അവയവങ്ങൾ അഭിമാനികളാണ്,
നന്ദിയുള്ളവരും.
എല്ലാവരാലും
ഉപേക്ഷിക്കപ്പെട്ടയാളെ
അവ പരിചരിക്കുന്നതു
കാണുമ്പോൾ
അങ്ങനെ തോന്നുന്നു.
തലയ്ക്കുനേരെ വരുന്ന
ഓരോ അടിയും താങ്ങാൻ
കൈകൾ പേടികൂടാതെ
മുന്നോട്ട് വരുന്നു.
മുട്ടൻ തെറി വിളിച്ചശേഷം
പേടിയില്ലാതുറങ്ങുന്ന നാവിനെ
കോട്ടയായി നിന്ന് കാക്കാൻ
പല്ലുകൾക്കറിയാം.
സൂര്യന്‍റെ അമ്പുകൾക്കു നേരെ
വലിഞ്ഞടയുന്നതില്‍നിന്ന്
കൺപോളകളെ
ആർക്ക് തടയാനാകും?
മുറിവിലൂതുന്നതിന്‍റെ തളർച്ചയെ
ചുണ്ടുകൾ
പുഞ്ചിരി കൊണ്ട് മറയ്ക്കുന്നു.
വഴുക്കുന്ന വലതുകാലിന്
ഇടതുകാൽ താങ്ങാവുന്ന
കാലത്തോളം,
പുറത്തെ ചൊറിപ്പാടിലേക്ക്
നീണ്ടെത്താൻ വിരലുകൾ
ധൃതിപ്പെടുന്ന നിമിഷംവരേക്കും,
എല്ലാം മറന്നുള്ള ഉറക്കിനൊപ്പം
തലയിണയായി
പാവം കൈത്തണ്ടയുമുറങ്ങുന്ന
കാഴ്ച അവസാനിക്കാത്ത
കാലത്തോളം ,
ആർക്കു പറയാനാകും
അയാൾക്കാരുമില്ലെന്ന്?
എന്നാൽ,
അവയവങ്ങൾക്ക്
അയാളോടുള്ള മമത
ശരിക്കുമറിയുക
മരിക്കുമ്പോഴാണ്.
ആ നിമിഷം
അയാൾക്കൊപ്പം
നിശ്ചലമാകാനുള്ള
അവയുടെ ദൃഢനിശ്ചയത്തെ
ഇളക്കാൻ
നിങ്ങളുടെ അധികബലം
പോരാതെ വന്നേക്കും.

(Mohanan Pc Payyappilly)

By ivayana