നമ്മുടെ കക്ഷത്തിൽ വയ്ക്കാൻ
പാകത്തിന്
എല്ലാം വളച്ചൊടിച്ചും മടക്കിയും
ചുരുക്കിയും പ്രപഞ്ചത്തെതന്നെ
നാം ഒരു പരുവമാക്കി-
വച്ചിരിക്കുകയല്ലെ….
ഒരു കവിതയെന്ന വിസ്മയത്തെ
വായന വ്യാഖ്യാനിച്ച്
തരംതാഴ്ത്തുന്നതുപോലെ
ആകാശത്തെ നാം
കണ്‍വെള്ളയോളം ചുരുക്കിക്കളയുന്നു
കടലിനെ
കിണറിനോളം ചുരുക്കി
തിരകളെന്ന വിസ്മയത്തെ
ഇല്ലാതാക്കുന്നു…..
വെറും മരങ്ങളായും
മൃഗങ്ങളായും
കാടെന്ന അത്ഭുതത്തെ തകിടംമറിക്കുന്നു….
ഭൂമിയെന്ന മഹാവിസ്മയത്തെ
പോരാടുന്ന
നാട്ടുരാജ്യങ്ങളും
ആധാറും പഞ്ചായത്തുകളുമായി
തരംതാഴ്ത്തുന്നു….
പ്രപഞ്ച വിന്യാസങ്ങളുടെ
ഇങ്ങേയറ്റത്ത്
കണക്കൂട്ടങ്ങളുടെ
അതിസാഹസികമായ
ആകാശച്ചാട്ടങ്ങളെ
(പാരച്യൂട്ട് ജംപുകളെ)
ജൻമങ്ങളെന്നും
ചാട്ടങ്ങളിലെ ആകാശാനുഭവത്തെ
ജീവിതം എന്നും
നാമിങ്ങനെ വല്ലാതെ
ചുരുക്കിക്കളഞ്ഞിരിക്കുന്നു..!!!!