ഒത്തിരിപ്പറഞ്ഞു
തേഞ്ഞുപോയവാക്കുകളെ മൗനംപുരട്ടി ഉപചരിക്കണം…!
ആവർത്തനവിരസമായ വൃത്താന്തങ്ങളേ,
സ്വാഗതോക്തികളുടെധാര വരണ്ടുണങ്ങിയിരിക്കുന്നു…!
കേള്വിയിലേക്കുള്ള
വാതായനങ്ങൾബന്ധിച്ച്
കാഴ്ചകളെ നിരസിച്ച് മഹാധ്യാനത്തിന്റെ
ശൃംഗങ്ങളിലേക്ക് ആരോഹണക്രമത്തിൽ ശാന്തിമന്ത്രങ്ങളുരുക്കഴിക്കാം…!
ഒന്നാം പടവിൽനിന്ന്
ഉയരത്തേക്ക് നോക്കണം….!
ഉച്ചികാണാത്തമേരുവിന്റെ
ഉയരംകണ്ടന്ധാളിച്ച്
തിരിച്ചിറങ്ങി വേണമെങ്കിൽ
പഴയ വ്യർത്ഥശബ്ദങ്ങളുടെ പ്രചാരകനാകാം…!
കൗതുകമറ്റകാഴ്ചകളുടെ
നിറംകെടുന്നതും
പതിയെ ദൃശ്യങ്ങൾ മാഞ്ഞുപോകുന്നതും
ഇരുൾ പടരുന്നതുംകണ്ട്
പുലരികളോട് അമിതാവേശമോ പകലിനോട് അളവറ്റഭ്രമമോ
ഇല്ലാതെ തുടരുക…,
കിതപ്പിൽ എണ്ണംതെറ്റുന്ന ശ്വാസോച്ഛ്വാസങ്ങളെ
ക്കുറിച്ചെന്തിനാണാവലാതി….?
ഉപയോഗക്രമംചിട്ടപ്പെടുത്തിയവൻ അമിതവ്യയം ചെയ്യപ്പെടാനുള്ള എല്ലാപഴുതുകളും അടച്ചുഭദ്രമാക്കിയിട്ടുണ്ട്!
ഇതുവരെ വെറുതെപ്പറഞ്ഞും
കേട്ടും നഷ്ടമായ
മാത്രകളിലേക്ക്
സ്മൃതിയാനത്തിൽ
തുടരുന്നയാത്രയ-
വസാനിക്കുമ്പോൾമുതലാണ് പുനർജന്മത്തിന്റെ
പുതിയ ആടയാഭരണങ്ങളും
കവചവും സ്വായത്തമാകുന്നത്…!
മഹാരവങ്ങളെ മൗനമവലംബിക്കുക…!
വരികയീവഴിയേ….,
ഭയമൊഴിഞ്ഞ
ദിനാരാത്രങ്ങളിലേക്ക്,
അർത്ഥരഹിത
സംഗ്രാമങ്ങളില്ലാത്ത
ഋതുക്കളിലേക്ക്……., ആരോഹണക്രമത്തിലീ
ഗിരിശൃംഗത്തിലേക്ക് …,
ഇതിലേ…, ഇതിലേ…!!!