കോട്ടയം ആസ്ഥാനമാക്കി പ്രസിദ്ധീകരിച്ചു വരുന്ന “മ” വാരികകളിലെ ഡിറ്റക്റ്റീവ് നോവലുകളുടേയും ക്രൈം ത്രില്ലറുകളുടേയും സ്ഥിരം വായനക്കാരനായിരുന്നു ഞാൻ. ബാറ്റൺബോസും, കോട്ടയം പുഷ്പനാഥും, മെഴുവേലി ബാബുജിയും, തോമസ് ടി അമ്പാട്ടുമൊക്കെ ബാല്യകാലത്തിലെ എൻറെ എത്രയെത്ര രാവുകളേയും പകലുകളേയും അപഹരിച്ചിട്ടുണ്ടെന്നോ?
കൂടാതെ നാട്ടിലുള്ള സകല ലൈബ്രറികളിലും ചെന്ന് മെമ്പർഷിപ്പെടുത്ത് ലോക സാഹിത്യത്തിലേക്ക് ഊളിയിടാനും ഒരു ശ്രമം നടത്തി. അങ്ങനെയാണ് സർ ആർതർ കോനൻ ഡോയലിനേയും, എച്.ജി.വെൽസിനേയും, അഗതാക്രിസ്റ്റിയേയുമൊക്കെ പരിചയപ്പെടുന്നത്. ലീഫോക്കിനേയും, എഡ്ഗാർ റൈസ് ബറോസിനെയും, ബ്രോം സ്റ്റോക്കറെയും ഹൃദയത്തിലേറ്റിയപ്പോഴും ജോയ്‌സിയേയും മാത്യു മറ്റത്തിനെയും, ഏറ്റുമാനൂർ ശിവകുമാറിനെയും ചേർത്തുപിടിക്കാതിരുന്നില്ല.
ഒരാളുടെ ശരീരഭാഷ അനായാസം മനസ്സിലാക്കാനുള്ള കഴിവും, അനേകം കുറ്റാന്വേഷണ പുസ്തകങ്ങളിലൂടെ ആർജ്ജിച്ചെടുത്ത അന്വേഷണ പാടവവും സ്‌കൂൾ കാലഘട്ടത്തിൽ തന്നെ എന്നെ ചെറിയൊരു ഡിറ്റക്റ്റീവ് ആക്കി മാറ്റിയിരുന്നു. സഹപാഠികളിൽ ആർക്ക് ആരോടൊക്കെയാണ് പ്രണയമെന്ന് ഒരിക്കൽ പോലും തെറ്റാതെ പ്രവചിച്ചിരുന്ന ഞാൻ കളി മറ്റൊരു ലെവെലിലേക്ക് ഉയർത്തിയത് സോഷ്യൽ സ്റ്റഡീസ് എടുക്കുന്ന വാസുമാഷിൻറെ ഇഷ്ടം, കൂട്ടുകാർക്ക് മുൻപിൽ അനാവരണം ചെയ്തുകൊണ്ടാണ്.
എന്നെ തെറിപറഞ്ഞും അപമാനിച്ചും പ്രതിഷേധിച്ച സഹവിദ്യാർത്ഥികൾക്ക് കാര്യമറിയാൻ ഒരു യുവജനോത്സവം വരെ കാത്തിരിക്കേണ്ടിവന്നു എന്നത് നേര് തന്നെ. സ്റ്റേജ് നമ്പർ ഒന്നിലും, രണ്ടിലും, നാലിലും മോണോ ആക്ടും, ഒപ്പനയും, നാടകവും അരങ്ങുതകർക്കുമ്പോൾ ടീച്ചേഴ്‌സ് റൂമിലെ ഇരുട്ടിൽ വഴിവിട്ടു സല്ലപിച്ചുകൊണ്ടിരുന്ന വാസുമാഷിനേയും ഹിമാദേവി ടീച്ചറേയും പൊക്കിയത് സ്വൽപ്പം പുകയിടാൻ ആ വഴിക്ക് ചെന്ന സീനിയർ പിള്ളേരാണ്. കാര്യമെന്തൊക്കെയായാലും ഒരാഴ്ചയ്ക്കുള്ളിൽ വാസുമാഷ് ഹിമാദേവി ടീച്ചറുടെ കഴുത്തിൽ താലികെട്ടുകയും വില്ലന്മാരായ വിദ്യാർത്ഥികളെ സദ്യയുണ്ണാൻ വിളിക്കുകയും ചെയ്ത് മാതൃകയാവുകയാണുണ്ടായത്.
“ഫാരിസ്, നീ ഒരു സംഭവം തന്നെ!” മുൻപ് കല്ലെറിഞ്ഞ ചിലരെങ്കിലും വന്ന് പ്രകീർത്തിച്ചപ്പോൾ സന്തോഷം തോന്നി.
കോളേജ് പഠനം കഴിഞ്ഞ് ഒരു ജോലിക്ക് വേണ്ടി വാതിലുകളായ വാതിലുകളൊക്കെ കൊട്ടിക്കൊണ്ടിരിക്കെയാണ് ആ പരമാർത്ഥം അനാവൃതമായത്. സ്വപ്‌നങ്ങൾ എന്നാൽ മടിയിൽ വെച്ച് താലോലിക്കാനുള്ള പൂച്ചക്കുട്ടിയാണ്, യഥാർത്ഥ്യമാവട്ടെ ദുർഘടമായ പാതയിലൂടെ കുതിക്കുന്ന കാട്ടുകുതിരയും. മെരുക്കിയെടുക്കാൻ അദ്ധ്വാനം കുറച്ചൊന്നും പോര. ആദ്യമാദ്യം മൂത്തുമ്മയുടെ മകനുമായി മാത്രം താരതമ്യം ചെയ്തുകൊണ്ടിരുന്ന ഉമ്മ പിന്നീട് കണ്ണിൽ കാണുന്ന സകല അണ്ടനോടും അടങ്ങോടനോടും എന്നെ ചേർത്ത് വെച്ചളക്കാൻ തുടങ്ങി.
വാപ്പയുടെ കുത്തുവാക്കുകൾ തീന്മേശയിൽ നിന്നുമിറങ്ങി ഞാനെങ്ങോട്ട് തിരിഞ്ഞാലും പിന്തുടരാനാരംഭിച്ചു. കാലത്തുണരാൻ വൈകിയാലും, നിശ്ചിത സമയത്തിലധികം നേരം ബാത്‌റൂമിൽ ചിലവഴിച്ചാലും, പുറത്തേക്കിറങ്ങുമ്പോഴും, വെളിയിൽ നിന്ന് കയറിവരുമ്പോഴും എന്തിനേറെ പറയുന്നു, തികച്ചും നിരുപദ്രവകരമായ ഒരു കോട്ടുവാ ഇട്ടാൽ പോലും വാപ്പയുടെ വാക്കുകൾ എൻറെ നെറുകം തല തേടിയെത്തി.
“ഒരു വാഴ വെച്ചാൽ മതിയായിരുന്നു…”
“പിന്നെന്ത് കൊണ്ട് ആദ്യരാത്രിയിൽ തന്നെ ഒരു വാഴ വെച്ചില്ല? ഞാൻ ആവശ്യപ്പെട്ടോ എന്നെ ജനിപ്പിച്ചുവിടാൻ?” രോഷം ഉള്ളിൽ തിളച്ചതല്ലാതെ ഒരക്ഷരം പുറത്തേക്ക് തെറിച്ചില്ല.
നിയന്ത്രണം വിട്ട് ഞാനെന്തെങ്കിലും പറഞ്ഞുപോയാൽ എന്നെ വീട്ടിൽ നിന്നും പുറത്താക്കാൻ തക്കം പാർത്തിരിക്കുകയാണ് വാപ്പ എന്ന അപകട സൂചന എന്നിലെ ഡിറ്റക്റ്റീവ് ബുദ്ധി നേരത്തെ കണ്ടെത്തിയതാണ് കാരണം!
ഞങ്ങളുടെ നാട്ടിലെ കള്ളന്മാർക്ക് പോലും ഒരു ‘സ്റ്റാൻഡേർഡ്’ ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. വല്ല ഉണക്കത്തേങ്ങയോ മടലോ അല്ലാതെ ഇവന്മാർ വല്ലതും മോഷ്ടിച്ചിട്ടുണ്ടോ? ഷാലിമാർ രത്‌നത്തെക്കുറിച്ചും ഓഷ്യൻസ് ഇലവനെ കുറിച്ചൊന്നും ഈ പാവങ്ങൾ അറിഞ്ഞു പോലും കാണില്ല. അങ്ങ് യൂറോപ്പിലും അമേരിക്കയിലുമൊക്കെ ആമ്പിള്ളേർ റൈഫിളെടുത്ത് വെടിവെച്ചും വെട്ടിയും പ്രതികാരം തീർക്കുമ്പോൾ ഇവിടെ രണ്ട് കൂതറ സാൽസയടിച്ച് എതിരാളിയുടെ വീട്ടുമുറ്റത്ത് ചെന്ന് തന്തയ്ക്കും തള്ളയ്ക്കും നാല് തെറി പറഞ്ഞ്, നിർവൃതിയടഞ്ഞ് വീട്ടിൽ പോയികിടന്നുറങ്ങുന്ന ഷണ്ഡന്മാർ?!
അങ്ങനെ നിരാശതീർത്ത കുടുസ്സ് മുറിയിൽ, നിസ്സംഗത നിറച്ച തോക്കുപയോഗിച്ച് ഞാനൊരുനാൾ എന്നിലെ ഡിറ്റക്റ്റീവിനെ കൊന്നുകളഞ്ഞു!
അത്രയൊന്നും രസകരമല്ലാത്ത ഒരു മഹത്‌വചനം എവിടെയോ മാറ്റൊലി കൊള്ളുന്നു; “ഡിറ്റക്റ്റീവ് പാടവവും അന്വേഷണ ത്വരയും നിനക്ക് ചോറ് വാങ്ങിത്തരില്ല ഫാരിസേ, ചോറ് വേണമെങ്കിൽ കൊള്ളാവുന്ന ഒരു ജോലിക്ക് പോകണം”
വലിയ മാറ്റങ്ങളൊന്നുമില്ലാതെ വർഷങ്ങൾ കഴിഞ്ഞു പോയി.
അങ്ങനെയിരിക്കെയാണ് ഒരു കൂട്ടക്കരച്ചിലിൻറെ പുലർച്ചയിലേക്ക് ഞാൻ ഉറക്കമുണരുന്നത്! എന്തുപറ്റിയെന്നറിയാതെ ലുങ്കി വരിച്ചുറ്റി പുറത്തേക്കോടി. ഉമ്മയും പെങ്ങളും അയൽപക്കത്തുള്ള ഏതാനും സ്ത്രീകളുമൊക്കെ എന്തൊക്കെയോ പറഞ്ഞ് അലമുറയിടുന്നുണ്ട്!
അയൽപക്കത്തുള്ള സ്റ്റീഫൻ ചേട്ടൻറെ ഇന്റർലോക്കിട്ട വീട്ടുമുറ്റത്ത് എന്തോ ഒടിഞ്ഞു മടങ്ങിക്കിടക്കുന്നു!
അപായമണി തലച്ചോറിൽ ശക്തമായി മുഴങ്ങാൻ തുടങ്ങി. ആർത്തലച്ചുകരയുന്ന സ്റ്റീഫൻ ചേട്ടൻറെ ഭാര്യ രേഷ്‌മ! ആരൊക്കെയോ മതിലുചാടിയും വേലികടന്നുമൊക്കെ ഓടിവരുന്നുണ്ട്…
ഒറ്റക്കുതിപ്പിന് ഞാൻ അവരുടെ മുറ്റത്തെത്തി.
ഒരു നിമിഷം ഹൃദയം മിടിക്കാൻ മറന്നുപോയി!
മുഖം നിലത്ത് കുത്തി വികൃതമായിപ്പോയ സ്റ്റീഫൻ ചേട്ടൻറെ അഞ്ചുവയസുകാരൻ മകൻ പാർത്ഥിവ്! ഇടതു കൈ ഒടിഞ്ഞ് പുറകോട്ടേക്ക് തിരിഞ്ഞിരിക്കുന്നു, കാൽമുട്ടുകൾ രണ്ടും തകർന്ന് രക്തക്കട്ടകളിലൂടെ തലനീട്ടുന്ന എല്ലിൻ കഷണങ്ങളുടെ വെളുപ്പ്!
അതിഭയാനകമായ കാഴ്ച്ച!
ഞാൻ മുകളിലേക്ക് നോക്കി.
ഇരുനില വീടിൻറെ ടെറസ്സിൽ നിന്ന് തന്നെയാണ് വീണിരിക്കുന്നത്, പാർത്ഥിവിൻറെ സ്വപ്‌നങ്ങൾ പോലെ വർണ്ണ ശബളമായ ഏതാനും ഹൈഡ്രജൻ ബലൂണുകൾ ആകാശത്തിലൂടെ ചലിക്കുന്നത് കണ്ടു, അവൻറെ ആത്മാവ് കണക്കെ.., നൂലിൽ നിന്നും വിട്ട്…
ആരൊക്കെയോ വാഴയില വെട്ടി മൃതദേഹത്തിന് മുകളിലേക്കിടുമ്പോഴേക്കും പോലീസ് വാഹനങ്ങളും ആംബുലൻസും ചീറിപ്പാഞ്ഞു വന്നു നിന്നു.
നോക്കിനിൽക്കുകയായിരുന്ന ആളുകളെയൊക്കെ പോലീസ് വിരട്ടിയോടിച്ചു.
പാർത്ഥിവിൻറെ ചിരിച്ചു കൊണ്ടോടിവരുന്ന മുഖം ഉള്ളിൽ പിടഞ്ഞപ്പോൾ ഹൃദയം നുറുങ്ങുന്ന വേദനയുണ്ടായി. ചോക്ലേറ്റുകളുമായി ആ വീട്ടുമുറ്റത്തേക്ക് ചെല്ലുമ്പോൾ അപ്പൂപ്പൻറെ മടിയിൽ നിന്നും ചാടിയിറങ്ങി ഓടിവരാറുള്ള അവനെ പൊക്കിയെടുത്ത് വർണ്ണക്കടലാസുകളിൽ പൊതിഞ്ഞ മധുരം ആ കുഞ്ഞു കൈകളിൽ വെച്ചുകൊടുക്കുമായിരുന്നു. സംസാരിക്കാൻ തുടങ്ങും മുൻപേ പാരിപ്പ എന്നാണവൻ എന്നെ വിളിച്ചു തുടങ്ങിയത്. ഒരിക്കലും മറക്കാനാവാത്ത ചിരിയുടെ സ്രോതസ്സ്!
ആ കുരുന്നിൻറെ അനക്കമറ്റ ശരീരം ആംബുലൻസിലേക്ക് കയറ്റുമ്പോൾ ഞങ്ങളുടെ നാട് മുഴുവൻ കണ്ണീരിലാണ്ടു. തൊണ്ടയിൽ ആരോ കുത്തിപ്പിടിച്ചത് പോലെ ആ ദിവസം മുഴുവൻ എനിക്കൊരു തുള്ളി വെള്ളമിറക്കാനായില്ല. കഠിനമായ ദുഃഖം മനസ്സിനെ മഥിച്ചു.
രക്ഷിതാക്കളുടെ നിസ്സാരമായ ഒരശ്രദ്ധ എത്രമാത്രം ദുരന്തപൂർണ്ണമായ നഷ്ടത്തിലേക്കാണ് നയിക്കുന്നതെന്ന് നോക്കൂ.
അടുത്ത ദിവസം ഏതാനും പോലീസുകാർ അയൽവീടിൻറെ ടെറസ്സിൽ നിന്ന് കൊണ്ട് എന്തൊക്കെയോ പറയുകയും എഴുതുകയും ചെയ്യുന്നത് എൻറെ വീട്ടിലെ തുറന്ന ജനാലയിലൂടെ കണ്ടു. ഒന്ന് രണ്ട് പോലീസുദ്യോഗസ്ഥന്മാർ താഴെ പാർത്ഥിവ് മരിച്ചുകിടന്ന ഭാഗത്ത് അളവെടുക്കുകയും ഫോട്ടോകൾ കാമറയിൽ പകർത്തുകയും ചെയ്യുന്നുണ്ട്. ഞാൻ കൗതുകത്തോടെ പുറത്തേക്കിറങ്ങി എല്ലാം വീക്ഷിച്ചുകൊണ്ട് സ്വൽപമകലെ നിലയുറപ്പിച്ചു.
എന്തോ അപാകതയുണ്ടല്ലോ!
ഹൃദയത്തിലൂടെ ഒരു തുരുമ്പ് മുള്ളാണി പാഞ്ഞു!
അതെ! കുഞ്ഞ് വീണിരിക്കുന്നത് പുറമിടിച്ചാണ്, ആദ്യം വീഴ്ചയുടെ ആഗാതം ഏറ്റുവാങ്ങിയത് കാലുകൾ രണ്ടുമായിരിക്കാം, ശിരസ്സിൻറെ പിൻഭാഗമിടിച്ച് ഒരു പന്ത് കണക്കെ തിരിഞ്ഞു പോയപ്പോഴാണ് മുഖം ഇന്റെർലോക്കിട്ട തറയിൽ ചെന്നിടിച്ചത്! പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ രേഖപ്പെടുത്താൻ പോകുന്ന മരണകാരണം cervical fracture എന്നോ neck fracture എന്നോ ആയിരിക്കും തീർച്ചയാണ്!
“എന്താടോ?” ശബ്ദം കേട്ട് ഞാൻ ഭയന്നുപോയി. കൊമ്പൻ മീശയുള്ള മെലിഞ്ഞ ഒരു പോലീസുകാരൻ തുറിച്ചു നോക്കുന്നു.
“ചുമ്മാ” ഞാൻ തോളുകളിളക്കിയിട്ട് വീട്ടിനകത്തേക്ക് കയറിപ്പോയി.
“നീയിങ്ങനെ നാസ്ത (അത്താഴം) കഴിക്കാതിരുന്നാലെങ്ങനെയാടാ?” പരിഭവസ്വരത്തോടെ ഉമ്മ മുറിയിലേക്ക് വന്നു. “ആ കുഞ്ഞിന് പടച്ചോൻ അത്രയേ ആയുസ്സ് കൊടുത്തിട്ടുണ്ടാകൂ… നിനക്കറിയില്ലേ, വിശേഷബുദ്ധിയെത്തും മുൻപേ മരണപ്പെടുന്ന കുഞ്ഞുങ്ങളൊക്കെ സ്വർഗ്ഗരാജ്യത്തിൻറെ അവകാശികളാണ്…”
“വിശേഷബുദ്ധിയെത്തും മുൻപേ സ്വർഗ്ഗത്തിലേക്ക് വിളിക്കാനായിരുന്നുവെങ്കിൽ പടച്ചോനെന്തിനാണ് അവനെ ഇങ്ങോട്ടേക്കയച്ചത്?” എത്രയേറെ ശ്രമിച്ചിട്ടും കോപമടക്കിവെയ്ക്കാനായില്ല.
“അത് ഇവിടെയുള്ളവരെ പരീക്ഷിക്കാൻ…”
“എങ്കിൽ പിന്നെ പരീക്ഷിക്കപ്പെടേണ്ടയാളുകളുടെ കാലോ കയ്യോ തല്ലിയൊടിച്ചിട്ടാൽ പോരായിരുന്നോ? ഒരു കുരുന്നിൻറെ ജീവനെടുത്തിട്ടാണോ പരീക്ഷണം?”
“ഫാരിസേ, പടച്ചോനോടുള്ള നിൻറെ നിന്ദ കാരണമാണ് ഇത്രേം പ്രായമായിട്ടും പണിയും കൂലിയുമില്ലാതെ തെണ്ടിത്തിരിയുന്നത് നീ, മനുഷ്യനായാൽ ദീനും ദുനിയാവും വേണം, നിസ്‌കാരവും നോമ്പുമില്ലാതെ പയ്യിനെ പോലെ നടന്നോളും…” ഉത്തരം മുട്ടുമ്പോൾ പറയാൻ ഈ ഒരു കാര്യമുള്ളത് നന്നായി, ഇല്ലായിരുന്നെങ്കിൽ ഉമ്മ കുറേ വെള്ളം കുടിച്ചേനെ.
തീന്മേശയിലിരുന്നപ്പോൾ നാവിൽ വെള്ളമൂറുന്ന സുപരിചിതമായ ഗന്ധം.
“നിനക്കിഷ്ടപ്പെട്ട ചിക്കൻ മസാലയും അരിപ്പത്തിരിയുമാണ്, വിശന്നിരിക്കണ്ട…” ഉമ്മ കറി നിറച്ച പാത്രം എൻറെ മുൻപിലേക്ക് തള്ളിവെച്ചപ്പോൾ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന വാപ്പ കണ്ണടയ്ക്ക് മീതെ ഒന്ന് നോക്കി.
പത്തിരി എടുത്തിട്ട് കറിയെടുക്കാൻ തുടങ്ങിയപ്പോൾ ഒരു വിമ്മിട്ടം! ചോരയിൽ മുങ്ങിക്കിടക്കുന്ന പാർത്ഥിവ്! അവൻറെ ഒടിഞ്ഞു മടങ്ങിക്കിടക്കുന്ന കയ്യല്ലേ ഇത്? ആന്തരീകാവയവങ്ങളെ കുലുക്കി വിറപ്പിച്ചു കൊണ്ട് ആർത്തലച്ചുവന്ന ഒരോക്കാനം വലം കയ്യാൽ പൊത്തിപ്പിടിച്ചു തടഞ്ഞ് വാഷ്ബേസിൻറെ സമീപത്തേക്കോടി.
“എന്താടാ നിനക്ക്?” ഉമ്മ അരിശത്തോടെ ഒച്ചയിടുന്നു.
“ഗർഭം…ഈ സമയത്ത് അങ്ങനെയാ, ചില മണം പിടിക്കില്ല…” വാപ്പ നിസ്സംഗതയോടെ തൻറെ പ്ളേറ്റിലേക്ക് രണ്ട് പത്തിരി കൂടി എടുത്തിട്ടു “മാസം ഇതെത്രയാണെന്ന് കൂടി ചോദിക്ക് അവനോട്…”
ഞാൻ പുറത്തേക്കിറങ്ങി ബൈക്ക് സ്റ്റാർട്ട് ചെയ്തു.
“എടാ, ഫാരിസേ, നീയെങ്ങോട്ടാടാ ഈ നേരത്ത്? കഴിച്ചിട്ട് പോടാ…” ഉമ്മ വരാന്തയിലേക്ക് വന്നു. “നിങ്ങളെന്തിനാ മനുഷ്യാ ഏതു നേരവും ഓൻറെ മേൽ കുതിര കേറുന്നത്?” ചോദ്യം വാപ്പയോടാണ്.
തട്ടുകടയിൽ ചെന്ന് ഓംലെറ്റും പൊറോട്ടയും കഴിച്ചു മടങ്ങുമ്പോൾ എന്തോ ഒരുൾപ്രേരണയാലെന്ന പോലെ കുറച്ച് ചോക്ലേറ്റുകൾ വാങ്ങി പോക്കറ്റിലിട്ടു.
രാത്രിയേറെ കഴിഞ്ഞിട്ടും ഉറക്കം വരാതെ കട്ടിലിൽ ഇരുന്ന് ആ ചോക്ലേറ്റുകളുടെ വർണ്ണക്കൂടുകളിലേക്ക് നോക്കിയപ്പോൾ ഹൃദയം വിങ്ങി.
സ്റ്റീഫൻ ചേട്ടൻറെയും രേഷ്‌മയുടേയും പ്രണയവിവാഹമായിരുന്നു. ഇരു വീട്ടുകാർക്കും എതിർപ്പുണ്ടായിരുന്നെങ്കിലും സാമ്പത്തികമായും കുലജാതിയിലും മുൻപിട്ട് നിന്നിരുന്ന രേഷ്മയുടെ വീട്ടുകാർക്ക് ഒരിക്കലും സമ്മതിച്ചുകൊടുക്കാനാവാത്തതായിരുന്നു മിശ്രവിവാഹം. മുറിയിൽ അടച്ചിട്ടും, തൊഴിച്ചും, ഭീഷണിപ്പെടുത്തിയുമൊക്കെ സ്ഥിരം പരിപാടികൾ അരങ്ങേറിയെങ്കിലും രേഷ്‌മയുടെ മനം മാറ്റാനവർക്കായില്ല. പടിയടച്ച് പിണ്ഡം വെച്ചുവെന്ന് പരസ്യമായി പ്രഖ്യാപിച്ച രേഷ്‌മയുടെ രക്ഷിതാക്കളും കാരണവന്മാരും പിന്നീട് കുഞ്ഞുണ്ടായപ്പോൾ പോലും ഒന്ന് വന്ന് കാണുകയുണ്ടായില്ല.
വർഷങ്ങളായി സൗദി അറേബ്യയിലെ ഒരു ഷിപ്പിംഗ് കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്ന സ്റ്റീഫൻ ചേട്ടൻറെ അപ്പൻ തോമാച്ചായൻ പ്രവാസ ജീവിതം മതിയാക്കി വരുന്നത് ഈ അടുത്ത കാലത്താണ്.
താരതമ്യേന മൃദുസമീപനമായിരുന്ന സ്റ്റീഫൻ ചേട്ടൻറെ അപ്പനും അമ്മയും ഒരു കുഞ്ഞുണ്ടായിക്കഴിഞ്ഞപ്പോഴേക്കും രേഷ്‌മയെ പൂർണ്ണമായും സ്വന്തം മകളായി സ്വീകരിച്ചു കഴിഞ്ഞിരുന്നു.
ഒരു ചോക്ലറ്റ് എടുത്ത് നുണഞ്ഞപ്പോൾ ഇരുട്ടിലെവിടെയോ പാർത്ഥിവിൻറെ നിഷ്കളങ്കമായ ചിരി തെളിഞ്ഞു.
“ടെറസ്സിൽ നീ എന്തിന് പോയി മോനെ?” ദീനമായ ശബ്ദത്തിൽ ഞാൻ തിരക്കി.
അവനെന്നെ തുറിച്ചു നോക്കി, ക്രമേണ മുഖത്തുനിന്നും ചിരി മാഞ്ഞുതുടങ്ങി…എന്തോ
കണ്ടു ഭയന്നത് പോലെ ഭീഭത്സഭാവം ആ കണ്ണുകളിൽ പഴുത്തു, ഓർക്കാപ്പുറത്തൊരലർച്ചയോടെ പുറകോട്ടേക്ക് മറിഞ്ഞുവീണു!
കട്ടിലിൽ നിന്നും ചാടിയെഴുനേറ്റ ഞാൻ ദൃതിയിൽ മുറിയിലെ വിളക്ക് തെളിച്ചു.
തോന്നിയതാണ്!
നല്ലപോലെ വിയർക്കുന്നുണ്ട്.
അടുത്ത ദിവസം സുമുഖനായ ഒരു ചെറുപ്പക്കാരൻ കോലായിലിരുന്ന് സ്റ്റീഫൻ ചേട്ടനുമായി സംസാരിക്കുന്നത് കണ്ടു. പാർത്ഥിവ് മരിക്കുന്നതിൻറെ തലേന്നും അയാളെ ഞാൻ കണ്ടതായി ഓർക്കുന്നു.
“എടാ ഫാരിസേ, നീയീ ഇഡ്ഡലിയും ചട്ണിയും ആ രേഷ്മേടെ വീട്ടിൽ ചെന്നു കൊണ്ടുകൊടുത്തേ, പാവങ്ങൾ ഒന്നും വെച്ചിട്ടുണ്ടാവില്ല” നോക്കിയിരുന്ന അവസരം അവിചാരിതമായി കൈവന്ന സന്തോഷത്തോടെ ഞാൻ ഭക്ഷണവുമായി അയൽവീട്ടിലേക്ക് ചെന്നു.
“വേണ്ടായിരുന്നു ഫാരിസ്” എൻറെ കയ്യിൽ ടിഫ്ഫിൻ സെറ്റ് കണ്ടപ്പോൾ രേഷ്‌മ പറഞ്ഞു. സ്വരം ഇടറിയിട്ടുണ്ട്, കണ്ണുകളിൽ നിന്നും കരഞ്ഞുകലങ്ങിയ ചുവപ്പ് മാഞ്ഞുപോയിട്ടില്ല.
“അതൊന്നും സാരമില്ല… നിങ്ങൾക്കുള്ള ഉച്ചഭക്ഷണവും ഉമ്മയും രഹ്നയും ചേർന്ന് ഉണ്ടാക്കുന്നുണ്ട്…” പ്രാതൽ ഞാൻ സ്റ്റീഫൻ ചേട്ടനെ ഏൽപ്പിച്ചു.
“വേണ്ട മോനെ, ഞങ്ങൾക്ക് കഴിക്കാനാവത്തില്ല” അമ്മയാണത് പറഞ്ഞത്. നേരിയ നരകൾ വീണ ഇടതൂർന്ന തലമുടിയുള്ള സ്റ്റീഫൻ ചേട്ടൻറെ അമ്മയെ അപൂർവ്വമായേ വെളിയിൽ കണ്ടിട്ടുള്ളൂ.
“ഇത് ബിജു, നിനക്കറിയില്ലേ ഫാരിസേ, എൻറെ അമ്മാവൻറെ മകനാണ്…” രേഷ്മ യുവാവിനെ പരിചയപ്പെടുത്തി.
ഞാൻ സൗഹൃദപരമായ ഒരു പുഞ്ചിരി നൽകി.
” മോൻ പോയതറിഞ്ഞ് ഇവളുടെ വീട്ടിൽ നിന്നും വന്ന ഒരേയൊരു വ്യക്തി ഇവനാണ്…” കനത്ത നിരാശയും വേദനയുമുണ്ട് സ്റ്റീഫൻ ചേട്ടൻറെ ശബ്ദത്തിന്.
അവർ കോലായിലിരുന്ന് സംസാരിച്ചു കൊണ്ടിരിക്കേ ഞാൻ പതുക്കെ അകത്തേക്ക് നടന്ന് സ്റ്റെയർകേസ് വഴി മുകളിലേക്ക് ചെന്നു.
ടെറസ്സ് ഒന്ന് കാണണം.
ഒന്നാം നിലയിലെ നടുമുറിയിൽ നിന്നും ഇടത്തോട്ട് മാറി സിമെൻറ് പാകിയ എട്ടോ പത്തോ പടികൾ മുകളിലേക്ക് പോകുന്നത് ദൃഷ്ടിയിൽ പെട്ടു. ഇത് തന്നെയായിരിക്കണം ടെറസ്സിലേക്കുള്ള വഴി.
നിരാശാജനകമെന്ന് പറയട്ടെ, പരുപരുത്ത സിമെന്റ് പടികൾക്കവസാനം എന്നെ എതിരേറ്റത് അടഞ്ഞുകിടന്ന വാതിലാണ്.
ഉരുണ്ട ഹാൻഡിൽ തിരിച്ച് തള്ളി നോക്കി.
പൂട്ടിയിരിക്കുന്നു.
“ഇതാ താക്കോൽ!”
ഞടുങ്ങിത്തിരിഞ്ഞു നോക്കി!
ചുവന്ന കണ്ണുകളോടെ തോമാച്ചായൻ താക്കോൽ വെച്ച് നീട്ടി.
“ഒന്ന് കാണാൻ വേണ്ടിയാണ്” അകാരണമായൊരു ചിരി വന്നെൻറെ മുഖത്ത് വിളറിവീണു.
തുറന്ന ടെറസ്സിലേക്ക് ഇറങ്ങിയപ്പോൾ തണുത്ത കാറ്റ് വന്ന് മുഖത്ത് പതിച്ചു. ടെറസ്സിൻറെ അഗ്രങ്ങളിൽ പലയിടങ്ങളിലും അതിര് കെട്ടിയിട്ടില്ല, കോൺക്രീറ്റിൽ നിന്നും ഉയർന്നു നിൽക്കുന്ന കറുത്ത ഇരുമ്പ് കമ്പികൾ പണിതീരാത്ത കെട്ടിടങ്ങളിലേത് പോലെ അങ്ങിങ്ങായി കാണാം.
മുൻവശത്തേക്ക് ഞാൻ പതുക്കെ നടന്നു ചെന്നു, പാർത്ഥിവ് കാൽതെറ്റി വീണ ഭാഗത്തെത്തിയപ്പോൾ വല്ലാത്തൊരു തണുപ്പ് എന്നെ ഗ്രസിക്കാൻ തുടങ്ങി. മഴവെള്ളമൊഴുകാനുള്ള ചാലല്ലാതെ യാതൊരു മറയുമില്ലാതെ തുറന്ന സിമെൻറ് പാകിയ ചെരുവിൽ നിന്ന് കൊണ്ട് ഞാൻ താഴേക്ക് നോക്കി.
“അമ്മേ…!” ഒരു നിലവിളി കാതിൽ ചില്ലുകഷണം കണക്കെ കുത്തിക്കീറി!
കൈകൾ രണ്ടും വായുവിൽ വീശിക്കൊണ്ട് താഴേക്ക് വീഴുന്ന പാർത്ഥിവ്! അവൻറെ നോട്ടം എൻറെ കണ്ണുകളിലേക്കാണ്! എന്തോ പറയാനുണ്ടല്ലോ അവന്… എന്താണത്?
“ഇവിടെ വെച്ചാണ് അപകടം പറ്റിയത് അല്ലേ?”
പുറകിൽ ബിജു നിൽക്കുന്നുണ്ടായിരുന്നു, കയ്യിൽ ആവിപറക്കുന്ന ചായയുണ്ട്.
“അതെ” ഞാൻ ശിരസ്സ് കുനിച്ചു. എൻറെ ദുഖാർദ്ദമായ മുഖം കണ്ടിട്ടാവണം അയാൾ ചോദിച്ചു;
“നമ്മൾ സ്നേഹിക്കുന്നവർ പോകുമ്പോഴാണ് നഷ്ടത്തിൻറെയും ഒറ്റപ്പെടലിൻറെയും വേദനയറിയുന്നത് അല്ലേ?”
ഞാൻ ഒന്നും പറഞ്ഞില്ല. പാർത്ഥിവ് വീണ ഭാഗത്ത് ഒന്ന് രണ്ട് കമ്പികൾ കാണാം. അരമതിലോ സ്‌കേർട്ടിങ്ങോ പണിയാനായി ഒഴിച്ചിട്ടിരുന്ന ഭാഗമായിരിക്കാം അത്.
“ചേച്ചിയുടെ അമ്മാവൻറെ മകനാണല്ലേ?” മറ്റൊന്നും ചോദിക്കാനില്ലാത്തത് കൊണ്ട് മാത്രമാണ് ഞാനാ ചോദ്യം ആരാഞ്ഞത്.
“അതെ, മുറച്ചെറുക്കൻ, ചെറുപ്പം മുതൽ പറഞ്ഞുവെച്ചതനുസരിച്ച് അവളെ കെട്ടേണ്ടവൻ ഞാനായിരുന്നു” ബിജു ആവിപറക്കുന്ന ചായക്കപ്പ് ചുണ്ടോടടുപ്പിച്ചു.
വൈദ്യുത തരംഗം എൻറെ നട്ടെല്ലിലൂടെ പാഞ്ഞുപോയി. പതറിപ്പോയ എൻറെ മുഖഭാവം അയാൾ കാണാതിരിക്കാനായി ദൂരേക്ക് നോക്കി.
എവിടെയോ പകയുടെ കനലുകൾ എരിയുന്നുണ്ടോ, ഒരപകടമരണത്തിൻറെ വഴിത്താരകൾ നിഷ്ടൂരമായ കൊലപാതകത്തിലേക്ക് നയിക്കപ്പെടുന്നുണ്ടോ?
സ്വൽപ്പം കൂടി കഴിഞ്ഞപ്പോൾ എൻറെ പുറകിൽ നിന്നും പാദപതനശബ്ദം അകന്നുപോയി. തിരിഞ്ഞു നോക്കിയപ്പോൾ അയാൾ വാതിൽ തുറന്ന് പടികളിറങ്ങിപ്പോകുന്നത് കണ്ടു.
ബിജുവിൻറെ വാക്കുകൾ മരിച്ചുപോയ എന്നിലെ കുറ്റാന്വേഷകനെ പുനരുജ്‌ജീഭവിപ്പിക്കുന്നത് ഓരോ രോമകൂപങ്ങളിലൂടെയും ഞാൻ തിരിച്ചറിഞ്ഞു!
കറുത്ത ഇരുമ്പ് കമ്പിയിലൊന്നിൽ എന്തോ തിളങ്ങുന്നുണ്ടല്ലോ…
സൂക്ഷിച്ചു നോക്കി.
നൈലോൺ നൂലുകൾ!
ടെറസ്സിലെ ഈ കമ്പികളിൽ നൈലോൺ നൂലുകൾ കെട്ടിയതാരാണ്? ഞാൻ മൊബൈൽ ഫോണിൽ അതിൻറെ ഏതാനും ഫോട്ടോകളെടുത്തതിന് ശേഷം ഒരു നൂൽ കഷണം അഴിച്ചെടുത്ത് പാന്റസിന്റെ പോക്കറ്റിലിട്ടു.
രാത്രിയിലുടനീളം ഉണർന്നിരുന്നു. കണ്ണുകളടച്ചപ്പോഴൊക്കെ പാർത്ഥിവ് നിലവിളിച്ചു, ചിലപ്പോഴൊക്കെ പുഞ്ചിരിച്ചു, മറ്റുചിലപ്പോൾ ചോക്ലേറ്റിനാവശ്യപ്പെട്ടു.
ഓർക്കുന്തോറും തികച്ചും ആസൂത്രിതമായ ഒരു കൊലപാതകത്തിൻറെ രുധിരഗന്ധം എൻറെ നാസാരന്ദ്രങ്ങളിലേക്ക് അടിച്ചുകയറാൻ തുടങ്ങി.
തികച്ചും നിസ്സഹായനായ ആ കുട്ടിയെ കൊല്ലാൻ പ്രതികാര വാഞ്ജനയുള്ള ഒരാൾക്കേ പറ്റുകയുള്ളു, ക്രൈം ചെയ്യാനുള്ള മോട്ടിവ് വിരൽ ചൂണ്ടുന്നത് ഒരാളിലേക്ക് മാത്രമാണ് താനും. മുൻപ് സൂചിപ്പിച്ചത് പോലെ അപകടം നടന്നതിൻറെ തലേന്ന് ബിജുവിനെ ആ വീട്ടിൽ ഞാൻ കണ്ടിരുന്നുവെന്നത് നേരാണ്. അയാൾ തിരിച്ചു പോകാതെ ടെറസ്സിൽ ഒളിച്ചിരിക്കുകയാവാം, കുട്ടിയെ എങ്ങിനെയോ ടെറസ്സിലേക്ക് ആകർഷിച്ചു കൊണ്ട് വന്ന് തള്ളിയിട്ടതാവാം!
കുഞ്ഞ് കാൽതെറ്റി വീഴുകയായിരുന്നെങ്കിൽ നെഞ്ചിടിച്ച് കമിഴ്ന്നല്ലേ വീഴേണ്ടിയിരുന്നത്? ടെറസിൻറെ അഗ്രത്തിലുള്ള ഏതോ ആകർഷണബിന്ദുവിലേക്ക് നടന്നു ചെന്നപ്പോൾ കൊലയാളിയുടെ സാമിപ്യമറിഞ്ഞ് തിരിഞ്ഞു നോക്കുകയായിരുന്നോ പാർത്ഥിവ്? ആ നിമിഷം അവനെ അയാൾ തള്ളിയിടുകയായിരുന്നോ? എങ്കിൽ തിരിഞ്ഞു നിൽക്കുമ്പോൾ തള്ളിയിടാനായിരുന്നില്ലേ എളുപ്പം?
ടെറസ്സ് താക്കോലിട്ട് ലോക്ക് ചെയ്യാറുണ്ടല്ലോ? ഇരയെ കാത്തിരിക്കുന്ന വേട്ടമൃഗത്തെ പോലെ ബിജു കതക് തുറന്ന് ടെറസ്സിൽ ഒളിച്ചിരിക്കുകയായിരുന്നോ? എന്തുകൊണ്ട് അത് ആ വീട്ടിലുണ്ടായിരുന്ന മറ്റാരും ശ്രദ്ധിച്ചില്ല?
ഉത്തരമില്ലാത്ത ഒരുനൂറ് ചോദ്യങ്ങൾക്ക് നടുവിൽ ഇതികർത്തവ്യഥാ മൂഢനായി നിന്നു ഞാൻ. അപായസൂചനകളുടെ സ്ഫുലിംഗങ്ങൾ പൊട്ടിത്തെറിക്കുന്നു. ചിന്തകൾക്ക് തീപിടിക്കുന്നു.
കാലത്ത് തന്നെ ഞാൻ രേഷ്‌മയുടെ തറവാട്ടിലേക്ക് ബൈക്കോടിച്ചു ചെന്നു. സ്റ്റീഫൻ ചേട്ടൻ പറഞ്ഞുതന്ന വഴിയിലൂടെയാണ് പോയതെങ്കിലും പലയിടങ്ങളിലും നിർത്തി ചോദിക്കേണ്ടി വന്നു.
ഗ്രാമത്തിലെ വായനശാലയ്ക്കും ചായക്കടയ്ക്കും സമീപം, തേടിച്ചെന്നയാളെ കണ്ടെത്തി.
ഒരു സിഗരറ്റ് പുകച്ചുകൊണ്ടു നിൽക്കുകയായിരുന്ന ബിജു ഞാൻ അടുത്തെത്തിയപ്പോഴാണ് തിരിച്ചറിഞ്ഞത്.
“താങ്കൾക്ക് വീട്ടുകാരുമായി സംസാരിച്ച് രേഷ്‌മയുമായുള്ള പ്രശ്നങ്ങൾക്ക് ഒരു പരിഹാരം കണ്ടെത്തിക്കൂടേ? ഇങ്ങനെയൊരവസരത്തിലല്ലേ എല്ലാവരും ഒന്നിച്ചു നിൽക്കേണ്ടത്? അമ്മയും അച്ഛനുമൊക്കെ കൂടെയുണ്ടായിരുന്നെങ്കിൽ എന്തൊരാശ്വാസമായേനെ ചേച്ചിക്ക്?” ചായക്കടയിൽ നിന്നും ഓരോ പഴംപൊരിയും ചായയും കഴിച്ചുകൊണ്ടിരിക്കെ ഞാൻ ചോദിച്ചു.
“ഇത് പറയാനാണോ ഈ ദൂരമത്രയും താൻ ബൈക്കോടിച്ചു വന്നത്?” ബിജു പുഞ്ചിരിച്ചു.
“അതെ, ആ കുടുംബം ആകെ തകർന്നിരിക്കുകയാണ്… കണ്ടപ്പോൾ സങ്കടം തോന്നി” ദഹിക്കാത്ത ചിന്ത പോലെ പഴംപൊരിയിൽ നിന്നും വേവാത്ത ഒരു ഭാഗം അടർത്തിയെടുത്തു ദൂരേക്ക് കളഞ്ഞു.
“ഞങ്ങളുടെ തറവാട്ട് മഹത്വം ഫാരിസിന് അറിയാത്തത് കൊണ്ടാണ്, രേഷ്‌മ അങ്ങനെയൊരു വീട്ടിലേക്ക്, അതും വ്യത്യസ്ത മതക്കാരായ കുടുംബത്തിലേക്ക് പോകേണ്ടവളേ അല്ലായിരുന്നു…”
ഞാൻ തന്ത്രപൂർവ്വം മൊബൈൽ ഫോണിലെ വോയിസ് റെക്കോർഡർ ഓൺ ചെയ്തു.
“തീർച്ചയായും അതെ… ബിജുവായിരുന്നു രേഷ്മയ്ക്ക് എന്തുകൊണ്ടും യോഗ്യൻ…” അതീവസൂക്ഷ്മതയോടെ വാക്കുകളിൽ ഇരകോർത്ത് ഞാൻ കാത്തിരുന്നു.
“സ്റ്റീഫൻറെ അപ്പൻ, കുഞ്ഞിനെ മാമോദീസ മുക്കാൻ എത്രയേറെ നിർബന്ധിച്ചതാണ്, ഇടവകയിലെ അച്ഛനും കൂട്ടക്കാരും പറഞ്ഞതല്ലേ, സ്റ്റീഫൻ അതിന് നിന്നില്ല, മകനെ മതമില്ലാതെ വളർത്തുമെന്ന് കട്ടായം പറഞ്ഞു. എന്നിട്ട് പേരിട്ടതോ, പാർത്ഥിവ്. അവനറിയാം മതം മാറ്റിയാൽ ഞങ്ങളുടെ തറവാട്ട് പേര് കൂടെ ചേർക്കാനാവില്ലെന്ന്… ആ ഡിപ്രഷനടിച്ചു നടക്കുന്ന കിളവനുണ്ടോ ഞങ്ങളുടെ പ്രശസ്തിയും പ്രതാപവും അറിയുന്നു?”
“ഡിപ്രഷനോ? ആരുടെ കാര്യമാണ് പറയുന്നത്?”.
“തോമാച്ചായനല്ലാതെ മറ്റാരാണ്… ഗൾഫീന്ന് വന്ന കാലം തൊട്ട് ഡിപ്രഷനും, ആങ്ക്സൈറ്റിക്കുമുള്ള മരുന്ന് കഴിക്കുന്നതല്ലേ? ഈ കാലമത്രയും സൗദി അറേബ്യയിൽ തനിച്ചു ജീവിച്ച അങ്ങേർക്ക് ഒച്ചയും ബഹളവുമൊന്നും ഇഷ്ടമല്ല…കൊല്ലത്തിലൊരിക്കൽ ഒരു മാസം ലീവിന് നാട്ടിൽ വന്നുനിൽക്കുന്നത് പോലല്ല സ്ഥിരതാമസമാക്കുന്നതെന്നറിഞ്ഞപ്പോൾ മുതൽ തുടങ്ങിയതാണ് അങ്ങേരുടെ മാനസിക രോഗം…”
അസമയങ്ങളിലെ അലർച്ചകൾ കശാപ്പുശാലയിലെ ഇറച്ചിവെട്ടും പോലെ എൻറെ മനോമുകുരത്തിലേക്ക് തെറിച്ചു വീണു!
“ആരാണുമ്മാ അത്? മനസ്സമാധാനമായി ഒന്നുറങ്ങാനും സമ്മതിക്കത്തില്ലല്ലോ?” അലോസരത്തോടെ ഞാൻ ചോദിക്കുന്നു.
“അത് നമ്മുടെ സ്റ്റീഫൻറെ അപ്പനാ… ഗൾഫീന്ന് കാൻസൽ ആക്കിവന്നപ്പോഴല്ലേ അറിയുന്നത്, എന്തോ പ്രശ്നമുണ്ടത്രെ… പടച്ച തമ്പുരാൻ കാക്കട്ടെ, നമ്മളായിട്ട് ആരോടും ഒന്നും പറയാൻ പോവണ്ട കേട്ടല്ലോ…”
അകാരണമായി എൻറെ കണ്ണുകൾ നിറഞ്ഞു. തൊണ്ടക്കുഴിയിൽ ഒരു വിങ്ങൽ കുടുങ്ങി.
ബിജുവിനോട് യാത്രപോലും പറയാതെ ബൈക്ക് സ്റ്റാർട്ട് ചെയ്ത് തിരിച്ചു.
സ്റ്റീഫൻ ചേട്ടൻറെ വീട്ടിൽ വിളക്ക് തെളിഞ്ഞിട്ടില്ല.
“ഫാരിസാന്നോ?”
ഞാൻ മുറ്റത്തേക്ക് ചെന്നപ്പോൾ കോലായിൽ ഇരിക്കുകയായിരുന്ന അമ്മ എഴുനേറ്റു.
“എന്താ വിളക്ക് തെളിക്കാത്തത്?” ഞാൻ പുഞ്ചിരിക്കാൻ ശ്രമിച്ചു.
“വീടിൻറെ വിളക്കല്ലേ മോനെ അണഞ്ഞുപോയത്… ഓരോന്നാലോചിച്ചിരുന്ന് നേരം പോയതറിഞ്ഞില്ല…” അവർ സ്വിച്ചമർത്തിയപ്പോൾ ട്യൂബ് ലൈറ്റുകൾ മിഴികൾ തുറന്നു.
“സ്റ്റീഫൻചേട്ടനും രേഷ്മയുമെവിടെ?”
“ഏതോ ജ്യോത്സ്യനെ കാണാൻ പോയിരിക്കുവാ…ഇപ്പൊ ഇങ്ങെത്തും…”
“തോമാച്ചായനില്ലേ?”
“അങ്ങേരകത്തുണ്ട്… മോന് ചായയെടുക്കട്ടെ?”
അമ്മ അടുക്കളയിലേക്ക് പോയപ്പോൾ പതുക്കെ ചുവടുകൾ വെച്ചുകൊണ്ട് ഞാൻ അകത്തേക്ക് ചെന്നു.
ഒരിടമുറിയിൽ പുറംതിരിഞ്ഞിരുന്നു കൊണ്ട് ഇരുമ്പ് പെട്ടിയിൽ എന്തോ തിരയുകയാണ് തോമാച്ചായൻ.
“കുട്ടികൾ ബഹളമുണ്ടാക്കുന്നത് തോമാച്ചായന് വലിയ ശല്ല്യമാണല്ലേ?”
അയാൾ ഞടുങ്ങിത്തിരിഞ്ഞു നോക്കി. ചുവന്ന ഞരമ്പുകൾ പിടയ്ക്കുന്ന കണ്ണുകളിൽ വ്യാകുലത പുകമൂടുന്നു.
ഇരുമ്പ് പെട്ടിയിലെ നിറങ്ങളിൽ എൻറെ കണ്ണുകളുടക്കി. പൊട്ടിയ ഏതാനും ബലൂണുകളുടെ റബ്ബർ തുണ്ടുകൾ!
ഞാൻ പോക്കറ്റിൽ നിന്നും നൈലോൺ നൂല് പുറത്തെടുത്തു.
“ടെറസ്സിലെ ഇരുമ്പുകമ്പിയിൽ ബലൂണുകൾ കെട്ടി, കൊച്ചിനെ അതഴിച്ചുകൊണ്ടുവരാൻ പറഞ്ഞയച്ചിട്ട്, തള്ളിയിട്ട് കൊല്ലുകയായിരുന്നു അല്ലേ തോമാച്ചായാ? അല്ലാതെ അവൻ ടെറസ്സിലേക്ക് പോവേണ്ട കാര്യമുണ്ടായിരുന്നില്ലല്ലോ, അതും പുലരാൻനേരത്ത്…, പത്രക്കാരനായിരിക്കണം ദുരന്തം കാണുന്ന ആദ്യത്തെ വ്യക്തിയെന്ന് നിർബന്ധവുമുണ്ടായിരുന്നു അല്ലേ?… ഹൈഡ്രജൻ ബലൂണുകളായത് കാരണം ദൃതിയിൽ അഴിച്ചെടുക്കുമ്പോൾ ചിലത് പറന്നു പോവുകയും ചെയ്തു…” ഒരു കൊലപാതകിയുടെ മുഖത്തേക്കാണ് നോക്കുന്നതെന്ന പൂർണ്ണ വിശ്വാസത്തോടെ ഉറച്ച സ്വരത്തിൽ ഞാൻ പറഞ്ഞു.
“ബഹളം വെക്കുന്ന കൊച്ചുങ്ങളെ മാത്രമല്ല, അനാവശ്യമായി അയൽക്കാരൻറെ സ്വകാര്യതയിൽ ഇടപെടുന്നവന്മാരേയും എനിക്കിഷ്ടമല്ല” എന്നെ സംഭ്രമിപ്പിച്ചു കൊണ്ട് അയാൾ പൊട്ടിച്ചിരിച്ചു! ഒരു നിമിഷം ഞാൻ പതറിപ്പോയി. ചിരിച്ചു ചിരിച്ച് അയാളുടെ കണ്ണുകളിൽ വെള്ളം നിറഞ്ഞു. ആകസ്മികമായാണ് അത് ശ്രദ്ധയിൽ പെട്ടത്, അയാളുടെ കൈകളിൽ നീണ്ട നൈലോൺ നൂലിൻറെ തിളക്കം!
എനിക്ക് പുറകോട്ടേക്ക് മാറാനാവുന്നതിന് മുൻപ് അയാൾ ചാടിവീണുകഴിഞ്ഞിരുന്നു!
എൻറെ കാതിനടുത്ത് വന്ന് തോമാച്ചായൻ വിലപിക്കുന്നത് പോലെ ശബ്ദമുണ്ടാക്കാൻ തുടങ്ങി, പലപ്പോഴും എൻറെ ഉറക്കം കെടുത്തിയിട്ടുള്ള സുപരിചിതമായ ശബ്ദം!
നൈലോൺ നൂല് എൻറെ കഴുത്തിൽ ചുറ്റാനാവുന്നതിന് മുൻപ് ശക്തമായയാളുടെ വൃഷ്ണത്തിൽ കാൽമുട്ട് കൊണ്ടിടിക്കാനായി! അലർച്ച നേർത്ത്, തുറന്ന വായോടെ ചെരിഞ്ഞപ്പോൾ
ത്വരിതഗതിയിൽ ഇരുമ്പ് പെട്ടിയുയർത്തി ശിരസ്സിലൊരു താഡനംകൂടിയേൽപ്പിച്ചു!
ഓടിവന്ന അമ്മയുടെ കയ്യിൽ നിന്നും ചായനിറച്ച കപ്പ് നിലത്തുവീണുടഞ്ഞു.
“ശ്ശ്…” ഞാൻ കിതപ്പോടെ മൊബൈൽ ഫോൺ കയ്യിലെടുത്തു.
“പോലീസ് സ്റ്റേഷനല്ലേ?”
“മോനെ ഇങ്ങേരുപദ്രവിച്ചോ? പോലീസിനെയൊന്നും വിളിക്കേണ്ട മോനെ, ഇങ്ങേർക്കിങ്ങനെ ഇടയ്ക്കുണ്ടാവാറുള്ളതാ…” ഞാൻ കിതപ്പോടെ സംസാരിച്ചുകൊണ്ടിരിക്കേ സ്ത്രീ അപേക്ഷ പോലെ പറഞ്ഞു, അവർ ഭർത്താവിനെ ഇരിക്കാൻ സഹായിക്കുകയായിരുന്നു.
ഇരുട്ടിലെവിടെയോ പാർത്ഥിവ് വന്നു നിന്നു.
ഈ തവണ അവൻ കരഞ്ഞില്ല, എന്നെ തുറിച്ചു നോക്കിക്കൊണ്ട് നിന്നു, പെട്ടെന്ന് ഒരു നിലവിളിയുടെ ഉച്ചസ്ഥായിയിൽ എൻറെ പുറകിലേക്ക് വിരൽ ചൂണ്ടി…
ഞാൻ തിരിഞ്ഞു നോക്കിയതും ഒരിസ്തിരിപ്പെട്ടിയുടെ അരികുവന്നെൻറെ മുഖത്ത് പതിച്ചു! കാഴ്ചയും തലച്ചോറും വിറപ്പിച്ച വീഴ്ചയിൽ ഒരപസ്വപ്നം പോലെ കണ്ടു…
ഭദ്രകാളിയെപ്പോലെ മുടിയഴിച്ചിട്ട് ആർത്തലയ്ക്കുന്ന അമ്മ! തോമാച്ചായൻറെ ഉച്ചത്തിലുള്ള പൊട്ടിച്ചിരി!
നിലത്ത് മുഖമടിച്ചു വീണപ്പോൾ കണ്ണുകൾക്കടുത്ത് കൂടി ചോരവീണൊഴുകുന്നത് കണ്ടു…
മുറ്റത്തൊരു വാഹനം പാഞ്ഞുവന്നു നിൽക്കുന്നു…
വെപ്രാളത്തോടെ എന്നെ ആ ഇടമുറിയിൽ അടച്ചിട്ടിട്ട് ഇരുവരും പുറത്തേക്കിറങ്ങിപ്പോയി…
ഷൂസുകൾ തറയിലമരുന്ന ശബ്ദവും സംസാരവും വെളിയിൽ കേൾക്കാം…
ബോധക്ഷയത്തിൻറെ അജ്ഞാത കവാടത്തിലാണ് ഞാൻ, ഉറങ്ങിവീണുപോയാൽ എൻറെ മരണം പോലും പുറംലോകമറിയാൻ പോകുന്നില്ല!
സകലശക്തിയും സംഭരിച്ചു ഞാൻ എഴുന്നേറ്റുനിന്നു, ശബ്ദമുയർത്താൻ എത്രയേറെ ശ്രമിച്ചിട്ടും കഴിഞ്ഞില്ല, ദീനമായ ഞരക്കം മാത്രം പുറത്തുവന്നു! എന്നെ ഇടിച്ചിട്ട തേപ്പുപെട്ടി രക്തത്തിൽ കിടക്കുന്നത് അപ്പോഴാണ് മങ്ങിയ കാഴ്ചയിലേക്ക് വന്നത്…
തേപ്പുപെട്ടി ഉയർത്തി ഞാൻ കതകിൽ ഇടിച്ചു, ഒരിക്കലല്ല; ഒരുപാട് തവണ, ഭ്രാന്തമായി….
കതക് ചവിട്ടിത്തുറന്ന് അകത്തേക്ക് നോക്കിയ പോലീസുകാരൻറെ മുഖത്തെ ആശ്ചര്യം, പുറകോട്ടേക്ക് വീഴുന്നതിന് മുൻപ് വ്യക്തമായി കണ്ടു…
“സാറേ…നമ്മളെ ഫോൺ ചെയ്ത ആൾ ഇവിടെയുണ്ട്…” അയാൾ ഓടിവന്നെന്നെ എടുത്തുയർത്തി.
ആരൊക്കെയോ വാതിൽക്കലേക്കോടിവരുന്നു…
ആരുടെയൊക്കെയോ അലർച്ചയും സംസാരവും പ്രതിധ്വനിക്കുന്നത് പോലെ തോന്നി… അപ്പോഴും കേട്ടു, തോമാച്ചായൻറെ ഭീതിതമായ അപസ്വരങ്ങൾ! എൻറെ കാഴ്ചകൾ ഇരുട്ടിലേക്ക് മറഞ്ഞുതുടങ്ങുകയായി…
ആ ഇരുട്ടിൽ പാർത്ഥിവ് പുഞ്ചിരിക്കുന്നു… പേടിക്കാനൊന്നുമില്ലെന്ന് കണ്ണുകൾകൊണ്ട് പറയുന്നു.