ഏതോ കുസൃതിക്കാറ്റ്
ഓടിവന്നെന്നെ വരച്ചിട്ടുപോയതാ….
നിന്നെയും കൂട്ടു്വരച്ചതാ…
ഒരു മഴ വന്ന്,
ഒരു വെയില്‍ വന്ന്,
ഒരുനിലാവ് വന്ന്
നമ്മെ വരച്ചുതീര്‍ത്തതാ……..!
മഴ നമ്മെ
പെയ്യാനും തോരാനും പഠിപ്പിച്ചല്ലൊ..
വെയിലുകള്‍ ചില
ഗൃഹപാഠങ്ങളും ഇട്ടുപോയല്ലൊ…
ഒരു പുഴ വന്ന് നമ്മെ ഒഴുകാന്‍ പഠിപ്പിക്കുന്നു..
ഇനി ഒരു മല വന്ന്
നമ്മെ കയറ്റം ശീലിപ്പിക്കാതിരിക്കില്ല
ഒരു കടല്‍വന്ന്
നമ്മെ ആഴങ്ങള്‍ പരിശീലിപ്പിക്കാതിരിക്കില്ല..
സാക്ഷാൽ ആകാശമാണ് നമുക്ക്
അനന്തതക്ക് ട്യൂഷനെടുക്കുന്നതും…….
കാലത്താലും നിത്യതയാലും
ഇല്ലായ്മപോലെ
അയ്യോ നാം പെരുകുന്നല്ലൊ…
അയ്യോ നാം പെരുകുന്നല്ലൊ
അകലങ്ങളെ കൂട്ടിച്ചേര്‍ത്ത്
ഒരു യാത്ര തുന്നാന്‍
വേഗങ്ങള്‍ പാദങ്ങളെ അഭ്യസിപ്പിക്കുന്നുണ്ട്
ഒരു വിഹായസ്സിനെമുഴുവന്‍
അതിന്റെ ഒറ്റവലയില്‍
കുടുക്കാന്‍ കാഴ്ച കണ്ണുകള്‍ക്ക്
ക്ലാസ്സെടുക്കുന്നുണ്ട്…..
വിശപ്പ് ആഹാരത്തിനായ്
പത്തിവിരിക്കുന്നല്ലൊ…
ആദിയില്‍
നമ്മില്‍നിന്നും അകന്നുപോയവയെ
അത് നമ്മിലേക്ക് വലിച്ചടുപ്പിക്കുന്നതാ…..
പ്രണയത്തിന്റെ തങ്കലിപികളില്‍
ഇണയെ വായിക്കുന്നതും
വിശപ്പിന്റെ വന്യവിളികളില്‍
ഇരയെ ആഹരിക്കുന്നതും
ഒന്നാകലിന്റെ രണ്ടുഭാവങ്ങളെന്നു
അതു നമ്മോടു
പറയാതെ പറയുന്നതാ…..
ഭൂമി ഉയിരെന്ന കവിതനെയ്യുന്നു
മാംസമെന്ന മായ തുന്നിത്തുന്നിപ്പോകുന്നു
രാത്രിവരച്ച് പകല്‍വരച്ച്
ഉണ്മക്കു തിടം വയ്കുന്നു….
ആത്മഗീതങ്ങളല്ല
തനി മാംസഗാനങ്ങള്‍ത്തന്നെ പാടണം
ഒരേ അമ്പിനാല്‍ തുളഞ്ഞ
ഹൃദയങ്ങളാണു നാം….

By ivayana