കൊച്ചു കണ്ണൻ ചിരട്ടകൊണ്ടു
മണ്ണപ്പമുണ്ടാക്കി വെച്ചതും
പച്ചിലകളരിഞ്ഞു ചേർത്തൊരു
കൊച്ചു കൂട്ടാനൊഴിച്ചതും
കൊച്ചനുജനോടൊപ്പമായന്ന്
കൊച്ചു പന്തു കളിച്ചതും
കൊച്ചു ചൂരലൊന്നേന്തിവന്നെന്റെ
ടീച്ചറെപ്പോൽ നടിച്ചതും
ഉച്ചവെയിലത്തു നാട്ടുമാവിന്റെ
കൊമ്പിലേറിക്കളിച്ചതും
അച്ഛനിട്ടൊരൂഞ്ഞാലിലാടുവാൻ
ഊഴമിട്ടങ്ങു നിന്നതും
തോട്ടു വെള്ളത്തിലൂളിയിട്ടങ്ങു
കേമരായ് പൊങ്ങി വന്നതും
തോർത്തെടുത്തൊരാ നേർത്ത മീനിനെ
ചേർത്തു കുപ്പിയിലിട്ടതും
ഓർത്തെടുക്കുവാനേറെയുണ്ടൊരാ
ബാല്യകാലത്തിനോർമകൾ
ഭാരമേതുമേ തോളിലേറ്റാത്ത
ഭാഗ്യകാലത്തിനോർമ്മകൾ
നഷ്ടമായൊരെൻ ബാല്യകാലത്തെ
ഇഷ്ടമായിരുന്നെന്നും
കഷ്ടമായത് നഷ്ടമായതെ-
ന്നോർത്തിരിപ്പു ഞാനിന്നും
ഗീത മന്ദസ്മിത 📝