മുട്ടോളം മുടിയുണ്ടാർന്നു ഉണ്ണീടെമ്മക്ക്
പനങ്കുല പോലടുന്നമുടി കണ്ടു
ദേശക്കാര് ശുണ്ട് കോട്ടും
മുട്ടോളം മുടി മച്ചിലെ ദേവിക്കും
മാങ്കൊത്തെ മങ്കക്കും മാത്രേള്ളൂ .
ഉണ്ണീടെ അമ്മയെ ഉണ്ണി കണ്ടിട്ടില്ല
ഉണ്ണി പിറന്നാണ്ട് പിറന്നപ്പോ ഉണ്ണുമ്പോ
ചോറിൽ മുടി നാരു കണ്ടെന്നു ചൊല്ലി
മുടിക്ക് കുത്തി തറയിലടിച്ചു ഉണ്ണീടെ അപ്ഫൻ
മങ്കമ്മ പണ്ടും മിണ്ടാറില്ല
പിന്നെയൊട്ടു മിണ്ടിയതുമില്ല !
ഉണ്ണീടെ അപ്ഫനാ ശരിയെന്നു ദേശം
ചോറിൽ മുടിയോ !
അശ്രീകരം !
മുടിവീണ ചോറുണ്ടോ തിന്നാനക്കൊണു .
മിണ്ടണ്ടാക്കിയ മുടിനാര് വിരലിൽ ചുറ്റി
പനച്ചോട്ടിൽ മാടി വച്ചുണ്ണി
പിന്നൊരാണ്ടിനു പന നിറയെ പനമുടി പൂത്തു
മോന്തിക്കു മുറ്റത്തു നിക്കുമ്പോ
മങ്കമ്മ ഉണ്ണിയെ കൊണ്ടോയി
പനനൊങ്കിൽ അടച്ചു വച്ചു
ദേശത്തു പിന്നുണ്ണികൾ പിറന്നില്ല
ആണ്ടിനെല്ലാം മുടിയാട്ടി
പനങ്കാട് പിന്നെയും പൂത്തു
ദേശക്കാര് പിന്നെയും ശുണ്ട് കൊട്ടി
മങ്കമ്മടേ ശാപം …..

Nidhin Sivaraman

By ivayana