താഴ്‌വരയ്ക്കിരുപുറം
ധ്യാനശില്‍പ്പങ്ങള്‍ പോലെ
പരസ്പരം മുഴുകിയിരിക്കുന്ന
പര്‍വ്വതങ്ങളിലൊന്നാണ്
ആദ്യം അപ്രത്യക്ഷമായത്.
(ആ മനോജ്ഞ താഴ്‌വരയായിരുന്നു
അവര്‍ക്കിടയിലെ
ടേബിള്‍)
പൊടുന്നനെ ഒരു പര്‍വ്വതം
കണ്ടുകൊണ്ടിരിക്കെ കാണാതായി
അന്‍വര്‍ എന്ന ആട്ടിടയന്‍
മോഹാലസ്യപ്പെട്ടുപോയി.
ഒരു ലോങ് മാര്‍ച്ചിനിടെ
ഏതോ മാന്ത്രികനായ
ഛായാഗ്രാഹകന്റെ
ക്ലിക്കില്‍
ഉറഞ്ഞുപോയ
മഞ്ഞുടുത്ത
പൈന്‍മരങ്ങളിലൊന്ന്
അമര്‍ത്തിവെച്ച നിലവിളിയോടെ
അന്തര്‍ദ്ധാനം ചെയ്യുന്നതിനു
സാക്ഷികളായ
തടാകത്തില്‍ മീന്‍ പിടിക്കുന്ന
മൂന്നു കുട്ടികള്‍
ചൂണ്ടലില്‍ കുരുങ്ങിയ
മീനുകളെപ്പോലെ പിടച്ചുപോയി.
പള്ളി മിനാരത്തിന്‍മേല്‍ എപ്പോഴും കാണപ്പെടാറുള്ള
ആ ദേശാടനപ്പക്ഷി
(ആ താഴ്‌വരയില്‍ എത്തിയതോടെ
സ്വധര്‍മ്മം മറന്നുപോയ
ആ ദേശാടനപ്പക്ഷി)
ഇനിയൊരിക്കലും മടങ്ങിവരില്ലെന്നു
പിറുപിറുത്തു
പറന്നുപോയി.
ചിട്ടയിലും താളത്തിലും
മാര്‍ച്ചുചെയ്യുന്ന
അച്ചടക്കമുള്ള ഭ്രാന്താണ്
സൈന്യം എന്ന്
കൂടക്കൂടെ വിളംബരം
ചെയ്യാറുണ്ടായിരുന്ന
കഞ്ചാവുവില്‍പ്പനക്കാരനായ വൃദ്ധനെ
കാണാതാവുന്നത്
ആ കുഞ്ഞിന്റെ മൃതദേഹത്തിനു
മുമ്പില്‍വെച്ചാണ്.
കുന്നിറങ്ങിവരുന്ന
ചെമ്മരിയാടിന്‍ പ്രവാഹം
ഒരു നദി അപ്രത്യക്ഷമാകുന്ന വിധം
എന്ന കവിതപോലെ
ഇല്ലാതാവുന്നതു കണ്ടപ്പോള്‍
ഹസീനയെന്ന പെണ്‍കുട്ടി
തന്റെ കാഴ്ച നഷ്ടമായതാണെന്ന
ഭീതിയില്‍ നിലവിളിച്ചു.
ആളുകള്‍, മരങ്ങള്‍, കിളികള്‍,
എന്നും ആ താഴ്‌വാരത്തിനു മുകളില്‍
പൂത്തുനില്‍ക്കാറുള്ള
വളര്‍ത്തുമൃഗത്തിന്റെ
മെരുക്കമുള്ള നക്ഷത്രം,
പട്ടണങ്ങള്‍, വാഹനം, പുരങ്ങള്‍, ജനപഥങ്ങള്‍
ഹിമക്കരടികള്‍,
ആശയങ്ങള്‍,
ഓര്‍മ്മ,
സ്വപ്‌നങ്ങള്‍,
ഗന്ധങ്ങള്‍, രുചികള്‍
സിരാപടലം പോലുള്ള പാതകള്‍,
മനുഷ്യര്‍ ഉച്ചരിക്കുന്ന വാക്കുകള്‍,
എഴുതപ്പെട്ട
ഗ്രന്ഥങ്ങളിലെ അക്ഷരങ്ങള്‍,
വിഷാദഛായയുള്ള സായാഹ്‌നങ്ങള്‍,
ചരിത്രമായിത്തീര്‍ന്ന വൃഥകള്‍
ഇങ്ങനെ ആ ദേശത്തില്‍നിന്നും
നാള്‍ക്കുനാള്‍
പലരായി,
പലതായി
അപ്രത്യക്ഷമായി.
ഭൂപടങ്ങളായ ഭൂപടങ്ങളിലെല്ലാം
ആ ദേശം അഴുകി
പുഴുവരിക്കുന്ന നിലയില്‍ കാണപ്പെട്ടു.
ഏറ്റവും പ്രിയമായതിനെ
ഉപേക്ഷിക്കുന്നതിന്റെ വേദന
താഴ്‌വരയിലാകെ തളം കെട്ടി.
എങ്ങോട്ടാണിവര്‍ ഇല്ലാതാവുന്നതെന്ന്
ഉള്ളവര്‍ വിസ്മയിച്ചു.
വൈകാതെ ഉള്ളവരും
ഇല്ലാതായി.
എങ്ങോട്ടും പോവാനായല്ലാതെ
എങ്ങും അടയാളങ്ങള്‍
അവശേഷിപ്പിക്കാതെ
അപ്രത്യക്ഷരാകുന്നവരെ
അഭയാര്‍ത്ഥികള്‍ എന്നു
വിളിക്കുവതെങ്ങനെ?
പില്‍ക്കാലത്ത് സൈന്യവും
അതിെന മേയ്ക്കുന്ന
അജപാലകരും മാത്രമുള്ള
മരുഭൂമിയായി മാറിയ
ആ ദേശം
സ്വര്‍ഗത്തിന്റെ അഴുകിയ
മൃതദേഹം എന്നറിയപ്പെട്ടു.