ഡിസംബർ നീയൊരു പാവം,ദളങ്ങൾ
കൊഴിയുന്ന പുവുപോലെയാണ്.
വിടർന്നു കൊഴിയുന്ന പൂക്കൾ
സൗരഭ്യം പരത്തിയിതളുകളെല്ലാം
കൊഴിയുന്ന നൊമ്പരപ്പൂക്കൾപോലെ.
വിടപറയുന്ന ധനുമാസരാവുകൾ
മഞ്ഞിൻകണങ്ങളാൽ കുളിരണിയും,
മനസ്സുകൾ മലർമന്ദസ്മിതത്താൽ
കവിതകൾ ചൊല്ലുന്ന സായന്തനങ്ങൾ
പ്രണയവിരഹങ്ങളെ നെഞ്ചിലേറ്റി .
സുന്ദരമായ് വിടർന്നുനിൽക്കുന്ന
പുഷ്പദളങ്ങൾക്കെത്രയഴകെഴും,
പ്രണയത്തിൻ പ്രതീകമാം പനിനീർപ്പൂവും
മനസ്സുകളെ പ്രണയാർദ്രമാക്കുന്നതാം
മുല്ലപ്പൂക്കൾതൻ സുഗന്ധങ്ങളും
എത്രയോ പൂക്കാലങ്ങൾ കണ്ടുണർന്ന
പ്രഭാതങ്ങളുടെ സൗന്ദര്യമെല്ലാം
സ്വന്തമാക്കുന്ന ഡിസംബർ നീയെന്നും,
വിടവാങ്ങലിന്റെ വിങ്ങലുകളിൽ
വിരഹാർദ്രയാകുന്നു , പ്രിയസഖേ ?
സ്വപ്നങ്ങളെത്രയോ കണ്ടുറങ്ങി
മോഹങ്ങളൊത്തിരിയേകി നീയിനി
മോഹഭംഗങ്ങളുമായ് വിടവാങ്ങുമ്പോൾ ,
വിടരാതെ അടരുന്ന പുഷ്പങ്ങൾ പോൽ
വിടർന്നിട്ടും കൊതിതീരാത്ത ദളങ്ങളായ് ,
ഡിസംബർ നീയൊരു വിരഹിണിയാം
പ്രണയനൊമ്പരപ്പൂവുപോലെന്നും,
വിടരാൻ വെമ്പുന്ന പൂമൊട്ടുകൾ ,
അറിയാതെ വിതുമ്പുന്ന കാലത്തിൻ
യവനികയാകുന്ന നിമിഷങ്ങളിൽ.
വർണ്ണസൗന്ദര്യസൗരഭ്യങ്ങൾ വിടരുന്ന
വശ്യമനോഹരിയാണു നീ ഡിസംബർ
മനസ്സിൽ മായാതെ മറയാതെ നീ വീണ്ടും ,
വന്നെത്തും വരെ കൃത്തിരിക്കുകയാണ്
സുന്ദര സുരഭില നിമിഷങ്ങൾക്കായ്
അടരുന്ന ഡിസംബർപ്പൂക്കൾ മനസ്സിൽ
അതിജീവനത്തിന്റെ കഥകളെഴുതിയും
അർത്ഥങ്ങളുടെ കവിത രചിച്ചും
അനന്തമായ യാത്രയാരംഭിക്കുന്നു
അജ്ഞാതമായൊരു വഴിയിലൂടെ.,

Muraly Raghavan

By ivayana