ചാതുർവർണ്യം കൂട്ടിക്കിഴിച്ചതും
അയിത്തമെന്നൊരു വാക്കിലകലം കുറിച്ചതും
അടിയാത്തിപ്പെണ്ണിൻ്റെ
ഉsലളന്നിട്ടതും
ഞാനല്ല ഞാനല്ല കൂട്ടുകാരാ
പറയും നാഴിയുമറിയാതെ പലവട്ടം
പത്തായം നിനക്കായ് തുറന്നില്ലേ
പാതിവിശപ്പു പകർന്നെടുത്ത് വലം
പാണിയായ് കൂടെക്കൂട്ടിയില്ലേ
കൈ മെയ് മറന്നു വേല ചെയ്വോന്
കൂടൊന്നു കൂട്ടണമെന്നൊരാശ
പറമ്പിലൊരു കോണിൽ കൂര പൊങ്ങി
പൊറുതിക്കൊരു പെണ്ണും കൂടെയെത്തി.
ചെങ്കതിരോനായ് തിളച്ചതും ചോന്നതും
ഒക്കെ നിനക്കായ് കൂട്ടുകാരാ
സൂത്രവാക്യങ്ങളിലെന്നെനിക്കായ്
സങ്കലനം നീ കുറിച്ചുവെച്ചു
ഇക്കാണും ഭൂവിൻ്റെയുടയവൻ നീയാ
യിലപോലുമറിയാത്ത വ്യവഹാരം
പെരുമഴക്കാലമായെൻ്റെ സമ്പാദ്യം
പെരുമച്ചവർപ്പായെൻ്റെ ജന്മം
എങ്കിലും പറയട്ടെ കൂട്ടുകാരാ
ഞാനിന്നുമെന്നും ജന്മി തന്നെ
അലിയുന്ന ഹൃത്തിൻ്റെ
ആറാത്ത നോവിൻ്റെ
ആറടി മണ്ണിൻ്റെ ജന്മി