ഒന്ന്
പള്ളിമേടയിൽ
കുർബാനയ്ക്ക് ശേഷം.

………………………………
കുർബാനയ്ക്ക് ശേഷം
അച്ചനെ കാണാനെത്തിയ ഷേർളി
സ്ഥിരം ദുഃഖം തന്നെ ആവർത്തിച്ചു.
ആവർത്തിച്ച് പ്രാർത്ഥിച്ചിട്ടും
ദൈവം ചെവിക്കൊള്ളുന്നില്ല
ജീവിതം വിരസതയുടെ
ഉറവിടമാകുന്നു ഫാദർ.
ആത്മവിശ്വാസത്തിൻമേൽ
നര വന്നു വീഴുന്നു.
ഓ, ജീസസ് എൻ്റെ പ്രാർത്ഥന വെറുതെയാകുമോ…?
എൻ്റെ ഇച്ചായൻ്റെ സ്വപ്നക്കിനാവിൻമേൽ
ഉറുമ്പ് കൂടുകൂട്ടുന്നു.
വട്ടമിട്ടു പറക്കുന്ന കരിങ്കാക്കയുടെ ഒച്ച മാത്രം
ചുവരിലോടുന്ന പല്ലിയുടെ ചിലയും
ഞങ്ങൾക്കിടയിൽ ക്രിസ്തുമസ് സമ്മാനിക്കുന്നു.
മറിയമിന് ദിവ്യ ഗർഭം നല്കിയ ദൈവമേ?
അടുത്ത കരോൾ കാണാൻ
എൻ്റെ കൈയ്യിൽ ഒരു കുഞ്ഞുകൂടി പിറക്കേണമേ?
യുക്തിയെ
ഓർമ്മപ്പെടുത്താൻ മറന്നു പോയ
ദൈവ വിശ്വാസിക്ക് ദൈവത്തിൻ്റെ അദൃശ്യകരമുണ്ടാകുമെന്ന സത്യത്തെ
ഓർമ്മപ്പെടുത്തുന്ന ‘അഭയ’ മനസ്സ്
ദൈവം കൈക്കെണ്ടിരിക്കുന്നു.
രണ്ട്
……..
വിധി കഴിഞ്ഞ് പിരിഞ്ഞവർ
അപ്പവും വീഞ്ഞും കഴിച്ചു കൊണ്ടിരിക്കെ

……………………………………………
ഓർമ്മകൾ
നീണ്ട വർഷങ്ങൾ
കാലത്തെ ചക്കിലാട്ടി രസിച്ചു
ഘനീഭവിച്ച ദുഃഖങ്ങൾ മഴയായ് പിറവി പൂണ്ടു
മുഖം, മുഖത്തോടു ചേർത്തുവെച്ചുറങ്ങി
ഒരശരീരിയും വന്നില്ല
ഭൂമി പിളർന്ന് ഒരു കുഞ്ഞും
ഉണ്ണിയായെത്തിയില്ല.
കാലം വിധിച്ച എകാന്തവാസം
കന്യാമറിയത്തോടുള്ള പ്രാർത്ഥനയിൽ
ഒടുവിൽ ഇത്തവണയും കടന്നു പോയി
തെരുവുവിളക്കുകൾ അണഞ്ഞു.
രാത്രി കുർബാനകൾ പലതു കഴിഞ്ഞു.
ഒടുവിൽ അടിവയറ്റിൽ
ആരോ ചവിട്ടുന്നു
മൂന്ന്
…….
ഇത്തവണ പൂത്തിരി കത്തുമ്പോൾ
ഒരു കുഞ്ഞി കൈയ്യും

…………………….
കുട്ടികളില്ലാത്തവരുടെ ക്രിസ്തുമസ്
അവസാനിക്കുന്നില്ല
അവർ
പൂത്തിരി കത്തിയ്ക്കാൻ
ഉദരത്തിലെ അനക്കത്തിന്
ചെവിയോർക്കുന്നു
കന്യാമറിയമേ?
നീയിത് അറിയുക
അമ്മത്തലോടലിനായ്
ഒരു താരാട്ടും
തൊട്ടിലിലാട്ടത്തിനായ്
ഓരോ ഉണ്ണിയും പിറക്കട്ടെ
പാരിതിൽ അമ്മയെ അറിയാൻ,
കാലിട്ടടിച്ച് ഒരുറവ പിറക്കാൻ,
ദാഹം ഈ വേനലിൽ വറവു കൊയ്യുമ്പോൾ
അമ്മതൻ ദാഹത്തെ
ഉദരത്തിലുണർത്തുക.
ഭൂമിയിൽ പിറക്കാനിരിക്കുന്നവർക്കായ്
കവിയുടെ പ്രാർത്ഥന
പ്രകൃതിയുടെയും.

താഹാ ജമാൽ

By ivayana