തുറക്കുംതോറും
അടഞ്ഞുപോകുന്ന
വാതിലുകൾ
സ്വയംപൂട്ടിടുന്നു.
എത്രയടച്ചാലും
തുറന്നുപോകുന്ന
ജനാലകൾ
കൊളുത്തു പറിച്ചെറിയുന്നു.
അകത്തേക്കു
കയറാൻമടിയ്ക്കുന്ന
കാറ്റും വെളിച്ചവും
പേപിടിച്ചു പേടിപ്പിക്കുന്നു.
കത്താൻ മടിയ്ക്കുന്ന
അടുക്കളയുടെ മിടിപ്പ്
തീന്മേശ പൊള്ളിക്കുന്നു.
പ്രകാശം പരത്താത്ത
സന്ധ്യാവിളക്കിൻ വിളർച്ച..
കെട്ട സൂര്യന്റെ
വിരസത്തുടർച്ച …
വസന്തംമറന്ന
ഋതുഘോഷയാത്ര
അമ്മൂമ്മമാത്രം
അന്നുമിന്നും
പിരാന്ത് പറയും,
വിൽപ്പനയ്ക്ക് വെച്ച വീടുമാത്രം
വിലപേശി വാങ്ങരുതെന്ന്.

By ivayana