പണിയെടുത്ത് മെഴുകിയ ശരീരത്തിനൊരു ചായയും സിസറും കൊടുത്ത് ഉന്മേഷപ്പെടുത്തുന്ന കൂലിപ്പണിക്കാരനങ്കിൾ
സൈക്കിൾ ചവിട്ടി വന്ന് ആറ്റിൽ ചാടിത്തിമിർത്ത ശേഷം ഇരുട്ടുകളിലേക്ക് ചീറിമറയുന്ന കുട്ടികളുടെ ഒച്ചകൾ
രാവിലത്തെ ദോശമാവ് ബാക്കിയിരുപ്പുള്ളത് ചുട്ട് കൊടുത്ത് നേരത്തും കാലത്തും അടുക്കള പൂട്ടണമെന്ന് പിറുപിറുത്ത് കൊണ്ട് ലിഫ്ട് കൊടുത്ത അയൽക്കാരിയൊട് ചേർന്നിരിക്കുന്ന തുണിക്കടയിൽ സാരി നൂത്തിടുന്ന ചേച്ചി
ഈശ്വരവിശ്വാസമില്ലാഞ്ഞിട്ടും ജര ബാധിച്ച പേശികളുണർത്താൻ വേണ്ടി മാത്രം ഭർത്താവിനൊപ്പം ദീപാരാധനനേരം അമ്പലത്തിന് മുന്നിൽ വരെ നടന്ന് തൊഴുതതായ് ഭാവിച്ച് തിരിച്ച് വരുന്ന എൽപി സ്കൂൾ ഹെഡ്മിസ്ട്രസ് (റിട്ടയേർഡ്)
ഫസ്റ്റ് ഷൊ കാണാനിറങ്ങി സെക്കൻഡ് ഷൊ കാണാൻ കാത്ത് നിൽക്കുന്ന മത്സരപരീക്ഷാപരിശീലനകേന്ദ്രത്തിലെ അദ്ധ്യാപകൻ
പെട്ടിയോട്ടൊയുടെ പിറകിൽ കുമിഞ്ഞ് കൂടി കിടന്ന് കുലുങ്ങുന്ന ബംഗാളികൾ
ഷാപ്പിൽ നിന്ന് വരുന്നവരും ബാറിൽ നിന്ന് വരുന്നവരും തമ്മിൽ കണ്ട് മുട്ടുന്ന ഇഴവഴികൾ
ബുദ്ധന് മുന്നിൽ തിരി കൊളുത്തി വെച്ച് പിരിയാനൊരുങ്ങുന്ന ഓട്ടൊത്തൊഴിലാളികൾ
തൊഴുത്തിലെത്തി അയവെട്ടാൻ കാത്ത് വയറ് നിറച്ച് പച്ചപ്പുല്ല് തിന്ന് തോട്ടരികിൽ കെട്ടിക്കിടക്കുന്ന പശുക്കൾ
പാതിരാപെട്രോളിംഗിനിറങ്ങുന്ന തെരുവുപട്ടികൾ
ഹൈമാസ്റ്റിന്റെ വെളിച്ചത്തിൽ പകലത്തെക്കാൾ തെളിഞ്ഞ് പാറുന്ന മുക്കിലെ പതാകകൾ
പതിഞ്ഞ പദത്തിൽ ചാഞ്ഞാടി നിൽക്കുന്ന ശവപ്പറമ്പിലെ പുല്ലുകൾ
നിഴലുകളെന്ന നിലയ്ക്ക് തിടം വയ്ക്കുന്ന മാമരക്കൂട്ടങ്ങൾക്ക് മേലെ തെളിയുന്ന പ്രാചീനമായ ഒറ്റനക്ഷത്രം
വേദിയിൽ നിന്നും നിഷ്ക്രമിക്കുന്ന സൂര്യപ്രകാശം കൃതജ്ഞത പറയുന്നതൊടെ ഈ സാംസ്കാരികസായാഹ്നം ഇവിടെ അവസാനിക്കുകയാണ്…