മഹാഭാരതത്തിൽ ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന കഥാപാത്രമാണ് കുരുജ്യേഷ്ഠനായ ദുര്യോധനൻ. തിൻമയുടെ പ്രതിരൂപമായും അധർമ്മിയായും വാഴ്ത്തപ്പെടുമ്പോഴും, വസുദേവകൃഷ്ണനാൽ നയിക്കപ്പെട്ട അജയ്യമായ പാണ്ഡവപ്പടയ്ക്കെതിരെ അവസാനശ്വാസം വരെ പൊരുതി വീരചരമം പ്രാപിച്ച സാക്ഷാൽ അംബികസൂനുതനയൻ..
കുരുപാണ്ഡവൻമാരുടെ ആയുധപരിശീലനക്കളരിയിൽ വച്ച് അർജ്ജുനനെ വെല്ലുവിളിച്ച് തൻറെ അസ്ത്രശസ്ത്രപ്രയോഗവൈദഗ്ധ്യം പ്രകടിപ്പിച്ച കർണ്ണൻ ഭീമസേനനാൽ ജാതീയമായി പരിഹസിക്കപ്പെട്ടപ്പോൾ ദുര്യോധനൻ കർണ്ണനെ അംഗരാജ്യത്തിലെ രാജാവായി അഭിഷേചം ചെയ്ത്.,കർണ്ണൻറെ ആത്മാഭിമാനം വീണ്ടെടുത്ത്.
അതിന് ദുര്യോധനൻ പ്രതിഫലം ഇച്ഛിച്ചത് ചിരകാലസൗഹൃദം മാത്രമായിരുന്നു.ധർമ്മാധർമ്മവിവേചനം അറിയുന്നവനും പണ്ഡിതനുമായ ദുര്യോധനരാജാവ് അവസാന യുദ്ധത്തിൽ ശ്രീ കൃഷ്ണൻറെ ചതിയിൽപ്പെട്ട്, ഭീമസേനൻറെ ഗദാതാഡനമേറ്റ് മരണത്തോട് മല്ലടിച്ച് കിടക്കുമ്പോഴും സഹോദരൻമാരും ഭർത്താവും നഷ്ടപ്പെട്ടുപോയ ദുശ്ശളയെക്കുറിച്ചോർത്തും അന്ധനായ പിതാവിനെ കുറിച്ചോർത്തും സ്വയം അന്ധത്വം വരിച്ച മാതാവിനെ കുറിച്ചോർത്തും വേദനിക്കുന്നു.
ജീവനറ്റ് പോകുന്നതിന് മുമ്പ് തന്നെ സന്ദർശിക്കാനെത്തിയ കൃപകൃതവർമ്മാശ്വത്ഥാമാക്കളോട് ദുര്യോധനൻ പറഞ്ഞത് ഭീമസേനൻ ധർമ്മയുദ്ധത്തിലല്ല എന്നെ വീഴ്ത്തിയത്, ചതിച്ചിട്ടാണ്. ഇതെൻറെ മാതാപിതാക്കളെയും സ്വജനങ്ങളെയും അറിയിക്കണം എന്നാണ്.ശ്രീ കൃഷ്ണൻറെ പ്രഭാവം അറിയുന്നവനെങ്കിലും, ശ്രീ കൃഷ്ണനാൽ നയിക്കപ്പെടുന്ന പാണ്ഡവപ്പടയോട് ചെറുത്ത് നില്ക്കാൻ ദുര്യോധനൻ കാണിച്ച് ചങ്കൂറ്റം ഒന്നുമാത്രം മതി ദുര്യോധന രാജാവിൻറെ മഹത്വം തിരിച്ചറിയാൻ..
ശ്രീ കൃഷ്ണൻറെയും ധർമ്മപുത്രരടക്കമുള്ള പാണ്ഡവരുടെയും ഉപജാപങ്ങളുടെ ഫലമായി ദ്രോണരും,ഭീഷ്മരും,ജയദ്രഥനും,കർണ്ണനും നിലംപതിക്കുമ്പോഴും ദുര്യോധനരാജാവ് പതറിയില്ല. ഒടുവിൽ ഭീമസേനനെ നേരിടാൻ ആ ബലഭദ്രരാമശിഷ്യൻ കവചവും ഗദയും ധരിച്ച് പടക്കളത്തിലേക്കിറങ്ങുന്നു.
ശ്രീ കൃഷ്ണൻ എന്ന ഉപജാപക സൂത്രധാരൻ ഇല്ലായിരുന്നെങ്കിൽ കുരുക്ഷേത്ര യുദ്ധത്തിൻറെ ഗതി തന്നെ മറ്റൊരു വിധത്തിലാകുമായിരുന്നു.”ധർമ്മസ്യ തത്വം നിഹിതം ഗുഹായാം”-ധർമ്മത്തിൻറെ തത്വം എവിടെയോ പൂഴ്ത്തപ്പെട്ടിരിക്കുന്നു..എന്ന് മഹാഭാരതത്തിൽ പറയുന്നത് പോലെ തന്നെയാണ് ദുര്യോധന രാജാവിൻറെ ജീവിതം.
വിനോദ്. വി. ദേവ്.