“കർഷകനല്ലേ മാഡം.. കുറച്ച് കളപറിക്കാനിറങ്ങിയതാ..”ഇങ്ങനെ എന്തോ മോഹൻലാൽ പറഞ്ഞു, ഒരു സിനിമയില് .അന്നു മുതല് തുടങ്ങിയതാണ് കർഷകരോടുള്ള എൻ്റെ പ്രേമം. അതിൽ പിന്നെ കർഷകരെ കാണുമ്പോൾ ഞാൻ ഫ്ലെയിങ് കിസൊക്കെ കൊടുക്കും. എൻ്റെ അച്ഛൻ കർഷകനാർന്നു മിടുക്കനാർന്നു എന്നൊക്കെ ഞാൻ കാണുന്നോരോടൊക്കെ പറയും.കൃഷിക്കാരാണ് ദൈവങ്ങൾ അവരില്ലെങ്കിൽ നമ്മളൊക്കെ ഇല്ല എന്നൊക്കെയുള്ള യാഥാർത്ഥ്യങ്ങൾ ഞാനവരോട് ഒരുപാടങ്ങ് വിളമ്പും, ദീർഘ്വോജ്ജ്വല വിനാഴികാസ്.. സുദീർഘ അവേഴ്സ്.. ഫോർ ഇൻഡ്യൻസ് .. !കൃഷി കേറിയങ്ങ് വളരണം. എല്ലാവരും കൃഷിക്കാരാവണം.
ഭാരതം ഭക്ഷ്യധാന്യ ഫലസമൃദ്ധമാകണം.ഒരു മോട്ടിവേഷൻ..ഒരു എനർജി.. അല്ലേ.. അതെല്ലാർക്കും കൊടുക്കണം. അതെൻ്റെ വാശിയായിരുന്നു.. (കുറച്ച് പേരെ അങ്ങ് പൊലിപ്പിച്ച് ഉയർത്തിവിട്ടാലല്ലേ എനിക്ക് കുത്തിയിരുന്ന് തിന്നാൻ പറ്റൂ..)ഞാൻ പറയുന്നത് കേട്ട് എതിർ ഭാഗത്ത് നില്ക്കുന്നവര് ചിരിക്കും. തല കുലുക്കും. സന്തോഷം! ചിരിച്ചു പിരിഞ്ഞവരെ പിന്നെ കണ്ടിട്ടില്ല. അതിൽ തൊണ്ണൂറ് ശതമാനം പേർ മിക്കവാറും, ഞാൻ കാണാതെ കൃഷി ചെയ്യണമെന്ന കുസ്രുതിമനസോടെ വീടും പറമ്പും വിറ്റ് ,കേരളത്തിന് പുറത്ത് കൃഷിസ്ഥലംവാങ്ങി അവിടെ കൃഷി ചെയ്ത് നമ്മളെയൊക്കെ ഊട്ടുന്നുണ്ടാകാം
. ബാക്കി പത്ത് ശതമാനം പേർ ചത്തുപോയിരിക്കാം.ആ അതെന്തോ ആവട്ടെ. കാണാത്തവരെ കുറിച്ച് ഞാനോർക്കുന്നതെന്തിന്? നമുക്ക് കർഷകരെ കുറിച്ചു ചിന്തിക്കാം. എൻ്റെ അച്ഛൻ കർഷകനാണല്ലോ. അത് കൊണ്ട് ഞാനും കർഷകനാണല്ലോ. ഭാരതത്തിൽ പാരമ്പര്യമായിട്ടാണല്ലോ പല ബഹുമതികളും കിട്ടുന്നത്. അച്ഛൻ തന്നിട്ടുപോയ കുറച്ച് കുരുമുളക് കൊടികളുണ്ട്. വളവും വെള്ളവും കൊടുത്തില്ലെങ്കിലും വർഷംതോറും പരലോകത്ത് നിന്ന് വരുന്ന മണി ഓർഡർ പോലെ അത് നിറയെ കായ്ക്കും. ഞാനത് വിറ്റ് ബീഫൊക്കെ വാങ്ങി വയറു വീർക്കെ തിന്നും. പക്ഷേ ഞാനാ കുരുമുളക് കൊടിയുടെ ചുവട്ടിൽ ചുള്ളിക്കമ്പുകൊണ്ട് പോലും ഒന്ന് തൊട്ടിട്ടില്ല. അച്ഛൻ നട്ടതു തന്നെ, പക്ഷേ കൂടുതൽ താലോലിച്ചാലേ അത് തലേ കേറി നെരങ്ങും.ഇപ്രാവശ്യവും സ്വർഗ്ഗത്തീന്ന് മണി ഓർഡർ വന്നു.കുരുമുളക് ചെടികൾ നിറയെ കായ്ചു. അതിനെ ഇനി വിറ്റ് പണമാക്കണം.
ബീഫ് തിന്നണം.അതായി എൻ്റെ ചിന്ത.പെണ്ണ് ഋതുമതിയാകുന്നതോടെ മണമോ മറ്റോ അടിച്ച് കാമുകൻമാർ വന്നടിയുന്നതുപോലെ കുരുമുളക് കായ്ച്ചാൽ ഇടനിലക്കാർ ഒഴുകിവരാറുണ്ട്. ദിസ് ടൈമും അവർ ആ ഗയാ.നമസ്കാരം! പക്ഷേഅവർ പറഞ്ഞ വില കേട്ട് ഞാൻ ഞെട്ടി. വെറും എഴുനൂറ് രൂപ! ഞാനവിടെ കിടന്ന് അലറി.. തരൂലാ..! അവൻമാർക്ക് നോ മൈൻഡ്! ഞാൻ തലകുത്തിമറിഞ്ഞു നോക്കി. പൂച്ചയെപ്പോലെ ചീറിനോക്കി.അവൻമാർ പഴയ സ്റ്റാൻ്റിൽ തന്നെതുടർന്നു .ബാത് മേം ഞാൻ മൂർച്ച കുറഞ്ഞ ഒരുതരം വെട്ടുകത്തിയെടുത്തു കാണിച്ചു.ഉടനെ അവൻമാർ ഇറങ്ങി ഓടി. ആശ്വാസം!ഞാൻ ആലോചിച്ചു:
അച്ഛൻ മരിച്ചവർഷം നാലായിരം രൂപക്ക് കൊടുത്ത കുരുമുളക് പിറ്റേവർഷം 3000 രൂപയായി. ആയിരം വച്ച് വർഷാവർഷം കുറഞ്ഞ് കുറഞ്ഞ് വരികയാണ്. അവസാനം ഇപ്പോ700 രൂപയായി. അച്ഛൻ മരിച്ചതിനു ശേഷം കുരുമുളകിൻ്റെ വില താഴേക്ക് പോവുകയാണല്ലോ. അച്ഛൻ്റെ വിയോഗം ഈ നാടിനെ തകർക്കുകയാണല്ലോ!അടുത്ത വർഷം ഈ കുരുമുളക് വില്ക്കാൻ ഞാൻ ആയിരം രൂപ അങ്ങോട്ട് കൊടുക്കേണ്ടി വരും. അച്ഛൻ്റ വില ഇപ്പോഴാണ് മനസിലാകുന്നത്. ഇടനിലക്കാരാണ് കേട്ടോ ഇടനിലക്കാരാണ് ഇടക്ക് നിന്ന് രക്തം ഊറ്റിക്കുടിക്കുന്നത്. ഇവൻമാരേണ് ഡ്രാക്കുളേന്ന് വിളിക്കണ..നമ്മളേല് ഇഷ്ടം പോലെ രക്തം ഉണ്ട്.. അത് ഫ്രീയായി കൊടുക്കാൻ പറ്റ്വോ? ല്യ .രക്തം ഉണ്ടാക്കാൻ എന്താ ചിലവ്! നാട്ടിലെ ഇടനിലക്കാരൻ രണ്ടു നില വീട് വച്ചു.
കർഷകനായ ഞാൻ ഇപ്പോഴും പൊട്ടിപ്പൊളിഞ്ഞ ചപ്പടാച്ചി വീട്ടിൽ. കള്ളൻമാർക്കേ കാലമുള്ളൂ. ഇതിനൊരറുതിവന്നേ പറ്റൂ. എൻ്റെ തലേൽ വിപ്ലവം കേറി നിറഞ്ഞു. ഇതിനൊരറുതി വരണം. ഇടനിലക്കാരെയൊക്കെ വെടിവച്ച് കൊല്ലണം. എൻ്റെ കയ്യിലുള്ള സാധനം സുകുവിൻ്റെ കൈയിലെത്താൻ ഇടക്കെന്തിനീ ഷിബു ? ഷിബു ദയവായി വേറെയെവിടെയെങ്കിലും പോയി ജോലി ചെയ്തു ജീവിക്കുക.. പ്ലീസ്!ഇടനിലക്കാരനില്ലാതെ ഞാനീ കുരുമുളക് ഏണി വച്ച് പറിച്ച് വിറ്റാൽ എനിക്ക് പണ്ട് കിട്ടിയ 4000 രൂപ കുരുമുളക് കച്ചവടക്കാരൻ സുബേർ മോലാളിതരും (അഞ്ച് വർഷം മുമ്പുള്ള വില തന്നെ ഇപ്പോഴും. ഞാൻ വാങ്ങുന്നതിനൊക്കെ അഞ്ചിരട്ടി വിലകേറി! വിലകേറ്റാൻ ഇരിക്കുന്ന സാറിൻ്റെ വിരലറ്റ് പോട്ടെ). പക്ഷേ കുരുമുളക് ഞാൻ കേറി പറിക്കണം! എങ്കിലല്ലേ വില്ക്കാൻ പറ്റൂ.
തത്സമയ സാമൂഹ്യാന്തരീഷത്തിൽ കർഷകനത് കുറച്ചിലല്ലേ. കുരുമുളക് കേറി പറിച്ചാൽ ഞാനെന്ന കർഷകൻ ഒരു തൊഴിലാളിയായി താഴെപ്പോകും. കുരുമുളക് പറിക്കേണ്ടത് തൊഴിലാളിയാണ്. വടക്കോട്ടൊക്കെ അങ്ങനാണ്..കർഷകൻ ഏണിയിൽ കയറുന്നത് കുറച്ചിലല്ലേ. ഏതെങ്കിലും കുരുമുളക് പറിയനെ നോക്കാം. അതാണ് നല്ലത്. അവൻ പറിച്ചു തരും ഞാൻ വില്ക്കും.ഓക്കെ..അപ്പോൾ ഇടനിലക്കാരുടെ കൊള്ള ഒഴിവാക്കാം. എന്ന് ഞാനങ്ങ് ഉറപ്പിച്ചു.ഞാൻ രണ്ടാഴ്ച നടന്നു. പക്ഷേ കുരുമുളക് പറി എന്ന ആശയം ഒരു തൊഴിലാളിക്കും ഇഷ്ടമാകുന്നില്ല. അവർക്ക് തൊഴിലാളിവർഗ്ഗ സർവാധിപത്യം എന്നോ മറ്റോ ഉള്ള ആശയത്തിലാണ് കമ്പം .ഞാൻ തളർന്നില്ല. ഞാൻ പലരെയും സമീപിച്ചു. മരത്തിൽ കയറാതെ ഐസ് കട്ടക്ക് പെയിൻ്റടിക്കുന്ന വല്ല പണിയുമുണ്ടെങ്കിൽ നോക്കാമെന്നായിരുന്നു മണ്ടൻ കുന്ന്പ്രമുഖതൊഴിലാളിരാജ് ശ്രീ രാജേഷിൻ്റെ മറുപടി.
മണ്ടൻചിഞ്ചു അണ്ണൻ ഒന്നും മിണ്ടാതെ നടന്നു പോയി.തങ്കപ്പൻ ചേട്ടൻ വയസായി ഇനി വയ്യ എന്ന് പറഞ്ഞാഴിഞ്ഞു. രവി അണ്ണൻ എന്നെ നോക്കി കാർക്കിച്ച് തുപ്പി. എൻ്റെ മനസിലെ ദീപം കെട്ടില്ല. ഒരു തൊഴിലാളിക്ക് വേണ്ടി ഞാൻ അലഞ്ഞു നടന്നു.കിട്ടിയില്ല. ആളുകൾ എന്നെ കണ്ട് ഓടി ഒളിക്കുന്ന അവസ്ഥയായെന്ന് പറഞ്ഞാ മതിയല്ലോ.എന്താ ആളുകൾ ഇങ്ങനെ ..? കർഷകർക്കിവിടെ ഒരു വിലയുമില്ലേ..? കർഷകർക്ക് താങ്ങായി ഒരൊറ്റ തൊഴിലാളിയുമില്ലല്ലോ. അതേ ഇന്നാട്ടിലെ തൊഴിലാളികളൊക്കെ വർഗ്ഗം മാറിയോ?നടക്കുമ്പോ എനിക്ക് മുന്നിൽ നാട് ശൂന്യം.. എവിടേ എൻ്റെ പ്രിയപ്പെട്ട തൊഴിലാളികൾ ..
തൊഴിലാളികളെ നോക്കി നൂറാൻ കിഴങ്ങ് തേടിയലയുന്ന പന്നിയെപ്പോലെ ഞാൻ നടന്നു..!സിക്സർ…!ആ ശബ്ദം കേട്ട സ്ഥലത്തേക്ക് ഞാൻ ഓടി. ചീര എന്ന എഞ്ചിനീയറിങ്ങ് കോളേജിൻ്റ ഗ്രൗണ്ട്. അവിടെ കാളകൂറ്റൻ മാരുടെ ആരോഗ്യമുള്ള യുവാക്കൾ ക്രിക്കറ്റ് കളിക്കുന്നു. അവർ അടിക്കുന്നു ഓടുന്നു ചാടുന്നു. എൻ്റമ്മോ മസിലുള്ള പയ്യൻമാർ. കണ്ടിട്ടെനിക്ക് കൊതിയായി.കർഷകർക്ക് ഇവൻമാരെയാണ് വേണ്ടത്.ഇവരൊക്കെ രണ്ടും കല്പിച്ച് ഇറങ്ങിയാൽ പിന്നെ പിടിച്ചാൽ കിട്ടില്ല ഭാരതത്തെ. പക്ഷേ കളിച്ചു നടക്കുകയാണ്. കോലിയുടെ വൈഫ് ഗർഭിണിയായി, അതാണിവൻ മാർക്ക് ആകെ അറിയാവുന്ന GK .ക്രിക്കറ്റ് കളി..!എൻ്റെ ദൈവമേ.. എത്ര കുരുമുളക് കൊടികളിൽ കയറാനുള്ള ഊർജ്ജമാണ് ഇവിടെ പാഴായി പോകുന്നത്?! കളിക്കാൻ ഇവിടെ ആളുണ്ട്. കുരുമുളക് പറിക്കാൻ ആളില്ല. ഒന്നുകിൽ കുരുമുളക് നിരോധിക്കണം അല്ലെങ്കിൽ ഇതുപോലുള്ള കളികൾ നിരോധിക്കണം.അല്ലെങ്കിൽ ഇടങ്ങേറാവും!
ഞാൻ കർഷകൻ്റെ ധാർഷ്ഠ്യത്തോടെ ക്രിക്കറ്റ് കളിക്കുന്ന ഒരു മുഠാളൻ്റ അടുത്ത് ചെന്ന് ഇങ്ങനെ അലറി: നീ ഇങ്ങനെ കിടന്ന് ഓടിയാൽ രാജ്യം ഓടുമോ? രാജ്യം ഓടണമെങ്കിൽ നീയൊകെ വല്ല പണിയും ചെയ്യണം..ചുമ്മാ കിടന്ന് ഓടുകയാണ് .. എൻ്റെ കിതപ്പടങ്ങും മുമ്പ് അവൻ ചോദിച്ചു: ഞാനെന്ത് ചെയ്യണം?എൻ്റെ കുരുമുളക് പഴുത്ത് നാശമായി പോവുകയാണ്.. വന്ന് പറിച്ചു തരാൻ പറ്റ്വോ.. ചെയ്താൽ വല്യ ഉപകാരമായിരുന്നു .. അണ്ണനെന്താ ജോലി..? അവൻ ചോദിച്ചു.ഞാൻ കർഷകനാണ് ..ജോലിയാണ് ചോദിച്ചത് ..കൃഷി ഒരു ജോലിയല്ലേ..ഹ..ഹ..ഹ..എന്താടാ ഒരു ഹ ഹ ഹഉഡായിപ്പ് കാണിച്ച് നടന്ന് വയറ് നിറക്കാത വല്ല പണിയും ചെയ്ത് ജീവിക്ക് അണ്ണാ.. അണ്ണന് കേറിയങ്ങ് പറിച്ചൂടേ.. എന്തിനിത്ര കഴപ്പ്.. പറിപ്പുകാരന് കൊടുക്കുന്ന പണമങ്ങ് എടുക്കാമല്ലോ.. പണി ചെയ്യാനും വയ്യ.. ചുമ്മാ കുറ്റം പറച്ചിലും..ഞാൻ അവൻ്റെ കൈയിലിരുന്ന ബാറ്റ് വാങ്ങിച്ചു.എന്നിട്ട് പറഞ്ഞു: കുരുമുളക് കിളികൊണ്ട് പൊയ്ക്കോട്ടേ.. ഞാനുമുണ്ട് കളിക്കാൻ.. ഞാൻ ക്രീസിലേക്ക് നടന്നു.
✓ ശിവൻ മണ്ണയം