നോവാതെ വന്നെങ്ങെടുക്ക നീ ജീവനെ
നോവാതിരിക്കണം ബാക്കിയുള്ളോർ
രോഗക്കിടക്കയിലെന്നെക്കിടത്തി നീ
കൊത്തിവലിച്ചു രസിക്കാതിരിക്കണം
പ്രാണൻ വിടർത്തിയെടുക്കുന്ന വേളയിൽ
ദേഹം പിടയാതിരിക്കാൻ തുണയ്ക്കണം
പച്ചക്കരിമ്പായിരിക്കാനീ ദേഹത്തെ
പെട്ടന്നു തന്നെ തണുപ്പിച്ചു നല്കണം
ഒക്കുമെങ്കിൽ മുഖത്തേകണം പുഞ്ചിരി
ചത്തു കിടപ്പും ചമഞ്ഞുെതന്നായിടാൻ
നൊമ്പരപ്പെട്ട മുഖം വേണ്ട, ലോകരാ
പുഞ്ചിരിയറ്റമുഖം കണ്ടു പോകണ്ട
പഞ്ചഭൂതങ്ങൾക്കു നന്ദി പറയുന്നു
പഞ്ചവർ നിങ്ങൾ ഒരുമിച്ചുനിന്നെന്നെ
ഇപ്രപഞ്ചത്തിലീഭൂമിയിൽ വന്നല്പ
ജീവിതം ജീവിച്ചു പോകാൻ തുണച്ചതാൽ!
കാഴ്ചയും, കേൾവിയും, വാസന, സ്പർശവും,
ആസ്വദിച്ചാഹാരമാഹരിക്കാൻ രുചി
ഏകിയീ ദേഹത്തെ മറ്റുള്ളവർ മുന്നിൽ
ജീവനുണ്ടെന്നുള്ള ബോധ്യം വരുത്തിയോർ
പഞ്ചിന്ദ്രിയങ്ങളേയേറെകൃതജ്ഞത-
യിശ്ശരീരത്തിനെ സക്ഷമായ് കാത്തതാൽ
പ്രാണൻവഹിക്കുന്ന വീടായ കായത്തെ
കാലങ്ങളായ് നിങ്ങൾ കാത്തുസൂക്ഷിപ്പവർ
കാലമാകുമ്പോൾ പിരിയാൻ തുടിക്കവേ
രോഗമായ് വേദനചേതസ്സിനേകാതെ
വേഗം ഒരുദിനം നിങ്ങൾ പിരിയണം
രോഗിയെന്നാരും വിളിക്കാതിരിക്കുവാൻ
ആത്മജ്ഞാനത്തിൻ്റെയാഴം ഗ്രഹിക്കാത്ത
പാമരൻ ഞാനൊന്നു ചോദിച്ചു പോകുന്നു
ദേഹംപരിത്യജിച്ചെത്തുന്ന പ്രാണനെ –
യേതുവഴിക്കേനയിപ്പൂ പ്രപഞ്ചമേ?
കേവലശ്വാസത്തിനപ്പുറം പിന്നെയും
പ്രാണനു പ്രാണങ്ങളുണ്ടായിരിക്കുമോ
നാദം നിലച്ച മണിയാക്കി മാറ്റവേ
കാലമേ, കൈകൂപ്പി വന്ദനം ചെൽവൂ ഞാൻ
ജീവിതമാകും രണത്തിന്നവസ്സാന –
മാകും രണം മരണമെന്ന ത്രൈയാക്ഷരി
ജീവൻ കവർന്നതു കാത്തു സൂക്ഷിക്കുന്ന
ദേഹത്തിനേകുന്നു മോചനമന്ത്യത്തിൽ
മണ്ണുമാകശവുമഗ്നിയും വായുവും
വെള്ളവും വാർന്നു വിഘടിച്ചു തീരവേ
നാമാവശേഷമായ് പിന്നെ കുറച്ചുനാൾ
ജീവിതം എന്നതിന്നർത്ഥമിതല്ലയോ?
എൻ.കെ.അജിത്ത് ആനാരി