വെട്ടിക്കൊലക്കവലകളിന്നു
രാഷ്ട്രീയതട്ടകങ്ങൾ
വിരുദ്ധാശയനെന്നൊറ്റക്കാരണാൽ
നിരായുധനെ വെട്ടിനുറുക്കുവാൻ
നരാധമന് കഞ്ഞിവെച്ചവനെ‐
ന്നാരോപിക്ക;
പട്ടിയെ പേപ്പട്ടിയാക്കാതെ
വെട്ടിവീഴ്ത്തുവത് ന്യായമോ?
പുകമറ സൃഷ്ടിക്ക;പുകയോ?
തീയില്ലാതെയോ?
എന്നാശ്ചര്യം കൂറുക
നുണകളെ നൂറ്റൊന്നാവർത്തിച്ച്
നൂറ്റാണ്ടുകളെക്കബളിപ്പിച്ച്
ചരിത്രസത്യങ്ങളായെഴുതിച്ചേർക്കുക.
അതിന് ന്യായീകരണവാദികളായ്
കൂലിയില്ലാപ്പട്ടാളമുണ്ടാവണം.
അറവുകാരനെ അനുധാവനം ചെയ്യു‐
മാട്ടിൻപറ്റങ്ങൾ! ബലിമൃഗങ്ങൾ!!
പട്ടിണിക്കിട്ടസിംഹത്തിൻ കൂട്ടിലായ്
പട്ടിണിക്കോലനടിമയെ
കടിച്ചുകുതറുവാനിട്ടു പൊട്ടിച്ചിരിക്കും
നിഷാദർക്കും,
ആശ്രിതനെച്ചാവേറാക്കി
രക്തസാക്ഷിത്വമാഘോഷിക്കും
നേതൃനീചരും തമ്മിലെന്തന്തരം?
വർഗ്ഗ‐വർഗ്ഗീയക്കൊലകളേതാകിലും
നിർദ്ദയം വെള്ളപൂശും മാനസിക‐
വിഭ്രാന്തികൾക്ക് ചികിത്സ തേടണം.
ഒരു വാഴ തഴച്ചുവളർന്നൊരു
മുഴുത്തകൊലവെട്ടീടുവാൻ
ചവിട്ടിച്ചതച്ചീടണം കന്നുകൾ
ഉണ്ണികളെന്നെണ്ണി‐
യരുത് ദയാവായ്പൊട്ടുമേ!
പലതു ചീഞ്ഞളിഞ്ഞു വേണ്ടയോ
ചിലതു വളമുണ്ടു വീർക്കുവാൻ?
ഭരണകൂടക്കരിഞ്ചന്തയിൽ
മദ്യക്കൊള്ളവില പത്തിരട്ടി
അതിദുഷ്ടമിക്കവർച്ചയിൽ
ഇത്ഥമുരചെയ്വൂ താത്ത്വികാചാര്യൻ!
മദ്യാസക്തി കുറയൂവാൻ വേണം
വിപണനം പകൽക്കൊള്ളയാവണം
ധനികന്റെ ധൂർത്തവിനോദമാം ലഹരി
ഹനിക്കണം കൊള്ളവിലവാങ്ങിയും
ആസ്തിയുള്ളവനെപ്പിഴിയാതെങ്ങിനെ
നാസ്തിയായവനത്താഴമേകിടും!
മാതൃകയാവേണ്ട ഭരണകൂടങ്ങളും
വികേന്ദ്രീകൃതകവർച്ചക്കാരാകുകിൽ
ജനിതകമാറ്റം വന്ന് ജനങ്ങളത്രയും
തനിക്കവർച്ചക്കൂട്ടമായിടും ദൃഢം!
കൊള്ള ധനതത്ത്വമാവുകിൽ
ഉള്ളിലൊരുകാളൽ മനം മന്ത്രിപ്പൂ
തള്ളയെപ്പോൽ പിള്ളൈയുമാവുകിൽ
തസ്ക്കരദേശമായ് മാറില്ലേ ഭാരതം!!

By ivayana