എത്ര തല പുകഞ്ഞിട്ടും
ഉത്തരമില്ലാത്ത ചില ചോദ്യങ്ങൾ
നമ്മളെ വരിഞ്ഞ് കൊത്തി
വട്ടം ചുഴറ്റാറുണ്ട്.
അലറിക്കുതിച്ച് പെയ്യുന്ന
മഴയെ കെട്ടിപ്പിടിച്ച്
വെയിൽ നിവർത്തിയിട്ട
ജീവിതപടർപ്പുകളിൽ ചുംബിച്ച്
താളം കൊട്ടി ചുവട് വയ്ക്കുന്ന
ചോര വിഴുങ്ങിയ ഇളംകാറ്റ്
കത്തുന്ന മഴയെ
നെഞ്ചോടടുക്കിപ്പിടിച്ച
ജന്മങ്ങളുടെ തലച്ചോറിൽ
ചാട്ടവാറടിയേറ്റ് പുളയുന്നു.
നീതിക്കുവേണ്ടി ശബ്‌ദിക്കുന്നവരുടെ
കഴുത്ത് ഞെരിച്ച് കൊല്ലുന്ന
ചില താന്തോന്നിത്തരങ്ങൾ
അമർത്തിവച്ച രോഷം
പൊയ്മുഖങ്ങളുടെ
കഴുത്ത് കുത്തിപ്പിടിച്ച്
പുറത്തേക്ക് വലിച്ചിഴച്ച്
ചോദ്യം ചെയ്ത്
ജ്വലിച്ച് പെയ്യുന്നു.
എതിർ ശബ്ദങ്ങളെ പോലും
വിലക്ക് വാങ്ങി നീതിശാസ്ത്രങ്ങളെ
പോലും തച്ചുടക്കുന്ന
ദുഃശ്ശകുന ജന്മങ്ങൾ
ദൈന്യത മാത്രം എഴുതിവച്ച
പുസ്തകതാളുകളിൽ
പടർന്നിറങ്ങിയ കണ്ണീർതുള്ളികളിൽ
കത്തിപിടയുന്ന വേദനയിൽ
വിരിഞ്ഞ കനൽപൂവുകൾ.
പച്ചയ്ക്ക് കൊന്ന് തിന്നിട്ടും
മതിവരാത്ത കാട്ടുനീതിയുടെ
തലയിട്ടടിച്ച് പിടയുന്ന എരിച്ചിലുകൾ.
ദുരിതമേഘങ്ങൾ ചുവന്ന് തിണർത്ത
നോവ് കൊത്തി തിന്ന
നെഞ്ചിടിപ്പുകൾ.
ആകാശം കൊത്തിപ്പിളർന്ന
മൌനത്തിന്റെ തിരയിളക്കങ്ങളിൽ
പൊതിഞ്ഞ കറുത്ത വാക്കുകൾ.
ഇരുള് കോറി വരഞ്ഞ
കൂർത്ത നഖമുനച്ചിത്രങ്ങളിൽ
ദിശ തെറ്റി പതറി വീണ മുൾപൂവുകൾ
ഉച്ചിയിൽ നക്ഷത്രവെളിച്ചം
വരയ്ക്കുന്നു.
കണ്ണ് കുത്തിപ്പിളർക്കും
കൊടുംകാഴ്ചകളിൽ
ചോരനാമ്പുകൾ നാവുനീട്ടുന്നു.
ഭീതിയുടെ നിഴലുകൾ
നമ്മൾക്ക് പുറകേ ഓടിവന്ന്
വാതിലിൽ മുട്ടിവിളിക്കുന്നു വീണ്ടും
കത്തുന്ന മഴയെ നെഞ്ചിലുറക്കി
കൊലവിളിക്കുന്ന വഴിതെറ്റിയ
ചിന്തകൾക്ക്‌ നടുവിൽ
ഒരു പൂത്തിരി വെട്ടം
നമ്മൾക്കിടയിൽ ചെറു നിശ്വാസമായ്
പൂത്ത് തളിർക്കട്ടെ…..

( ഷാജു. കെ. കടമേരി )

By ivayana