ഷിക്കാനും നിയമമുണ്ടാക്കി. നിഷ്പക്ഷസ്ഥാനിൽ ചെന്ന് ആരോടു വേണേലും ചോദിച്ചു നോക്കൂ. മൂന്ന് നിയമവും കൂടി കൊണ്ടു വരാൻ പോകുന്ന സ്വർഗ്ഗത്തെ കണക്കിന്റെ ഭാഷയിൽ പറഞ്ഞു മനസ്സിലാക്കി തരും. അതിനെതിരെയാണ് കുറെ സിഖ് ഭീകരരും കൂറകമ്മികളും ചേർന്ന് ബിരിയാണി തിന്നും മസ്സാജ് നടത്തിയും സമരം ചെയ്യുന്നത്.
നിഷ്പക്ഷസ്ഥാനിലെ പൗരന്മാർക്ക് പൊതുവെ ഇത്തരം സമരങ്ങളോട് എതിർപ്പാണ്. സമരം ചെയ്യേണ്ടതാരാണ്? കഷ്ടപെടുന്നവർ.

അവർക്ക് പക്ഷെ ഒരു ഗതിയുമില്ല. ഗതിയില്ലാത്തവൻ എങ്ങനെ സമരം ചെയ്യും? ഗതിയുള്ളവൻ എന്തിനു സമരം ചെയ്യണം? അങ്ങനെ വരുമ്പോൾ ആരാണീ സമരക്കാർ? ഖലിസ്ഥാനികൾ, ജിഹാദികൾ, കമ്മികൾ, രാജ്യദ്രോഹികൾ, പുസ്തകം വായിക്കുന്ന അർബൻ നക്സലുകൾ.

തർക്കിച്ചു ജയിക്കാൻ കഴിയില്ല. കണക്കാണ് മുഴുവൻ. ഘോരമായ അനീതിക്കു മുന്നിലും നിഷ്പക്ഷത വെടിയാതെ, കണക്ക് തെറ്റാതെ, നിഷ്പക്ഷസ്ഥാന്റെ കൊടി പാറിക്കുന്ന ആ നിഷ്കളങ്കത നോക്കൂ- കണ്ണു നിറയുന്നില്ലേ നിങ്ങളുടെ?

(MG Rajan)

By ivayana