വർഷം 2010, എറണാകുളം ജില്ലാ പ്ലാനിങ് ഓഫീസിൽ ജനകീയാസൂത്രണത്തിന്റെ ഫയലുകൾ കൈകാര്യം ചെയ്യുന്ന റിസർച്ച് ഓഫീസറായി ജോലി നോക്കുന്ന കാലം. കിഴക്കമ്പലം ഗ്രാമ പഞ്ചായത്തിന്റെ എല്ലാമെല്ലാമായി എറണാകുളം കളക്ടറേറ്റിൽ നിറഞ്ഞു നിന്നിരുന്നത് ഏലിയാസ് കാരിപ്ര എന്ന കോൺഗ്രെസ്സുകാരനായ പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്നു.
പത്തുവർഷം കഴിഞ്ഞ് ഇപ്പോൾ കാരിപ്രയെ കുറിച്ച് അന്വേഷിച്ചപ്പോൾ ഒരു കിഴക്കമ്പലത്തുകാരൻ പറഞ്ഞത് കാരിപ്രയെ പറ്റി ഇപ്പോൾ അങ്ങനെ ഒന്നും കേൾക്കുന്നില്ലല്ലോ എന്നാണ്.ഏലിയാസിനെ പോലെ നിർജീവരായി പോയ നിരവധി രാഷ്ട്രീയ പ്രവർത്തകരുടെ പ്രദേശം കൂടിയാണിന്ന് കിഴക്കമ്പലം.
മുൻകാലങ്ങളിൽ കോൺഗ്രസിനും സിപിഎമ്മിനും പ്രവർത്തിച്ചിരുന്ന പല നേതാക്കളും ഇപ്പോൾ ട്വന്റി20 എന്ന പ്രസ്ഥാനത്തിനു വേണ്ടി സജീവമായി ‘പണിയെടുക്കുന്നവരാണ്’. വാർഡ് മെമ്പർക്കും, പഞ്ചായത്ത് പ്രസിഡന്റിനും നിലവിലുള്ള സർക്കാർ ഹോണറേറിയത്തിന് പുറമെ കമ്പനി ശമ്പളം കൊടുക്കുന്നുണ്ട്.
ഓരോ വാർഡിലും നിർത്തുന്ന സ്ഥാനാർഥി ഏറ്റവും ജനകീയനും, പൊതു പ്രശ്നങ്ങളിൽ ഇടപെടുന്നയാളും എന്നതിനേക്കാൾ മുതലാളിയോട് കൂറു പുലർത്തുക എന്നതാണ് മുഖ്യം.ട്വന്റി ട്വന്റി ക്കെതിരെയുള്ള വിമർശനങ്ങൾ ഫേസ്ബുക്കിൽ മാത്രമേ പരിമിതമായെങ്കിലും കാണുന്നുള്ളൂ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഗ്രൗണ്ട് ലെവലിൽ ഇരു മുന്നണികളും ഏറ്റവും കുറച്ചു തെരഞ്ഞെടുപ്പ് പ്രചരണം നടത്തിയ കേരളത്തിലെ പ്രദേശങ്ങളിലൊന്ന് കിഴക്കമ്പലം ആയിരുന്നു.
മുഖ്യ രാഷ്ട്രീയ പാർട്ടിയുടെ സമുന്നത നേതാക്കളൊന്നും ട്വന്റി ട്വന്റി ക്കെതിരെ തുറന്ന നിലപാട് എടുക്കുന്നേയില്ല. പിന്നെന്തിനാണ് ഊരു വിലക്കും, ‘കാർഡ് കട്ട്’ ചെയ്യലും തലക്ക് മീതെ തൂങ്ങി കിടക്കുന്ന പാവപ്പെട്ട മണ്ഡലം പ്രസിഡന്റും, ലോക്കൽ സെക്രട്ടറിയും എതിർപ്പ് പ്രകടിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നത്. ട്വന്റി ട്വന്റി ക്ക് ഭരിക്കാൻ ഇപ്പോൾ നാല് ഗ്രാമ പഞ്ചായത്തുകളുണ്ട്, സമീപ പഞ്ചായത്തായ വെങ്ങോലയിലേക്കും അവർ പ്രവേശിച്ചിട്ടുണ്ട്.
ട്വന്റി ട്വന്റി പരീക്ഷണങ്ങൾക്ക് കുറച്ചെങ്കിലും പരസ്യമായ പിന്തുണ നൽകുന്നത് സംഘ പരിവാർ സംഘടനകളാണെങ്കിലും എല്ലാ രാഷ്ട്രീയ പാർട്ടികളും,അവരുടെ നേതാക്കളും മനസ്സ് കൊണ്ട് ട്വന്റി ട്വന്റി ക്കൊപ്പമാണെന്നത് പരസ്യമായ രഹസ്യമാണ്. ട്വന്റി ട്വന്റി ക്കെതിരായ അതി ശക്തമായ നിലപാടുകൾ സ്വീകരിക്കുകയും, പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തിരുന്ന ഞാനറിയുന്ന ഉന്നതനായ ഒരേ ഒരു രാഷ്ട്രീയ നേതാവ് ചാലക്കുടി എം പി ബെന്നി ബെഹനാൻ മാത്രമാണ്.
കേരളത്തിന്റെ കോൺഗ്രസ് രാഷ്ട്രീയത്തിൽ അതി ശക്തനായി നില കൊണ്ട യു ഡി എഫ് കൺവീനർ ആയിരുന്ന, പല തിരിച്ചടികളെയും നേരിട്ട ബെന്നി ബെഹനാന് പോലും പാർട്ടിക്കകത്തു നിന്നു തന്നെ തിരിച്ചടി നൽകാൻ ശക്തമാണ് ട്വന്റി ട്വന്റി എന്നു പറയുമ്പോൾ എന്താണ് മനസ്സിലാക്കേണ്ടത്. കേരളത്തിലും അംബാനിയും അദാനിയുമുണ്ട് എന്ന് തന്നെ.
ഏതായാലും ഒരു കാര്യം രസകരമാണ്,കേരളത്തിൽ പിണറായി സഖാവ് ദൈവമാണെന്നും, ഉമ്മൻചാണ്ടി സാർ ദൈവമാണെന്നും പറയുന്നവരുടെ എണ്ണത്തെക്കാൾ ഒരുപാട് കൂടുതലാണ് സാബു സാർ ദൈവമാണ് എന്നു പറയുന്നവർ. അചഞ്ചലമായ യജമാന ഭക്തിയും, മുതലാളിയുടെ കൃപാ കടാക്ഷവും ഇതാണവരുടെ മെയിൻ.
(രജിത് ലീല രവീന്ദ്രൻ)