തേൻ മഞ്ഞുതുള്ളി തലോടും
പുലരിയിൽ
ഇരു മുഖത്താലെ നോക്കുന്നു ജനുവരി
ഭൂതവും, ഭാവിയും ഒപ്പത്തിനൊപ്പം
ഓർത്തുനോക്കുന്നു പുതു ദിനത്തിൽ
എന്തെന്തു കാഴ്ച്ചകൾ കണ്ടു നമ്മൾ
കാണുവാനിനിയുമെന്തൊക്കെയുണ്ട്
കരളു പറിക്കുന്ന കാഴ്ച്ച കണ്ടു
കണ്ണെടുത്തെറിയേണ്ട കാഴ്ച്ച കണ്ടു
വറ്റിവരണ്ട പുഴകൾ കണ്ടു
വെട്ടിത്തെളിച്ചുള്ള കാടു കണ്ടു
പൊട്ടിക്കരയും ബന്ധങ്ങൾ കണ്ടു
പട്ടിണി പേറും വയറുകണ്ടു.
കാഴ്ച്ചകൾ പിന്നെയും കണ്ടു നമ്മൾ
കുളിരു കോരുന്നൊരു നേർക്കാഴ്ച്ചകൾ
മകരത്തണുപ്പിൽ തീ കായുന്നതും
തിരുവാതിരപ്പാട്ട് പാടുന്നതും
പൂവാംകുരുന്നില പുണരലുകൾ
മെയ് പുണർന്നാടും പ്രണയകാവ്യം
കാണുവാനിനിയുമെന്തൊക്കെയുണ്ട്
ജീവിതം മുന്നോട്ട് പോയിടട്ടെ
തളരാതെ തകരാതെ പോയിട്ടെ
മണ്ണിതിൽ ജീവൻ തളിർത്തിടട്ടെ
പൂവുകൾ എങ്ങും വിരിഞ്ഞിട്ടെ
ശാന്തി സമാധാനം കൈവരട്ടെ
മകരമഞ്ഞിന്റെ തണുപ്പുമേറ്റ്
മധുരം നുണയാൻ കഴിഞ്ഞിടട്ടേ
……………………………………………………………
കുറിപ്പ് :- രണ്ടു മുഖമുള്ള റോമൻ ദേവതയാ
യ ജാനസിൽ നിന്ന് ജനുവരി എന്ന പേര്
രണ്ട് മുഖങ്ങൾ _ ഭൂതവും, ഭാവിയും
…………….
രാജു കാഞ്ഞിരങ്ങാട്