ഭൂമിയെ മോഹിച്ച ഒരു നക്ഷത്രം
തരികളായി അവളിലേക്ക്
ചിതറി വീണിട്ടുണ്ട്.
ഭൂമിയാ വജ്ര ധവളിമയിലേക്ക്
അവളിലെ മുഴുവൻ
സുഗന്ധവും ചേർക്കുന്നുണ്ട്.
അതിനെ വാരിപ്പുണരുന്നുണ്ട്.
ഓരോ രാത്രിയുമൊരു
നിലംതൊടാക്കാടാകുന്നുണ്ട്.
ഓരോ ഇലമടക്കുകളിലുമാ
നക്ഷത്രത്തരികൾ
ആയിരമിതളുകളായി
വീണു തളിർക്കുന്നുണ്ട്
ഭൂമി പൊട്ടിത്തരിച്ച്
പൂത്ത് ചിരിക്കുന്നുണ്ട്.

എണ്ണിത്തീർക്കാവുന്ന
നിമിഷങ്ങൾക്കൊടുവിൽ
ഇരുട്ടു മായുന്ന
ഏതോ ഒരു നിമിഷത്തിൻ്റെ
രൂപാന്തരത്തിലാ
രത്നധൂളികൾ ചെങ്കല്ലു
പോലുറയും.
വിഷാദത്തിൻ്റെ വിത്താവും.
ഉതിരുന്ന രക്തം കൊണ്ട്
മുറിവുകൾക്കെല്ലാം
പുതപ്പ് തുന്നും.
സ്വയം പൊതിഞ്ഞു പിടിക്കും.
ഒടുക്കം നിലം തല്ലി വീഴും.
നിത്യഗ്രീഷ്മത്തിൻ്റെ
നിതാന്ത വേനലിൽ
പൊള്ളിപ്പൊള്ളി
പൊറ്റയെല്ലാം കരിയും.
വറതീയിൽ പൊരിഞ്ഞ്
കരച്ചിലെല്ലാം പിന്നെപ്പിന്നെ
കിലുക്കമായിത്തീരും.
നൂറു നൂറായി നുറുങ്ങിയും
ചതഞ്ഞുമരഞ്ഞും
ഇരുട്ടു വീണ ചെമ്മണ്ണ് പോലെ
സങ്കടക്കുരുവെല്ലാം പൊടിഞ്ഞു തീരും.
ഒരു നക്ഷത്രം
മൺതരിയേക്കാളും
ചെറുതാവുന്നതിൻ്റെ
പൊടിഞ്ഞില്ലാതാവുന്നതിൻ്റെ
ഭൂമിയാവുന്നതിൻ്റെ
വേദനകളിലെല്ലാം
ഭൂമിയുടെ നിറവും
നിനവും കലരും.
ഇപ്പോൾ നോക്കൂ..
കയ്ക്കുന്ന
കാപ്പി മണമായി
തീർന്നിട്ടില്ലേ..
പിച്ചകത്തെയും
പാരിജാതത്തെയും
ഒരു മാത്രയെന്നോ
പിന്തള്ളിയ അന്നത്തെ
ആ അതി സുഗന്ധം..?
ഇനിയല്പം ജലം മതി;
അതൊന്ന് തിളച്ചാൽ മതി.
കട്ടച്ച ചോര അലിയുമ്പോലതിലലിയാം.
ഓർമ്മകളിലെ ആകാശമധുരത്തെ മറന്ന്
നേർത്ത വിഷാദ രുചിയായി അതിൽ കലരാം.
അതിമധുരമായിരുന്ന
ചതഞ്ഞരഞ്ഞ
തിളച്ചു വറ്റിയ,
എന്നിട്ടും കരുപ്പെട്ടി പൊട്ടിയെന്ന്
പിന്നെയും പിന്നെയും മധുരിക്കുന്ന
മറ്റാരോ കൂടി കൂട്ടിന്
ഓർമ്മയിൽ വന്നു വീഴണം.
പുളിച്ചും ഉറഞ്ഞും കട്ടിയായിപ്പോയ
മുലപ്പാലോർമ്മകൾ
കടഞ്ഞുകടഞ്ഞ് നോക്കണം.
നറും വെണ്ണയിൽ നിന്നൊരു
നുള്ള് സൂര്യൻ്റെ ചിരി പോലെ
ഏറ്റവും മീതെ തൂവണം.
ഊതിയാറ്റിയൊരു
മൂളിപ്പാട്ടോടെ
കുടിച്ച് തീർക്കുമ്പോൾ
ഒരതി സുഗന്ധത്തിൻ്റെ
അതി മധുരത്തിൻ്റെ
ആദിമ സ്നേഹത്തിൻ്റെ
കഥയവിടെ തീർന്നു പോകുകയാണ്.
അത്രമേൽ ആർദ്രതയോടെ
ഇത്രമേൽ രുചികരമായി
ഇനിയൊരിക്കലും
കിട്ടാനിടയില്ലാത്ത കാപ്പിയെ
ഓർത്ത് ഒരൊഴിഞ്ഞ കപ്പ്
നിശബ്ദം ബാക്കിയാവുകയാണ്.
(കാപ്പി പുരാണത്തിലവസാനത്തേത്…

By ivayana