വീടു വരയ്ക്കുമ്പോൾ
എന്നോടു മത്സരിക്കുന്നവർ തോറ്റു പോകുകേയുള്ളു.
ചരിഞ്ഞൊടിഞ്ഞു വീഴാറായ
രണ്ടു വരകൾ ,
ഏറിയാൽ മൂന്ന്
മേൽക്കൂര കഴിഞ്ഞു
കുത്തനേയുള്ള വരകൾക്ക്
ലെവലൊപ്പിക്കേണ്ട കാര്യമേയില്ല
അതങ്ങനെ
തടിച്ചും മുഴച്ചും മണ്ണുരുട്ടി ഓട്ടയടച്ചും
പടത്തെ വൃത്തിയാക്കി വച്ചോളും
ശരിക്ക് തെളിയാത്ത
തടിച്ച മുനയുള്ള പെൻസിൽ കൊണ്ട്
വാതിലും രണ്ടേരണ്ട് ജനലും
ഭദ്രമായി തട്ടിപ്പൊത്തിയടച്ചു വയ്ക്കാം
ഇറയത്തു നാലു ചളുക്കപാത്രങ്ങൾ
(ചോർച്ച പിടിക്കാൻ )
മുറ്റത്ത് അങ്ങിങ്ങ്
കുറച്ച് ചെടികൾ നാണംകെട്ട്
തലകുനിച്ച് നിൽക്കുന്ന മട്ടിലുള്ളത്
വരച്ചൊപ്പിക്കാൻ എത്രയെളുപ്പം !
ഗോവർദ്ധൻ കൊച്ചാപ്പൻ്റെ
(എൻ്റെയാരുമല്ല ,അയലോക്കം )
വീട് വരക്കാനായിരുന്നേ
ഞാനെന്നേ
തോറ്റു തൊപ്പിയിട്ടേനെ
തൂക്കി തൂക്കിയിട്ടിരിക്കുന്ന
മുറികൾ
ഞാനെങ്ങനെ എൻ്റെ പഴകിയ
ബുക്ക് പേപ്പറിൽ കൊള്ളിക്കും !
അടുക്കള ബഹളങ്ങളും
കൊതിപ്പിക്കുന്ന മണവും
എൻ്റെ ചിത്രത്തെ നനച്ചു കുഴച്ചേനെ
മുറ്റത്തെ വല്യ മതിലിനെ
എൻ്റെ മനസ്സിനു പോലും
വരച്ചു തീർക്കാനാവില്ലല്ലോ
പിന്നെങ്ങനെ !
ഹൊ ! നന്നായി
എനിക്കെൻ്റെ വീടു വരച്ചാമതി
ജയിക്കാനതല്ലേ എളുപ്പം?
എരിഞ്ഞു വീഴാനും ?

✍️ വൈഗ

By ivayana