പൊരിവേനൽച്ചൂടിനാൽ
പൊള്ളിയടർന്ന പാദങ്ങളിൽ
നനഞ്ഞൊട്ടിയ മൺതരികൾ
വിയർപ്പിന്റെ വിലയെത്ര-
ന്നാർത്താർത്തു ചോദിക്കുന്നു..!
എനിക്കതിനുത്തരം ചൊല്ലുവാ-
നാവതില്ലെൻ പ്രിയരെ..
നിൻ പാദങ്ങൾ തിളച്ച
ടാറിനാൽ വേവുമ്പോൾ
അവകാശങ്ങൾക്കായി
ചിതറുന്ന പ്രാണരക്തം ;
തലസ്ഥാനനഗരി നിറയുന്ന
നിങ്ങൾക്കൊപ്പമെൻ
ആത്മാവ് ചേരുന്നു.
ഞാനെന്നുമെൻ സ്വത്വ-
ബോധം തിരയുന്നതും
മണ്ണിടങ്ങളിൽ പതിഞ്ഞ
പിതാമഹർ പൊഴിച്ച
വിയർപ്പും
ഞാനിന്നുമുണ്ണുന്നു.
പുതുപുലരിയുടെ സ്വർണ്ണ-
നാളം പുൽകിയെൻ
നാടുണരുവാൻ..
“അധികാരമേ കൺതുറക്കൂ..”
ദിവ്യ സി ആർ