എല്ലാ ദിവസവും നാടകം കളിയ്ക്കുന്ന കാലത്ത്
വീണ് കിട്ടുന്ന ഒഴിവ് ദിവസം പരശുറാമിൽ കയറി വീട്ടിലേയ്ക്ക് പുറപ്പെടുന്നു എന്ന് കേട്ടാൽ പിന്നെ ഓരോ മണിക്കൂർ ഇടവിട്ടും മക്കൾ വിളിച്ചുകൊണ്ടിരിക്കും… എത്ര ദൂരമെന്നും ,എത്ര സമയമെന്നും അവർ കണക്ക് കൂട്ടി കാത്തിരിക്കും… കോഴിക്കോട് റയിൽവേ സ്‌റ്റേഷനിലെ പൊരിച്ച പത്തിരി തീർന്ന് പോകുമോ എന്നവർ ആധി പിടിച്ചു കൊണ്ടിരിക്കും…
ഒരാധിയുമില്ലാതെ പതിയെ നീങ്ങുന്ന
പരശുരാമൻ നാല് മണിക്ക് തന്നെ എന്നെ കോഴിക്കോട്ടിറക്കി വിട്ട് പിന്നെയും ആധിപിടിച്ച അനേകായിരങ്ങളുടെ വ്യാധികളുമായി വടക്കോട്ട് പോകും.
ഏതെങ്കിലുമൊരു സ്റ്റാളിലെ ചില്ലലമാരയിൽ
ബഹുനിലക്കെട്ടിടം പോലെ അടുങ്ങിയിരിക്കുന്ന
പത്തിരികൾ പൊതിഞ്ഞ് വാങ്ങി പിന്നെയും
രണ്ട് മണിക്കൂർ കൊണ്ട് വീട്ടിലെത്തുമ്പോൾ
ജീവിതമെന്തോ ചില അർത്ഥങ്ങളുള്ള കഥ കൂടിയാണെന്ന്
ആത്മസംതൃപ്തി തോന്നും.
ചിരിക്കുന്ന മക്കളാണ് ലോകത്തിലെ ഏറ്റവും സൗന്ദര്യമുള്ള പൂക്കൾ ..!
യാത്രയും കണ്ടുമുട്ടലുകളും മാത്രമല്ല ഒറ്റപ്പെടലുകൾ കൂടിയാണല്ലോ ജീവിതമെന്ന് ആശ്വസിക്കും.
താരിഖുൽ ഇസ്ളാമും യാത്രയാണ്…!!
അയാൾ വിളിച്ചു പറഞ്ഞിട്ടുണ്ടാവും വീട്ടിലേയ്ക്ക്, ഞാൻ
വരുന്നുണ്ടെന്ന്..!
കയ്യിലൊരു കൊച്ചു സൈക്കിളുണ്ടെന്ന് …!
താരിഖിന്റെ മക്കൾ കാത്തിരിക്കുന്നുണ്ടാവും.
അച്ഛനെത്തുന്ന സമയവും ദൂരവും കണക്ക് കൂട്ടി
അമ്മയോട് കലഹിക്കുന്നുണ്ടാവും.
അടുത്ത വീട്ടിലെ കൂട്ടുകാരോട്
അച്ഛൻ കൊണ്ടുവരുന്ന സൈക്കിളിനെപ്പറ്റി വാ തോരാതെ
വർണ്ണിച്ചിട്ടുണ്ടാവും..
പക്ഷേ,
നാട്ടിലെത്തി
പിന്നെയും ക്വാറന്റയിൻ കാലം കഴിഞ്ഞ്
എന്നാവും ഈ അച്ഛനും സൈക്കിളും വീട്ടിലെത്തുക…!!
അത്രയും നാൾ എന്തൊക്കെ കഥകളാവും
ആ അമ്മയ്ക്ക് പറഞ്ഞു തീർക്കേണ്ടി വരിക…
പാളങ്ങൾ പോലെ നീണ്ടുപോവുന്ന യാത്രയും കാത്തിരിപ്പും.
അനന്തതയിലെവിയോ ആണ് ആനന്ദമുള്ളത്…!
താരിഖ് ശുഭയാത്ര.. ശുഭയാത്ര…
[ താരിഖ് ഇസ്ലാമിന്റെ കുട്ടികളുടെ മനസ്സറിഞ്ഞ ആ വീട്ടുകാരനുണ്ടല്ലോ… അവനാണ് മലയാളി… മലയാളത്തിന്റെ മനസ്സ്… ഓ.. വല്ലാത്ത സന്തോഷം ]