ഏതോ വിഷാദത്തിലാണ്ടിരിപ്പാണവൾ
ഏകാന്ത സ്വപ്നതീരം തേടും പെണ്ണവൾ
തപ്ത മനസ്സുമായ് മീട്ടുന്ന രാഗത്തിൽ
ഏഴല്ലെഴുപതുരാഗഭാവങ്ങളോ …!
മാമയിൽച്ചേലുള്ള പൈങ്കിളിയായവൾ
രാഗാദ്രമാനസയായിരുന്നിന്നലെ –
രാ വെളുക്കും വരെ രോമാഞ്ചം കൊണ്ടവൾ
രാക്കിളിപ്പാട്ടിലെ ഈരടി മൂളിയോൾ
മേഘനാദത്തിന്നകമ്പടിയോടെയാ
വാർമഴവില്ലൊന്നു വാനിലുദിക്കവേ
പൂഞ്ചിറകേറെ മിനുക്കിയൊരുക്കിയാ
പൂത്ത കിനാക്കൾക്കു പൂമെത്ത തീർത്തവൾ
പുലർകാല വേളയിൽ പുതുമണവാട്ടി പോൽ
പൂമാനവും നോക്കി പുഞ്ചിരി പൂണ്ടവൾ
ചാമരം വീശുന്ന ചേലൊത്ത പീലിയാൽ
ചേതോഹര ദൃശ്യവിസ്മയം തീർത്തവൾ –
സന്ധ്യാംബരം പോലെ ഏഴഴകൊത്തവൾ
സാമ്യസംഗീത സങ്കൽപ്പമായ് നിന്നവൾ
പീലിച്ചിറകുവിരിച്ചവൾ നർത്തന
മാടുവാൻ കാലിൽ ചിലങ്കയണിഞ്ഞവൾ:
രാഗം മറക്കാതെ, താളം പിഴയ്ക്കാതെ
ഭാവനാലോലം ചുവടുകൾ വെച്ചവൾ
വാർമുകിൽത്തേരിൽ കരേറി ഗമിക്കുവാൻ
വാനോളമാഗ്രഹമുള്ളിൽ നിറച്ചവൾ.
കാതരയായവൾ ചാതുരിയോടവൾ
കാവ്യങ്ങളേറെച്ചമച്ചിരുന്നോളവൾ
വാർമതിയോടൊത്തു വാസരസ്വപ്നങ്ങ_
ളാവോളമുള്ളിൽ നിറച്ചിരുന്നോളവൾ

🌷🌈🌈🌷🙏🥰
രചന: മാധവിടീച്ചർ,ചാത്തനാത്ത്.

By ivayana