എന്റെ മുതിർന്ന സഹോദരിക്ക് ഒരു പ്രണയം ഉണ്ട് എന്ന് ഞാൻ മനസ്സിലാക്കുന്നത്, ഞാൻ ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ്. എന്നെക്കാൾ പത്തു വയസ്സിനു മുതിർന്നതാണ് വല്യേച്ചി. വിവാഹ ആലോചനകൾ പലതും വന്നെങ്കിലും സ്ത്രീധനം അടക്കമുള്ള കാര്യങ്ങൾ തടസ്സം ആകും. ഓരോ ആലോചന മുടങ്ങുമ്പോളും അമ്മയുടെ കണ്ണുകൾ നിറയുന്നത് ഞാൻ കാണാറുണ്ട്. വല്യേച്ചിക്ക് ഒരു ആശങ്കയും ഇല്ലായിരുന്നു. ഓരോ ആലോചന മുടങ്ങുമ്പോഴും ചേച്ചി ആശ്വസിക്കുന്നു എന്നാണ് എനിക്കു മനസ്സിലായത്. അവർക്ക് ഒരു പ്രണയം ഉണ്ടായിരിക്കുമോ എന്ന് ഞാൻ സംശയിക്കാൻ തുടങ്ങി. സത്യാവസ്ഥ എങ്ങനെ അറിയുമെന്നും, എങ്ങനെ കൈകാര്യം ചെയ്യുമെന്നും എനിക്കു ഒരു ധാരണയും ഇല്ലായിരുന്നു. ഒരു ഒൻപതാം ക്‌ളാസുകാരന് അത്രയൊക്കെ ധാരണ മതിയെന്ന ഒരു പൊതുവിശ്വാസം എന്നിലും ഉണ്ടായിരുന്നു. ക്രിസ്തുമസ് അവധിക്കാലത്ത് അക്കാര്യം നേരിട്ടു ചോദിക്കാൻ ഞാൻ തയ്യാറാകുന്നു.
പോടാ കൊച്ചു തെമ്മാടി, നിന്റെ വേഷം കെട്ടൊന്നും എന്നോട് വേണ്ട എന്ന് വല്യേച്ചി ആദ്യം പ്രതികരിച്ചു. എന്നോട് ഏറെ കോപിച്ചെങ്കിലും, സത്യം അവരുടെ ഉള്ളിലുണ്ടെന്ന് എനിക്കു തോന്നി. പിന്നീടുള്ള ദിവസങ്ങളിലും ഞാൻ ചോദ്യം ആവർത്തിച്ചു. ആദ്യത്തെ കോപം അടങ്ങി, പതുക്കെ ചെറു പുഞ്ചിരി കാണാൻ തുടങ്ങിയപ്പോൾ എന്റെ മനസ്സിൽ ആശങ്കയായി. സത്യം ആണെങ്കിൽ അതിനെ എങ്ങനെ നേരിടും എന്നതായിരുന്നു എന്റെ ഭയം. ഒരു ദിവസം വല്യേച്ചി അവരുടെ പ്രണയത്തേക്കുറിച്ച് തുറന്നു പറഞ്ഞു. കഴിഞ്ഞ ഏറെ വർഷം ആയി അവർ മറ്റാരോടും പറയാത്ത രഹസ്യം ഞാൻ എന്ന കൊച്ചുതെമ്മാടി അറിഞ്ഞിരിക്കുന്നു. സത്യം എന്തെന്ന് അറിഞ്ഞപ്പോൾ ഞാൻ ആകെ ആശയക്കുഴപ്പത്തിലായി. ഇനി എന്താണ് ചെയ്യേണ്ടത് എന്ന് ഒരു പിടിയും കിട്ടുന്നില്ല. അച്ഛൻ അറിഞ്ഞാൽ, ചേട്ടന്മാർ അറിഞ്ഞാൽ, അമ്മാവന്മാർ അറിഞ്ഞാൽ എന്തായിരിക്കും പ്രശ്നങ്ങൾ എന്ന് എനിക്ക് ഊഹിക്കാൻ പോലും സാധിക്കുന്നില്ല. കുറെ ദിവസം ഞാൻ വല്ലാത്ത മാനസിക സമ്മർദ്ദത്തിൽ ആയി. അത് മനസ്സിലാക്കിയിട്ടാകുമോ വല്യേച്ചി എന്നെ ആശ്വസിപ്പിക്കാൻ ശ്രമിച്ചത് എന്ന് എനിക്കറിയില്ല.
നീ പേടിക്കേണ്ട, ഞാൻ ഓടിപ്പോകാനൊന്നും പോകുന്നില്ല, എന്നായിരുന്നു ചേച്ചിയുടെ ആശ്വാസ വാക്കുകൾ. ആ വാക്കുകൾ എന്നെ അശ്വസിപ്പിച്ചില്ലെങ്കിലും, ചേച്ചിയെ വിശ്വസിക്കാൻ ഞാൻ സ്വയം എന്നോട് പറഞ്ഞു.
ഒരു സ്ത്രീ സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിച്ചാൽ അതിനെ വലിയ തെറ്റായി കാണുന്ന ഒരു സമൂഹത്തിൽ, ആ സമൂഹത്തോട് പൊരുത്തപ്പെടുന്ന ഒരു തറവാട്ടിൽ ഉണ്ടാകാവുന്ന ഭൂകമ്പം എന്തായിരിക്കും എന്ന ഭയം എന്നെ അലട്ടുന്നുണ്ടായിരുന്നു.
ചേട്ടന്മാരോട് പറഞ്ഞിട്ട് കാര്യമില്ല എന്ന് തോന്നി. അവരുടെ പ്രതികരണം എങ്ങനെ ആയിരിക്കും എന്ന് ഊഹിക്കാൻ കഴിയുന്നില്ല. അമ്മയോട് പറഞ്ഞിട്ടു കാര്യമില്ല. അമ്മയ്ക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല എന്ന് എനിക്കറിയാം. ഏറെ ആലോചനകൾ എന്റെ ഉള്ളിൽ നടക്കുമ്പോൾ ദിവസങ്ങൾ ഓരോന്നായി കൊഴിഞ്ഞു പോയി. വലിയ ഒഴിവുകാലം വന്നപ്പോൾ, ഇക്കാര്യത്തിൽ കൂടുതൽ ചിന്തയായി. ഒടുവിൽ ഒരു തീരുമാനത്തിൽ എത്തി, അച്ഛനോട് തുറന്നു പറയുക. ഉണ്ടാകാവുന്ന പുകിൽ എന്തായാലും നേരിടുക. ഇനി അച്ഛൻ എന്നെ തല്ലിക്കൊല്ലുന്നെങ്കിൽ അങ്ങനെ ആകട്ടെ എന്നൊക്കെ മനസ്സിൽ പലവട്ടം പറഞ്ഞു. ചേച്ചി ഇക്കാര്യങ്ങൾ മറന്ന പോലെ ജോലിയിലും വീട്ടു കാര്യങ്ങളിലും മുഴുകി. ചേച്ചിയോട് ഒന്നും പറയാതെ, ഒരു ദിവസം അച്ഛനോട് കാര്യം പറയാൻ ഞാൻ ഒരുങ്ങുന്നു. ചേച്ചി വീട്ടിൽ ഇല്ലാത്ത നേരം നോക്കി ഞാൻ അച്ഛന്റെ മുന്നിൽ എത്തുന്നു.
വീട്ടിൽ അന്ന് മേശയും കസേരയും ഇല്ലായിരുന്നു. തറയിൽ പായ വിരിച്ച്, അതിലാണ് ഇരിപ്പും കിടപ്പും. അച്ഛൻ ഏതൊ പുസ്തകം വായിച്ച് ഇരിക്കുകയായിരുന്നു. അമ്മ അടുക്കളയിൽ. അന്ന് മറ്റാരൊക്കെ വീട്ടിൽ ഉണ്ടായിരുന്നു എന്ന് ഞാൻ ഓർക്കുന്നില്ല.
അച്ഛൻ ഇരിക്കുന്ന പായയിൽ ഞാനും ഇരിക്കുന്നു.
അടുക്കളയിലേക്ക് നോക്കാതെ അച്ഛൻ പറയുന്നു, ” പാർവ്വതീ, ഇത്തിരി ചായ, “
മധുരം ഇല്ലാത്ത കട്ടൻ ചായയാണ് അച്ഛന്റെ പ്രധാന പാനീയം.
അച്ഛൻ കൂട്ടിച്ചേർത്തു, ” നമ്മട ബുദ്ധി ജീവിക്കും ഒരെണ്ണം എടുത്തോ. “
ബുദ്ധിയുടെ കാര്യത്തിൽ അന്നും ഞാനൊരു കമ്മി ആയിരുന്നെങ്കിലും, ബുദ്ധി ജീവി എന്നുള്ള പട്ടം ആരോ എനിക്കു ചാർത്തി തന്നിരുന്നു. ആ പരിഹാസത്തെ അന്നും ഇന്നും ഒരു അലങ്കാരം ആക്കാൻ എനിക്കു മടി തോന്നിയിട്ടില്ല. നാണം ഇല്ലാത്തവന് ആസനത്തിൽ ആലു മുളച്ചാലും ആളു മുളച്ചാലും തണൽ അല്ലേ എന്നൊന്നും പരിഹസിക്കരുത്.
അമ്മ ചായ തന്നു. കട്ടൻ ചായ കിട്ടിയാൽ അച്ഛൻ വളരെ സ്വസ്ഥനായിരിക്കും. എപ്പോളെങ്കിലും ഏറെ അസ്വസ്ഥത തോന്നിയാൽ ഒരു കട്ടൻ ചായയിൽ അതിനെ അലിയിച്ചു കളയാൻ അച്ഛൻ സമർത്ഥനായിരുന്നു.
വിഷയം അവതരിപ്പിക്കാൻ മറ്റൊരു സന്ദർഭം ഇല്ല. വിഷയം അവതരിപ്പിച്ചു. എങ്ങനെ തുടങ്ങി എന്നൊന്നും ഓർമയില്ല. ഒരു സ്ഫോടനം പ്രതീക്ഷിച്ചിരിക്കുന്ന എന്നെ നോക്കി അമ്മ ആശങ്കയോടെ നിൽക്കുന്നു. ചെക്കന്റെ പണി ഇപ്പോൾ തീരുമല്ലോ ദൈവമേ, എന്നായിരുന്നു അമ്മയുടെ ആശങ്കയെന്ന് അമ്മയുടെ മുഖത്ത് തെളിഞ്ഞു.
പൊട്ടിത്തെറി ഉണ്ടായില്ല.
അച്ഛൻ പറഞ്ഞു, അവനോടു വന്ന് എന്നോട് സംസാരിക്കാൻ പറയൂ.
അപ്പോൾ അമ്മയുടെ മുഖത്ത് തെളിഞ്ഞ ആശ്വാസം, അത് ഒരിക്കലും മറക്കാൻ സാധിക്കില്ല. അപ്പോളും ആശങ്കൾ വിട്ടു പോയിരുന്നില്ല. അമ്മയാണ് പിന്നീട് വിശേഷങ്ങൾ ചോദിച്ചത്. വിവരങ്ങൾ അറിഞ്ഞ് അമ്മ ആദ്യം പോയത് അമ്മയുടെ സഹോദരന്റെ വീട്ടിലേക്കാണ്.
ഞാൻ ബാലേട്ടനോട് കാര്യങ്ങൾ പറഞ്ഞു അന്നു തന്നെ കത്തെഴുതി. ബാലകൃഷ്ണൻ, അതാണ് ചേച്ചിയുടെ പങ്കാളിയുടെ പേര്. ചേച്ചിയോട് ബാലേട്ടന്റെ വിലാസം ചോദിക്കുമ്പോളാണ് ചേച്ചി കാര്യങ്ങൾ അറിയുന്നത്. അതു കഴിഞ്ഞു അമ്മയുടെ വക ശകാരപ്പെരുമഴ ഉണ്ടായിരുന്നു.
എല്ലാ ശകാരവും കഴിഞ്ഞു എന്റെ കുഞ്ഞിന് നല്ലൊരു ജീവിതം കൊടുക്കണേ എന്ന് പ്രാർത്ഥിക്കുന്ന അമ്മ മനസ്സ് മായുന്നില്ല. അതിനെ വിശദീകരിക്കാനുള്ള വാക്കുകളും എന്റെ ബുദ്ധിയിൽ ഇല്ല.
കത്ത് കിട്ടിയ ബാലേട്ടൻ ഏറെ ദിവസം കഴിയാതെ, ഒരു സുഹൃത്തിനോടൊപ്പം ഞങ്ങളുടെ വീട്ടിലെത്തി അച്ഛനോട് സംസാരിച്ചു. വിവരം അറിഞ്ഞ ബന്ധുക്കൾ ഏറെ സന്തോഷിച്ചു. അച്ഛൻ ബാലേട്ടന്റെ വീട്ടിൽ പോയി അദ്ദേഹത്തിന്റെ കാരണവന്മാരെ കണ്ടു. അവിടെ എന്തു സംഭവിച്ചു എന്നറിയില്ല. അച്ഛൻ വിവാഹം നടത്താൻ തെയ്യാറല്ല എന്നാണ് പറഞ്ഞത്.
വിവരം അറിഞ്ഞ വല്യമ്മാവൻ കലി തുള്ളി, ” പ്രാന്തൻ, ” അച്ഛനോടാണ് വല്യമ്മാവന്റെ കലി. പലരും അച്ഛനെ കുറ്റപ്പെടുത്തി. അമ്മ അച്ഛന്റെ ശത്രുവായി. ചേച്ചിക്കും അച്ഛനോട് അകൽച്ചയായി.
സ്ത്രീ ധനം ആണ് വിഷയം എന്ന് പിന്നീട് ബാലേട്ടന്റെ കത്ത് എനിക്കു കിട്ടിയപ്പോളാണ് മനസ്സിലായത്. കാരണവന്മാർ ആണ് പ്രശ്നം എന്നും മനസ്സിലായി. സ്ത്രീ ധനം കൊടുത്ത് വിവാഹം നടത്തണമെന്ന് ബന്ധുക്കൾ. അച്ഛൻ തെയ്യാറല്ല. ഇപ്പോൾ അച്ഛൻ ഒറ്റയ്ക്കായി. ഞാൻ നിഷ്പക്ഷൻ. ചേച്ചി നിസ്സഹായ. അമ്മ കരഞ്ഞു തീർക്കുന്ന ദിവസങ്ങൾ.
സ്ത്രീ ധനം ബാലേട്ടൻ ചോദിച്ചിട്ടില്ല, ബാലേട്ടന്റെ അമ്മയും ചോദിച്ചില്ല. അച്ഛൻ മരിച്ചിട്ട് വർഷങ്ങളായി. രണ്ടു കൂടപ്പിറപ്പുകൾ. അവരാരും സ്ത്രീ ധനം ഉന്നയിച്ചിട്ടില്ല. കൂട്ടത്തിൽ കൂടിയ ഏതൊ കാരണവർ ആണ് ആ വിഷയം എടുത്തു ഇട്ടത്. ഇക്കാര്യം അച്ഛനെ ബോധ്യപ്പെടുത്തുക എന്റെ ഉത്തരവാദിത്തം ആയി. ഞാനത് നിർവഹിച്ചു. അടിഞ്ഞു കൂടിയ കാർമേഘങ്ങൾ ഒഴിഞ്ഞു പോയി.
അടുത്ത ചിങ്ങത്തിൽ ചേച്ചിയുടെയും ബാലേട്ടന്റെ വിവാഹം കഴിഞ്ഞു. മുപ്പത്തിയഞ്ചു വർഷങ്ങൾ പൂർത്തിയായിരിക്കുന്നു അവരുടെ ജീവിതം. അവരുടെ രണ്ട് മക്കളുടെയും വിവാഹം കഴിഞ്ഞു, അവർ ഇപ്പോൾ രണ്ട് പേരക്കുട്ടികളുടെ അവകാശികളായി യൗവനം ആഘോഷിക്കുന്നു.
അന്ന് എനിക്കു ധൈര്യം തന്ന ഒരു മനുഷ്യൻ ഇന്നില്ല. പരിഷത്ത് സുരേന്ദ്രൻ. സുരേന്ദ്രൻ ചേട്ടൻ പോയിട്ട് ആറു വർഷങ്ങൾ എന്ന് വിനിതേച്ചി ഓർമപ്പെടുത്തിയപ്പോൾ, ഞാൻ ഇതും ഓർത്തു.
ഞാൻ അന്ന് ബാലവേദി പ്രവർത്തകൻ ആണ്. സുരേന്ദ്രൻ ചേട്ടൻ അതിന്റെ സംസ്ഥാന ഭാരവാഹിയും. ജാതിയും മതവും അല്ല, പരസ്പരം മനസ്സിലാക്കാനുള്ള കഴിവാണ് കാര്യമെന്ന് അന്ന് എന്നോട് പറഞ്ഞത് സുരേന്ദ്രൻ ചേട്ടൻ. എന്റെ മാനസിക സമ്മർദ്ദം സ്വയം മനസ്സിലാക്കിയ സുരേന്ദ്രൻ ചേട്ടൻ എന്നോട് കാര്യങ്ങൾ തിരക്കി. വലിയവർ കൈകാര്യം ചെയ്യേണ്ട ഒരു വിഷയത്തിൽ ഇടപെടാൻ ഒരു ഒൻപതാം ക്‌ളാസുകാരന് ധൈര്യം പകർന്നു പിന്നിൽ നിന്ന സുരേന്ദ്രൻ ചേട്ടനാണ് യഥാർത്ഥത്തിൽ ഒരു നല്ല കാര്യത്തിന് ആരും അറിയാതെ നേതൃത്വം വഹിച്ചത്.
ആ കൂടപ്പിറപ്പിന്റെ ഓർമ്മകൾ ഒരിക്കലും മായുന്നില്ല. ഒരു ബാലവേദി പാട്ടുപാടാൻ ഇനി എന്നെങ്കിലും വരുമോ ചേട്ടായീ….