ചോറ് കഴിക്കുമ്പോൾ ഷർട്ടിൽ പിടിച്ച് ഇറങ്ങെടാ എന്ന് പറഞ്ഞാണ് അച്ഛനെ വിളിച്ചിറക്കിയത്..!!കത്തികരിഞ്ഞ അച്ഛനും അമ്മയ്ക്കും കുഴിവെട്ടി നെഞ്ചുകീറി കരയുന്നത് അങ്ങ് യുപിയിൽ അല്ല ഇങ്ങ് നെയ്യാറ്റിൻകരയിലാണ് …!!
രാജനും അമ്പിളിയ്ക്കും സ്വന്തമായി സ്ഥലം ഉണ്ടായിരുന്നില്ല, മഴയും വെയിലും ഏൽക്കാതെയിരിക്കാൻ ഒരു കൂര കെട്ടി അവർ പുറമ്പോക്കിൽ താമസം ആരംഭിച്ചുആ മൂന്ന് സെന്റിന്റെ പേരിൽ കണ്മുൻപിൽ കത്തികരിഞ്ഞ അച്ഛന്റെയും അമ്മയുടെയും ശരീരം കുഴികുത്തി മൂടി അവൻ വിരൽ ചൂണ്ടി നിലവിളിക്കുകയാണ്അതെ അവന്റെ ചൂണ്ടുവിരൽ നമുക്ക് നേരെ തന്നെയാണ്, പ്രബുദ്ധകേരളം എന്ന് അവകാശപ്പെടുന്ന നമ്മുക്ക് ഓരോരുത്തരുടെ നേരെയും കായലും പുഴയും കടലും വനവും നികത്തി റിസോർട്ടുകളും മണിമാളികളും പണിയുമ്പോൾ.
അതിന് ഒത്താശ പാടുമ്പോൾ. പുറമ്പോക്കിലെ 3 സെന്റിന് വേണ്ടി കത്തിക്കരിഞ്ഞ അച്ഛന്റെയും അമ്മയുടെയും ശവവും ഉയർത്തിപ്പിടിച്ച് ആ മകൻ ഇപ്പോളും നിലവിളിക്കുന്നുണ്ട് “നിങ്ങൾ എന്റെ അച്ഛനെയും അമ്മയെയും കൊന്നു” (Ranjith Alachery Neelan)
ഹാരിസൺ എസ്റ്റേറ്റ് ഒഴിപ്പിക്കാൻ പോയ സർക്കാർ,ഹൈക്കോടതിയിൽ കേസിൽ പരാജയപ്പെട്ടതിനാൽ 38,000 ഏക്കർ ഭൂമിയും ഹാരിസണിനു തന്നെ തിരികെ ലഭിക്കുകയുണ്ടായി.അതിനു മുമ്പ് പൊന്തൻപുഴ എസ്റ്റേറ്റിലെ 7000 ഏക്കർ തോട്ടത്തിന്റെ കാര്യത്തിലും ഇത് തന്നെയാണ് സംഭവിച്ചത്.
എന്നാൽ നെയ്യാറ്റിൻകരയിലെ ലക്ഷം വീട് കോളനിയിലെ രാജനെ,4 സെന്റ് ഭൂമി കയ്യേറി വീട് വെച്ചുവെന്നഅയൽക്കാരന്റെ പരാതിയിന്മേലുള്ള മുനിസിഫ് കോടതി വിധിയിന്മേൽ, മേൽകോടതിയിലെ അപ്പീലിലെ സ്റ്റേ വരാനുള്ള സാവകാശം പോലും നൽകാതെ ഒഴിപ്പിച്ചേ അടങ്ങൂ എന്ന വാശിയിലായിരുന്നു നമ്മുടെ നിയമവും, ഭരണ വ്യവസ്ഥകളും.
മനസ്സിനെ പിടിച്ചുലച്ച കാഴ്ചകളാണ് ഇന്ന് കണ്ടത്. അച്ഛന്റെ മൃതദേഹം അടക്കം ചെയ്യുന്നതിന് വേണ്ടി ഒറ്റക്ക് നിന്ന് കുഴി വെട്ടുന്ന കൗമാരക്കാരനായ മകനിൽ സമാനതകളില്ലാത്ത നിസഹായതയും, വിരൽ ചൂണ്ടി സംസാരിക്കുന്ന അവന്റെ ചിത്രത്തിൽ നിസ്സഹായനായ മനുഷ്യന്റെ രോഷവും രേഖപ്പെടുത്തിയിട്ടുണ്ട്. അച്ഛനും,അമ്മയും ഇല്ലാതായ ആ കുട്ടികൾക്ക് മാത്രമാണ് നഷ്ടമുണ്ടായത്. കാരണം നഷ്ടമായത് ‘ഒട്ടും വിലയില്ലാത്ത ജീവിതങ്ങളാണ്’.കിടപ്പാടത്തിൽ നിന്നും ഒഴിക്കപ്പെടുന്നവർ.
(രജിത് ലീല രവീന്ദ്രൻ)