ഇന്നലെ ഒരു അടുത്ത ബന്ധുവിനെ കാണുവാനും സംസാരിക്കുവാനും ഇടയായി. കുറേ നാളുകൾക്ക് ശേഷം ഞങ്ങൾ കണ്ടുമുട്ടുകയായിരുന്നു. സർക്കാർ സർവ്വീസിൽ വളരെ ഉന്നതമായ നിലയിൽ പ്രവർത്തിക്കുന്ന ഒരാൾ. പക്ഷെ ഏറെ വർഷങ്ങളായി
മാനസികമായി ഞങ്ങൾ വിരുദ്ധ ധ്രുവങ്ങളിൽ ആയിരുന്നു. അദ്ദേഹത്തിന്റെ ചെറുപ്പകാലത്ത് എന്റെ റോൾ മോഡൽ എന്നൊക്കെ പറയാവുന്ന ആളായിരുന്നു. കുട്ടിക്കാലത്ത് ഞാൻ ആരാധനയോടെ നോക്കി കണ്ടിരുന്ന മനുഷ്യൻ . ഒട്ടേറെ ബിരുദങ്ങൾ. നല്ല വായന . ഇടത് സഹയാത്രികൻ. ബാല്യ-കൗമാരങ്ങളിൽ എന്റെ വായനയ്ക്കും വിദ്യാർത്ഥി രാഷ്ട്രീയ പ്രവർത്തനങ്ങൾക്കും സർവ്വ പിന്തുണയും നൽകിയ മനുഷ്യൻ.
അപ്പോഴും എന്റെ തീവ്ര ഇടത് പക്ഷ നിലപാടുകളെ അൽപം മയപ്പെടുത്തണമെന്ന് ഇടയ്ക്കിടെ ഓർമ്മിപ്പിക്കാറുണ്ടായിരുന്നു. ഞാൻ കോളേജ് വിദ്യാഭ്യാസം അവസാനിപ്പിച്ചപ്പോഴേക്കും അദ്ദേഹം PSC എഴുതി സർവ്വീസിൽ കയറിയിരുന്നു.
പിന്നീട് ഞാൻ കണ്ടത് മറ്റൊരാളെയായിരുന്നു. സർവ്വീസിൽ ഉയർന്ന പടവുകൾ കയറുമ്പോഴൊക്കെ അദ്ദേഹത്തിൽ മാറ്റങ്ങൾ വന്നുകൊണ്ടിരുന്നു. ഇടക്കാലത്ത് കുറേ നാൾ കണ്ടാൽ പോലും ചിരിക്കാതെയായി. പലരും പറഞ്ഞറിഞ്ഞു അദ്ദേഹം വലത് പക്ഷ രാഷ്ട്രീയത്തിലേക്ക് ചുവട് മാറി എന്നും ബിനാമി പേരിൽ വൻ ബിസിനസ്സുകൾ നടത്തുന്നുണ്ട് എന്നും. എന്റെ ഉള്ളിൽ അപ്പോഴൊക്കെ ഒരു സങ്കടം നിറയുമായിരുന്നു.
വളരെ നാളുകൾ കഴിഞ്ഞ് ഞങ്ങൾ കണ്ടുമുട്ടുമ്പോൾ ഞാൻ നീണ്ട പ്രവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയിരുന്നു. അന്ന് അദ്ദേഹം എന്നോട് സംസാരിക്കാൻ തയ്യാറായി. പക്ഷെ ആ മനുഷ്യന്റെ സംസാരത്തിലുടനീളം നിറഞ്ഞ് നിന്നത് തന്റെ ഭൗതിക നേട്ടങ്ങളും മക്കളുടെ ഉന്നത വിദ്യാഭ്യാസവും പഠന മികവും തന്റെ പുതിയ കാറും വീടും ഒക്കെയായിരുന്നു.
എനിക്ക് വല്ലാതെ ചെടിപ്പനുഭവപ്പെട്ടതിനാൽ സംസാരം അധികം നീട്ടിക്കൊണ്ടുപോകാൻ ഞാൻ താല്പര്യം കാണിച്ചില്ല. പിരിയുന്നതിന് മുൻപായി എന്നെ കുറേ ഉപദേശവും. നീണ്ട കാലത്തെ ഗൾഫ് ജീവിതം അവസാനിപ്പിച്ച് ഓട്ടക്കീശയും 40 kg പുസ്തക ലഗേജുമായി വന്ന എന്നോട് അദ്ദേഹത്തിന് പരമ പുച്ഛം. എന്തെങ്കിലും ബിസിനസ്സ് ചെയ്ത് രക്ഷപ്പെടാൻ നോക്കെടാ എന്ന് അവസാന വട്ട ഉപദേശവും തന്ന് മടങ്ങി.
ഇന്നലെ കാണുമ്പോൾ കഴുത്തിൽ 5 പവനോളം വരുന്ന സ്വർണ്ണമാലയും കയ്യിൽ 3 മോതിരങ്ങളും പുതിയ കാറുമൊക്കെയായി ഒരു അഴകിയ രാവണൻ ഓഫീസർ ലുക്കിൽ. പക്ഷെ psc എഴുതി ഞാൻ സർവ്വീസിൽ കയറി എന്നത് കൊണ്ടു മാത്രം എന്നോട് താല്പര്യത്തോടെ കുറച്ച് സംസാരിക്കാൻ തയ്യാറായി. പതിവ് പൊങ്ങച്ചങ്ങൾ കഴിഞ്ഞ് ഉപദേശം തുടങ്ങി. “എടാ, ഇനിയെങ്കിലും ഒന്ന് നന്നാകാൻ നോക്ക്.
പത്ത് കാശ് സമ്പാദിക്കാൻ നോക്ക്. സൈഡായി എന്തെങ്കിലും ബിസിനസ്സ് ചെയ്യാൻ നോക്ക് .ഈ എഴുത്തും വായനയും രാഷ്ട്രീയവും ഒന്നും നിന്നെ ഒരിടത്തും എത്തിക്കാൻ പോണില്ല. എട്ട് പത്ത് കൊല്ലം ഗൾഫിൽ കിടന്നിട്ടും കുറേ പുസ്തകങ്ങൾ അല്ലാതെ വേറെയെന്താണ് നീ സമ്പാദിച്ചത്.ഈ പാർട്ടിയും സഖാക്കളും ഒക്കെ എന്നും കൂടെ കാണുമെന്ന് നീ വിചാരിക്കരുത്. നമ്മുടെ കയ്യിൽ പണമുണ്ടോ എല്ലാവരും നമ്മുടെ പിന്നാലെ വന്ന് കൊള്ളും, രണ്ട് പിള്ളേർ വലുതായി വരുന്നില്ലേ, ഒന്ന് പെണ്ണല്ലേ. അവളെ കെട്ടിക്കണ്ടെ, പിള്ളേരെ പഠിപ്പിക്കണ്ടേ.” – ഇങ്ങനെ നീണ്ടുപോയി ഉപദേശങ്ങൾ.
പതിവില്ലാത്ത വിധം ക്ഷമയോടെ ഞാൻ എല്ലാം കേട്ടിരുന്നു. അദ്ദേഹം നിർത്തിക്കഴിഞ്ഞപ്പോൾ ഞാൻ ഇത്രമാത്രം മറുപടി പറഞ്ഞു – ” ചേട്ടാ, ഇനി ഇത് പറയാനാണെങ്കിൽ ഈ വഴി വരണ്ട. എനിക്ക് ജീവിക്കാനും പിള്ളേരെ പഠിപ്പിക്കാനും ഉള്ള ശമ്പളം സർക്കാർ എനിക്ക് തരുന്നുണ്ട്. കിട്ടുന്ന ശമ്പളത്തിൽ ഒതുങ്ങി ജീവിക്കാൻ ഞങ്ങൾക്ക് നന്നായി അറിയാം. വലിയ വീടും കാറും ഒന്നും എനിക്ക് ആവശ്യമില്ല. പിന്നെ എന്റെ മകൾ – അവൾ പെണ്ണായല്ല, ആണിനെപ്പോലെ തന്നെ മനുഷ്യജീവിയായി ഈ സമൂഹത്തിൽ വളരും. ആണെന്നും – പെണ്ണെന്നും ഞാൻ വേർതിരിക്കുന്നില്ല, അതിർവരമ്പുകളുമില്ല. അവളെ കെട്ടിച്ച് വിടുക എന്നത് എന്റെ ലക്ഷ്യമേയല്ല.
പിന്നെ പുസ്തകങ്ങൾ – ചേട്ടന് പണം പോലെ എനിക്ക് പ്രധാനമാണ് പുസ്തകങ്ങൾ.അതില്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല. പിന്നെ പാർട്ടി – എനിക്കുറപ്പുണ്ട് – നാളെ എനിക്കെന്തെങ്കിലും സംഭവിച്ചാൽ അവരെ എന്റെ പാർട്ടി സംരക്ഷിക്കും. അത് എന്റെ ഉറച്ച ബോധ്യമാണ്. അതു കൊണ്ട് ഇനി ഇതും പറഞ്ഞ് എന്റടുത്തേക്ക് വരണ്ട.”
ആദ്യമായി മുഖത്ത് നോക്കി ഉറച്ച ശബ്ദത്തിൽ ഞാൻ സംസാരിച്ചത് കൊണ്ടാവണം അദ്ദേഹത്തിന്റെ മുഖം ചുവന്നു, കുറച്ച് നേരം ഒന്നും മിണ്ടാതെ എന്നെ തറപ്പിച്ച് നോക്കി ഇരുന്നു. ഒട്ടും കൂസാതെ ഞാനും. പിന്നെ ഒന്ന് ഇരുത്തി മൂളിയിട്ട് എഴുന്നേറ്റു. എന്നിട്ട് ഒരു പറച്ചിൽ – “നീയൊന്നും ഒരിക്കലും നന്നാകാൻ പോകുന്നില്ലെടാ .അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയും”.
രാത്രിയിൽ കിടക്കുമ്പോൾ ഞാൻ അത് തന്നെ ആലോചിക്കുകയായിരുന്നു. ഒരു മനുഷ്യനെ പണവും അധികാരവുമൊക്കെ എങ്ങനെയൊക്കെയാണ് മാറ്റി മറിക്കുന്നത്. ഒരു മഹാമാരി ചുറ്റിനും നിന്ന് താണ്ഡവമാടുമ്പോഴും പ്രശസ്തരും അപ്രശസ്തരുമായ ഒട്ടേറെ മനുഷ്യജീവികൾ മരിച്ച് വീഴുമ്പോഴും തന്റെ വ്യക്തിഗതമായ നേട്ടങ്ങളെയും ഉന്നതിയേയും കുറിച്ച് സ്വപ്നം കാണാൻ ഒരു മനുഷ്യന് എങ്ങിനെയാണ് സാധിക്കുന്നത്? വേദനിക്കുന്ന മനുഷ്യനെ ചേർത്ത് പിടിക്കാൻ കഴിഞ്ഞില്ലെങ്കിൽ അയാളുടെ പണവും അധികാരവും ജീവിതവുമൊക്കെ കൊണ്ട് എന്തർത്ഥമാണുള്ളത്?
ഞാൻ ഒന്ന് കൂടി മനസ്സിൽ സ്വയം പറഞ്ഞുറപ്പിച്ചു – എനിക്ക് നേട്ടങ്ങളുണ്ടാക്കണ്ട, ഒന്നും നേടണ്ട, നല്ല മനുഷ്യനായി ജീവിച്ചാൽ മാത്രം മതി. എല്ലാ മനുഷ്യരേയും ചേർത്ത് പിടിച്ച് .