അഞ്ചപ്പസങ്കല്‍പ്പമായിരമാക്കിനീ
അയ്യായിരങ്ങളെ ഊട്ടിയോനേ
വെറുമൊരു കാലിത്തൊഴുത്തിൽ
പിറന്നവൻ
കുരിശിൽ പിടഞ്ഞവനെന്റെയീശൻ
വൈരിയെപോലും പുണർന്നു സ്നേഹിക്കുവാൻ
ആഹ്വാനമിട്ടവനാരാദ്ധ്യനായകൻ
മാനവജാതിയ്ക്കൊരണയാ വിളക്കായ
കാരുണ്യവാരിധേ പ്രഭചൊരിഞ്ഞീടണേ
ശ്രുതിപാടി വാഴ്ത്തിടാം ഭക്തിയോടെ
ലോകെെ നാഥനാം രാജാധിരാജനെ
പാപിതന്‍ഗേഹമതു പാതാളമാണെന്നു
വേദംതിരുത്തിനീ വരദാനമെന്നപോല്‍
പാപം കഴുകുവാന്‍ ഞാനുണ്ട് കൂടെയെ-
ന്നുള്ളോരു മന്ത്രമതു മാനവര്‍ക്കേകി നീ
കരുണതന്നാഴിയായ് അമ്മയായച്ഛനായ്
അര്‍ത്ഥങ്ങളുള്ളൊരാ കെെനീട്ടി നിന്നവന്‍
നന്മകള്‍ നാടിന്റെ നാരായവേരെന്ന്
നമ്മെ പഠിപ്പിച്ച രാജനാം യേശുവേ
നിന്‍പാദപങ്കജം പൂകുന്നൊരെന്റെയീ
ഉള്ളത്തിനുടമയായ് വാഴേണമെന്നുമേ…

(പിരപ്പൻകോട് സുരേഷ്)

By ivayana