ഒടുവില്‍ മാത്രം
വരാന്‍ വിധിക്കപ്പെട്ട്
വിഷാദത്തിന്റെ മൂടുപടം
മഞ്ഞായ് പുതച്ച്
ഡിസംബര്‍ നീയെന്നെ
വല്ലാതെ മോഹിപ്പിക്കുന്നു
മഞ്ഞ് പുതച്ചകുന്നിന്‍
ചെരുവിലെ
പുല്‍ത്തലപ്പുകളെന്നോട്
പറഞ്ഞു, ഇതു പോലൊരു മഞ്ഞുകാലത്തായിരുന്നിരിക്കണം
നിന്‍റെ പിറവിയെന്ന്…
നിന്‍റെ കുളിരില്‍ മുങ്ങി
വീശിയടിക്കുന്ന കാറ്റില്‍
ഞെട്ടറ്റു വീഴുന്ന
പച്ചിലകളെ നോക്കി
നിൽക്കെ ഡിസംബർ
നീയെന്‍റെ കാതിലോതി
കാറ്റിനു പച്ചിലയെന്നോ
പഴുത്തിലയെന്നോ
വേർതിരിവില്ലന്ന്
നീപൊഴിക്കുന്ന
മഞ്ഞുമഴയിൽ
കുളിരാതിരിക്കുവാന്‍ ഇന്ന്
എന്റെ ചിറകിന്‍ ചൂട് മാത്രം..
കുളിരുള്ള കിനാവുകളും,
പുലര്‍വേളയിൽ
തണുപ്പും വാരിപ്പുതച്ച്
പുതപ്പിനുള്ളിലുറങ്ങാനെന്ത് സുഖം!
മഞ്ഞണിഞ്ഞ മൗനത്തിന്റെ
നേർത്ത പുകമറയ്ക്കുള്ളിൽ
കാലിത്തൊഴുത്തില്‍
പിറന്നവന്റെ
ഓര്‍മ്മയില്‍ വർണ്ണാഭമായൊരു
ക്രിസ്തുമസ് നൽകി
വീട് വീടാന്തരം
പ്രതീക്ഷയിലേക്കുള്ള
ജനാലകള്‍
ജനുവരിയിലേയ്ക്ക് മലര്‍ക്കെ തുറന്നുകൊടുക്കുന്ന ഡിസംബർ
നീയെത്ര വിശാല ഹൃദയൻ
വിഷ്ണു പകൽക്കുറി