തെരുവിൽ
കൈനീട്ടി
ഒരു നേരത്തെ
ഭക്ഷണം
യാചിക്കുന്നവന്
ആരോ ഓമനപേരു
ചേർത്തുവച്ചു
തെണ്ടി
പെണ്ണിൻ്റെ
സ്നേഹം യാചിച്ചു
ചെന്നവനെ അവളും
ഓമന പേരു ചേർത്തു
വിളിച്ചു
പോടാതെണ്ടി.
പക്ഷേ
വോട്ടുയാചിച്ച്
ചിരിച്ചുനിന്നവനെ
ആരും വിളിച്ചില്ല
തെണ്ടിയെന്ന്
പേര് മാറ്റി പറഞ്ഞു
സ്ഥാനാർത്ഥി
തെണ്ടിയുടെ
പര്യായപദം:
ചാർത്തിവച്ചു
ഒത്തിരി പേർ
യാചിച്ചു വോട്ടിന്.
കരുണയുള്ളവർ
എല്ലാവർക്കും
വീതിച്ചുനല്കി .
അങ്ങനെ കൊടുത്തത്
അസാധുവത്രേ.
അമ്മയുടെ
മുലപാല് തേടിയാണ്
ഞാനാദ്യം
തെണ്ടിയായത്
പിന്നെ ഓരോ കാര്യങ്ങൾക്ക്
തെണ്ടി കൊണ്ടേയിരുന്നു.
ഇപ്പോഴും തുടർക്കഥ
ഓരോരുത്തരും
ഓരോ കാര്യങ്ങൾ
നേടാൻ
യാചിച്ചു കൊണ്ടേയിരിയ്ക്കുന്നു
അതിനയാണ്
തെണ്ടികൾ
തെണ്ടികളെന്ന്
വിളിച്ചു കൊണ്ടേയിരിക്കുന്നത്.
ബിജുകുമാർ.മിതൃമ്മല