മുഷിഞ്ഞ കുപ്പായങ്ങളെനോക്കി
നീ പരിഹസിക്കാൻ തുടങ്ങിയാൽ,
വിലാപങ്ങൾക്കുനേരെ
ചെവിപൊത്തി ചിരിക്കാൻതുടങ്ങിയാൽ….
വെളുത്ത കുപ്പായങ്ങൾക്കുള്ളിലെ
കറുത്ത നീതിയെ വധിക്കാൻ
അശാന്തിയുടെ തിരുജടയിൽനിന്ന്
നാളെ വീരഭദ്രൻമാർ ഉടലെടുത്തേക്കും.!!!
ന്യായാന്യായങ്ങളിലെ
കതിരും പതിരും തിരയാതെ
ദക്ഷനീതിയുടെ കൈക്കരുത്തുമായി
ശൈവഹൃദയങ്ങളിലേക്ക്
കത്തിയാഴ്ത്താൻ തുടങ്ങിയാൽ,
വരംതന്ന മേനിയിലേക്ക്
വിരൽചൂണ്ടുന്ന നിന്റെ
കുലംമുടിക്കാൻ
‘പ്രബോധന’ത്തിന്റെ
മുനയൊടിയാത്ത വാളുമായി
ഞാൻ രണാങ്കണത്തിലേക്കിറങ്ങും.
വാക്ക് വാളാക്കുന്നവന്റെ
ആക്രമണങ്ങളേറ്റ്
അധികാരക്കസേരകളിലെ
അസുരദേഹങ്ങളിൽനിന്ന്
രുധിരമൂറാൻതുടങ്ങിയാൽ….
നീതി കിട്ടാത്ത ഞാൻ
കൊഴുപ്പുള്ള നിന്റെ സ്വപ്നങ്ങളെ
നാളെ തകർക്കാനിറങ്ങുമ്പോൾ..
ഇളക്കംവരാതെ നിന്റെ
അധികാരവും കീശയും കാക്കാൻ
നീയെനിക്കു നക്സൽ എന്നൊരു
പേര് ചാർത്തുക.
പിന്നെയെന്നെ
വെടിവെച്ചുകൊല്ലാൻ
ആജ്ഞയേകുക.

(പള്ളിയിൽ മണികണ്ഠൻ)

By ivayana