വനയാത്രികന്റെ
ധനവും പ്രാണനും
കൈയ്യൂക്കുകൊണ്ട്
കീഴടക്കിയവനുപേര്
രത്നാകരൻ.
കൊല്ലുന്നവന്റെ പാപത്തിന്
തിന്നുന്നവന് പങ്കില്ലെന്ന
മഹാസത്യം തിരിച്ചറിഞ്ഞ്
‘വെളുപ്പുടുപ്പിലേക്ക് ‘
ചുവടുമാറ്റിയപ്പോൾ
പാപിക്ക് വാല്മീകിയെന്ന് നാമമാറ്റം.!
ഇലപ്പടർപ്പുകൾകളുടെ മറവിൽ
മരക്കൊമ്പിൽ
പ്രണയം പങ്കുവക്കുന്ന
ഇണക്കിളികൾക്കു പേര്
വാഴ്ച.!
കാട്ടുപൊന്തയുടെ മറപറ്റി
ഇണക്കിളികളിലൊന്നിനെ
കൗശലക്കണ്ണാലുന്നംവക്കുന്ന
കാട്ടാളനീതിയുടെ പേര്
വീഴ്ച.!
വാഴ്ചയുടെ വേരറുക്കുന്നത്
നരനായാലും നരിയായാലും
കാലമതിനൊരു
പേരുനൽകിയിട്ടുണ്ട്.
പാപം.
വേടനും പക്ഷിക്കും
പ്രാണൻ സമമാണെന്നിരിക്കേ
ന്യായക്കസർത്തുകൾകൊണ്ട്
പാപമൊരിക്കലും ശുദ്ധീകരിക്കപ്പെടുന്നില്ല.
പാപത്തിന് ശമ്പളം
മരണമാണെങ്കിലും
അതു വിധിക്കേണ്ടത്
പിഴവു പറ്റാത്തവരാണ്.
എന്നിട്ടും…….
ഇണക്കിളികളിലൊന്നിനെ
ശരമെയ്തുവീഴ്ത്തിയ
വേടന്റെ പാപത്തിനെതിരെ
സ്വരമുയർത്തിയവൻ
മഹാനായി.! ‘മാനിഷാദ’.!!!
ചില പാപികളെ
ഉയർത്തിനിർത്തുന്നത്
അകക്കണ്ണടഞ്ഞവരുടെ
സ്വാർത്ഥലക്ഷ്യങ്ങളാണ്.
വിചാരണ ചെയ്യപ്പെടാതെ
ഓരോ വിരലുകളും
വേടനിലേക്കുമാത്രം നീളുമ്പോൾ,
പാപം ഒരുപോലെയാണെന്നറിഞ്ഞിട്ടും
ഒരാൾമാത്രം കുരിശിലേക്ക്.

ചോരനിൽനിന്ന്
മഹാതത്വങ്ങൾ വിളമ്പുന്ന
മുനിജന്മത്തിലേക്ക്
വഴിമാറിയെങ്കിലും….
വഴിയാത്രക്കിടക്ക്
വനാന്തരത്തിനും
പർണ്ണശാലക്കുമിടയിൽ
നീ വലിച്ചെറിഞ്ഞ
പത്നീഹൃദയത്തിന്റെ വിതുമ്പലും
വേദനയുമറിയാൻ
‘മഹാമുനേ’….. അങ്ങിനിയും
ഒരുപാടുകാലം
തപസ്സനുഷ്ഠിക്കേണ്ടിയിരിക്കുന്നു.
നേരറിവിനുള്ള തപസ്സ്.

(പള്ളിയിൽ മണികണ്ഠൻ)

By ivayana