അലക്സ് ഹാലെ എന്ന ആഫ്രോ-അമേരിക്കക്കാരൻ സ്വന്തം വേരുകൾ തേടി ക്ലേശകരമായ ഒരു അന്വേഷണം നടത്തി. ഈ അന്വേഷണത്തിന്റെ അവസാനം ഏഴു തലമുറകൾക്കു പിന്നിലുള്ള ചരിത്രം വരെ കണ്ടുപിടിക്കാൻ അയാൾക്ക് കഴിഞ്ഞു. സാഹിത്യ, ചലച്ചിത്ര ലോകത്തെ വളരെ വിജയം വരിച്ച ഒരു കൃതിയായി മാറി വേരുകൾ എന്ന ആ അന്വേഷണ ചരിത്രം.
സ്വന്തം വേരുകൾ തേടി അലയുന്നവരാണ് മനുഷ്യർ. ലോകത്തുള്ള എല്ലാ വംശങ്ങളും ഗോത്രങ്ങളും ജാതികളും വർഗ്ഗങ്ങളും മതങ്ങളും അവരുടെ വേരുകൾ തേടി ചരിത്രത്തിന്റെ പിന്നിലേക്ക് ബഹുദൂരം യാത്ര ചെയ്യാറുണ്ട്. ഓരോ ജനവിഭാഗങ്ങളും അവരുടെ പൂർവ്വികരുടെ പഴകിദ്രവിച്ച കുലപാരമ്പര്യങ്ങളും കുടുംബമഹിമകളും ചികഞ്ഞെടുത്തു അവയിലെല്ലാം അഭിമാനം കൊള്ളുന്നു.
രണ്ടു വിധത്തിൽ നമുക്കു നമ്മുടെ കൂട്ടായ വേരുകൾ തേടിയിറങ്ങാം. ഈ രണ്ടു അന്വേഷണങ്ങളും അപകടം നിറഞ്ഞതും രക്തപങ്കിലവുമാണ്. ആദ്യത്തെ കൂട്ടർ അവരുടെ സ്വന്തം ഗോത്ര, വംശീയ വേരുകൾ ഇന്നലെയുടെ കുപ്പക്കൂമ്പാരങ്ങളിൽ നിന്നും തിരഞ്ഞുപിടിച്ച് ദുരഭിമാനത്തോടെ ജീവിക്കുകയും മറ്റുള്ളവരെ നിന്ദിക്കുകയും ചെയ്യും. മറ്റുചിലർ അപരിചിതന്റെ, അയൽക്കാരന്റെ ഗോത്രവേരുകളും രക്തശുദ്ധിയും അന്വേഷിച്ചിറങ്ങുന്നു. ഇത്തരത്തിലുള്ള അത്യന്തം അപകടകാരികളായ, രക്തദാഹികളെ ചരിത്രത്താളുകളിൽ നാം ധാരാളം കാണുന്നുണ്ട്. അവയിൽ ഏറ്റവും ക്രൂരമായ അന്വേഷണം നടന്നത് കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ പകുതിയിലാണു. വെറും നാലുവർഷം മാത്രം നീണ്ടുനിന്ന ഒരു തിരച്ചിലായിരുന്നു അത് . ഇത്രയും ചുരുങ്ങിയ കാലയളവിൽ ഒരു വംശത്തിലെ ആറുദശലക്ഷം പേരുടെ വേരുകൾ അറുത്തുമാറ്റപ്പെട്ടു. ഇതുപോലെയുള്ള അനേകം വംശ, ഗോത്ര നരഹത്യകൾ ചരിത്രത്തിലുടനീളം നമുക്ക് കാണാം. പരിഷ്കൃതസമൂഹമെന്ന് നാം സ്വയം അഭിമാനിക്കുന്ന ഇക്കാലത്തും ലോകത്തിന്റെ എല്ലാ ഭാഗത്തും, ചരിത്രാതീതകാലം മുതൽ തുടങ്ങിയ കാല്പനിക വർണ്ണ, വർഗ്ഗ, വംശീയ, ഗോത്രവേരുകളുടെ പേരിൽ വിദ്വേഷവും പകയും വംശഹത്യകളും ഇന്നും നടക്കുന്നുണ്ട്.
അപകടരഹിതവും അഭിലഷണീയവുമായ മറ്റൊരു വേരുകളുടെ അന്വേഷണം കൂടിയുണ്ട്. അത് വൈയക്തികതലത്തിൽ മാത്രം ഒതുങ്ങിനിൽക്കുന്നതാണ്. ഏതാണ്ട് ഇരുപത്തഞ്ചു നൂറ്റാണ്ടുകൾക്കു മുൻപ് സ്വന്തം മനസ്സിന്റെ ആഴങ്ങളിലെ ദുഃഖങ്ങളുടെയും വേദനയുടെയും അസന്തുഷ്ടിയുടെയും വേരുകൾ തിരഞ്ഞ ഒരു മനുഷ്യൻ ഉണ്ടായിരുന്നു. മനസ്സിനെക്കുറിച്ചോ, അഹംബോധത്തെക്കുറിച്ചോ, അവബോധത്തെക്കുറിച്ചോ ശാസ്ത്രീയമായ അറിവുകൾ ഒന്നും അന്നുണ്ടായിരുന്നില്ല. സ്വന്തം മനസ്സിനെത്തന്നെ ഒരു പരീക്ഷണശാലയാക്കി ആ മനുഷ്യൻ മാറ്റി. ഓരോ വ്യക്തിയുടെയും മനസ്സിന്റെ ആഴത്തിൽ ചൂഴ്ന്നിറങ്ങിയിട്ടുളള ദുഃഖത്തിന്റെ, വേദനയുടെ, സ്വാർത്ഥയുടെ അഹംങ്കാരത്തിന്റെ വേരുകൾ കണ്ടെത്താനുള്ള ഒരു ആത്മാന്വേഷണമായിരുന്നു അത്. ആ അന്വേഷണം ഫലം കണ്ടു. പാർശ്വദോഷങ്ങൾ ഒന്നുമില്ലാത്ത, മഹനീയമായ, ആത്മനിർവൃതിദായകമായ ആ അന്വേഷണത്തിന്റെ വഴികളും കണ്ടെത്തലുളും ചരിത്രത്തിൽ ഏതാണ്ട് പൂർണ്ണമായും വിസ്മരിക്കപ്പെട്ടു.
ഒരു വ്യക്തിയുടെ കുടുംബപാരമ്പര്യം വംശം രക്തബന്ധങ്ങൾ, ഗോത്രം, വർണ്ണവർഗ്ഗ വ്യത്യാസങ്ങൾ ഇവയൊന്നും അടിസ്ഥാനപരമായ ഒരാളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഒരിക്കലും സഹായിക്കുകയില്ല. ജീവിതം ഇവയ്ക്കെല്ലാം അതീതമാണ്. ആത്മാന്വേഷണത്തിലൂടെ മാത്രമേ ഒരാൾക്ക് സ്വന്തം ദുഃഖത്തിന്റെയും വേദനയുടെയും ആഴത്തിലുള്ള വേരുകൾ കണ്ടെത്താനും അവയെ പിഴുതെടുക്കുവാനും കഴിയു.
സ്വന്തം കുലമഹിമകളിലും പാരമ്പര്യങ്ങളിലും വംശാവലിയിലും ജാതിമത വ്യത്യാസങ്ങളിലും വിശ്വസിക്കുകയും അതിൽ അഭിമാനം കൊള്ളുകയും അതിന്റെ പേരിൽ മറ്റുള്ളവരെ നിന്ദിക്കുകയോ, ഉപദ്രവിക്കുകയോ, കൊന്നൊടുക്കുകയോ ചെയ്യുന്നവരോട് ഒരു ചോദ്യം. നിങ്ങൾ മറ്റൊരു സമയത്ത്, മറ്റൊരു സ്ഥലത്ത്, മറ്റു രണ്ടു ശരീരങ്ങളിൽനിന്നും ജന്മമെടുത്തിരുന്നെങ്കിൽ, ഇന്ന് നിങ്ങൾ ആരായിരിക്കും? ഇന്ന് നിങ്ങൾ സ്വന്തമെന്നു അഭിമാനിക്കുന്ന ഗോത്രം നിങ്ങളുടെ ആയിരിക്കുമോ? നിങ്ങളിൽ കാണുന്ന ഈ പ്രവണത സമഷ്ടിയായ അവബോധത്തിന്റെ അപഭ്രംശമാണെന്ന് സമ്മതിക്കാനും തിരുത്താനും നിങ്ങൾ തയ്യാറാണോ?
ആന്റെണി പുത്തൻപുരയ്ക്കൽ