1998 നവംബര്‍ മാസം.
അങ്ങനൊരു കാലമുണ്ടായിരുന്നു.
അന്നെല്ലാരും ചെറുപ്പമായിരുന്നു,
സ്വപ്നങ്ങള്‍ കാണുന്നവരായിരുന്നു.

ഒരു ഞായര്‍ പ്രഭാതം.
വൈകിയുണരുന്ന ദിവസം.
കണ്‍മിഴിച്ച പിന്നും
ഒരു മണിക്കൂറോളം അലസതയെ താലോലിച്ചിരുന്നു.
വിശപ്പുണ്ട്.
മഴ നനഞ്ഞ പ്രഭാതം കടന്ന്
വെളിച്ചം കുറഞ്ഞ
പൂര്‍വ്വാഹ്നത്തിലാണ് നേരമപ്പോള്‍.
കഴിക്കാനൊന്നുമില്ല.
പുറത്തേക്കിറങ്ങണം..
പല്ലുതേപ്പും കുളിയും കഴിഞ്ഞ്
കണ്ണാടിയിലൊന്ന് നോക്കി.
കൈയ്യില്‍ കിട്ടിയ ഉടുപ്പുമിട്ടിറങ്ങി.
അല്ലെങ്കില്‍, ഈ നഗരത്തില്‍ ഞാനെന്തിനെന്‍റെ
രൂപത്തേയും
വസ്ത്രങ്ങളേയും ശ്രദ്ധിക്കണം !

മഹാനഗരം
അങ്ങനെയൊരുപാട് സ്വാതന്ത്ര്യങ്ങള്‍
എനിക്കനുവദിച്ചിട്ടുണ്ടായിരുന്നു.
തെരുവുകളെ തൊട്ടും കടന്നും നടന്നു.
ബസ് സ്റ്റാന്‍ഡിനടുത്തുളള
അയ്യരുടെ കടയിലെ
ചൂടന്‍ ഇഡ്ലിയായിരുന്നു ലക്ഷ്യം.
കണ്ടതും അയ്യര്‍ ചിരിച്ചു.
അയ്യര്‍ക്കൊരു പേരുണ്ടായിരുന്നോ !
ഓര്‍ക്കുന്നില്ല.
അയ്യരുടെ നെറ്റിയില്‍ ഭസ്മം കൊണ്ട് വരച്ച മൂന്ന് വരകളുണ്ടായിരുന്നു.

അയ്യര്‍ കടയിലെ ഭക്ഷണത്തിന്‍റെ ക്വാളിറ്റിയുടെ നിസ്സന്ദേഹമായ
സ്ഥൈര്യത്തെയത് ഉറപ്പിക്കുന്ന പോലെ.
അതെനിക്കിഷ്ടാണ്, വിശ്വാസവും.
ചൂടന്‍ ഇഡ്ലി വന്നു,
സാമ്പാറിന്‍റെ ബക്കറ്റ് അയ്യര്‍ കൊണ്ടുവന്ന് മേശമേല്‍ വെച്ചു.
എനിക്ക് വേണ്ടുന്നതെടുക്കാം.
പക്ഷെ തേങ്ങാ ചട്നി രണ്ട് സ്പൂണ്‍
ഒഴിച്ച് തന്ന് ബക്കറ്റ് വെക്കാതെ
അയ്യര്‍ തിരിച്ചുനടന്നു.
പീന്നീടവിടെ നടന്നത്,
സൗഹൃദപരമായ ഒരു കീഴടങ്ങലായിരുന്നു..

സ്നേഹിക്കാന്‍ മാത്രമറിയാവുന്ന കാമുകിയെ പോലെ
ഇഡ്ലിയെനിക്ക് മുന്നില്‍ സ്വയം
സമര്‍പ്പിച്ചു.
ആര്‍ത്തിയോടെ ഞാനതിനെ കഴിച്ചു.
പൈസ കൊടുക്കുമ്പോള്‍ വീണ്ടും
അയ്യര്‍ ചിരിച്ചു, ഞാനും.
ആരാണ് നന്നായ് ചിരിച്ചത്.
രണ്ടും നല്ലതായിരുന്നു.
രണ്ടുപേരുടെ വിശപ്പുകള്‍
രണ്ട് ഭാഷയില്‍ ചിരിച്ചെന്നു മാത്രം.
നേരം പുലര്‍ന്ന്, കുറേ നേരമായെങ്കിലും
എനിക്ക് ദിവസം തുടങ്ങുന്നേയുള്ളു.
ചെയ്യാനൊന്നുമില്ല.
വെറുതെ നടക്കാം.
അടുത്ത് ബസ് സ്റ്റാന്‍ഡ്, മാര്‍ക്കറ്റ്, ജനങ്ങള്‍, തിരക്കേറിയ ശാലൈകള്‍.

ആകെ ചലനമയം.
ഹാ രസാണ്, നിരന്തരമായ
എന്നാല്‍ ആവര്‍ത്തനമില്ലാത്ത
ചലനങ്ങള്‍.
ചിലത് പ്രവചിക്കാന്‍ പറ്റും.
എന്നാലും പുതമയറ്റതല്ല.
ബസ് സ്റ്റാന്‍ഡിലേക്ക് നടന്നു.
എങ്ങോട്ടെങ്കിലും കുറച്ചുദൂരം പോകാം.
നിരനിരയായി നിര്‍ത്തിയിട്ടിരിക്കുന്ന
ബസുകള്‍ക്കെല്ലാം നീളന്‍ ചിറകുകളുണ്ട്.

പറക്കുന്ന പക്ഷികളെ പോലെ !
അവയില്‍ ആളുകള്‍ കയറിയതും കയറാത്തതുമുണ്ട്.
പിഞ്ച് വെള്ളരിക്ക വില്‍ക്കുന്ന കിളവിയും
വേര്‍കടല വില്‍ക്കുന്ന സെല്‍വിയും തമ്മില്‍ വാക്കേറ്റം.
പത്തു രൂപയ്ക്ക് ചില്ലറ കൊടുത്തപ്പോ
ഒരു രൂപ കുറഞ്ഞുപൊയെന്ന്.
ആ വഴക്ക് നോക്കി നില്‍ക്കുന്നുണ്ട്
പേനയും പിന്നും വില്‍ക്കുന്ന ഒരു സിറുമി.
അവര്‍ തുടരട്ടെ, ഒരു രൂപയാണ്
അന്ന് ബസിന് മിനിമം ചാര്‍ജ്.

ഞാന്‍ ബസിന്‍റെ ബോര്‍ഡുകള്‍ വായിച്ച് നടന്നു.
കടല്‍ക്കരയിലേക്കുള്ളതുണ്ട്.
തിരക്കുമില്ല.
ഡ്രൈവിംഗില്‍ അവര്‍ രണ്ടു പേര്‍.
അവരെന്തൊ പറഞ്ഞ്
ചിരിക്കുന്നുണ്ടായിരുന്നു.
ഒരാള്‍ മറ്റേയാളേക്കാള്‍ കൂടുതല്‍ ചിരിച്ചു.
അയാളാവണം തമാശപറഞ്ഞതും
കൂട്ടത്തില്‍ പ്രധാനിയും.
മറ്റേയാള്‍ തിരിഞ്ഞു നോക്കി,
കണ്ടക്ടറോട് ചോദിച്ചു
”ഡായ് കുമരേശാ, പോകലാമാ ?’
കണ്ടക്ടര്‍ പ്രതികരിച്ചില്ല.
പകരം വായില്‍ വിസിലും കടിച്ചുപിടിച്ച്
പുറത്തു നോക്കി പരിസരം നിരീക്ഷിച്ചു.

സമയത്തിന്‍റെ ചെറിയ അളവുകളെ നമ്മള്‍
ചുറ്റുപാടുകള്‍കൊണ്ട് മനസ്സിലാക്കുന്നു.
അയാള്‍ ടിക്കറ്റ് കൊടുക്കുന്നത് തുടര്‍ന്നു.
ഞാനൊരു സൈഡ് സീറ്റ് പിടിച്ചു,
ചിറകുകള്‍ എന്‍റെ കാഴ്ചയെ മറയ്ക്കാത്ത വിധം.
‘ടിക്കറ്റ് ടിക്കറ്റ്” അയാള്‍
ആരോടെന്നില്ലാതെ പറഞ്ഞു.
വാങ്ങിയവര്‍ അയാളെ ഇഷ്ടമില്ലാതെ നോക്കി.
”ഒര് കടല്‍ക്കരൈ”
അനൗണ്‍സ്മെന്‍റൊക്കെയുണ്ട്.

നമ്പറും റൂട്ടുമൊക്കെ താളത്തില്‍ പറയുന്ന ആള്‍ക്ക് ഒരമ്പത് വയസ്സും കഷണ്ടിയും കുടവയറുമുണ്ടാകണം
പറച്ചലിന്‍റെ താളംവെച്ച് ഞാനയാളെ വരയ്ക്കാന്‍ നോക്കി.
കണ്ടക്ടര്‍ വിസിലടിച്ചു.
എന്‍റെ ബസ് ട്രാക്ക് വിട്ട് നീങ്ങിത്തുടങ്ങി.
കണ്ടക്ടര്‍ വീണ്ടും ഡബിളടിച്ചു.
സ്റ്റാന്‍ഡ് വിട്ട് പുറത്തേക്ക്.
റോഡ് നിറയെ വാഹനങ്ങള്‍.
വേണമെങ്കില്‍ ഇതെന്തൊരു ട്രാഫിക്കാണെന്ന് ആശ്ചര്യപ്പെടാമായിരുന്നു.
പക്ഷെ എനിക്കൊട്ടും ധൃതിയില്ലല്ലോ.
പതുക്കെ നീങ്ങുന്നുണ്ട്.

ചിറകിനടിയിലുടെ വെട്ടിച്ച് പോയ
ഓട്ടോറിക്ഷയെ നോക്കി കണ്ടക്ടര്‍ വഴക്കുപറഞ്ഞു.
സകലം ഇഴഞ്ഞു നീങ്ങുകയാണ്.
ഒരു സിഗ്നലില്‍,
ചുവപ്പിന് താഴെ ബസ് നിന്നു.
എല്ലാവരും പച്ച കത്തേണ്ട വട്ടത്തിലേക്ക് തുറിച്ചു നോക്കിയിരുന്നു.
ആരുമൊന്നും മിണ്ടുയില്ല.
അങ്ങനെ പല സിഗ്നലുകളില്‍
നിരങ്ങി നിരങ്ങി നീങ്ങുന്ന ബസ്.
പിന്നെയൊരു സിഗ്നലില്‍ നിര്‍ത്തിയപ്പോള്‍
ബസിലെ അനൗണ്‍സ്മെന്‍റു വന്നു.

പത്തു മിനിറ്റ് സമയമുണ്ട്,
ചായ കുടിക്കേണ്ടവര്‍ക്ക് കുടിക്കാം.
‘വേഗം വേണം’, എന്ന്
കണ്ടക്ടര്‍ ആവര്‍ത്തിച്ചു.
പത്തെന്നത് അയാള്‍ അഞ്ചു മിനുറ്റാക്കി കുറയ്ക്കുകയും ചെയ്തു.
പലരും ഇറങ്ങി, അടുത്തുള്ള
കടകളിലേക്ക് പോയി
അയ്യരുടെ ഇഡ്ലിയും
പേഴ്സിലെ ചില്ലറകളും എന്നെവിലക്കി.
എനിക്കൊന്നും വേണ്ടായിരുന്നു.
എന്നാലും ഇനിം എത്ര നേരമെടുക്കും യാത്രയെന്നറിയില്ല.
ഞാനും പുറത്തേക്കിറങ്ങി.
വായിക്കാന്‍ എന്തേലും വാങ്ങാം.

ഞാന്‍ മുറുക്കാന്‍ കടയില്‍ തൂക്കിയിട്ട
വാരികകളിലേക്ക് കണ്ണോടിച്ചു.
മാതൃഭൂമിയുണ്ട്
”പുതുസ്സാ” ?
”അല്ല പോണ വര്‍ഷത്തെയാ, പുതിയത് വരാനാകുന്നേയുള്ളളു”
സാരല്ല, ഇരിക്കട്ടെ.
പഴയതിന് പകുതി പൈസ കൊടുത്താ മതി.
പഴകും തോറും വീര്യം കൂടുന്ന വീഞ്ഞിന്
പകുതിപ്പണമോ !! മണ്ടന്‍.
എനിക്ക് ലാഭാണല്ലോ.
പൈസ കൊടുത്ത് ബാക്കി വാങ്ങാന്‍ നില്‍ക്കുമ്പോ
ഞാനത് തുറന്നു നോക്കി.
ആ കുറേയുണ്ട് വായിക്കാന്‍.

ഒരു ഡബിള്‍ വിസില്‍ കേട്ടു.
തിരിഞ്ഞു നോക്കുമ്പോള്‍
സിഗ്നലില്‍ മൂന്നും പച്ച നിറത്തില്‍ കത്തുന്നുണ്ട്.
ഡോറടച്ച് ഡബിളടിച്ചത് എന്‍റെ വണ്ടി, എന്‍റെ കണ്ടക്ടര്‍.

”അയ്യോ പോകല്ലേ, ആളു കേറാനുണ്ട്’
ഞാന്‍ ബസിനടുത്തേക്കോടി.
പക്ഷെ, അപ്പഴേക്കും അത് നീങ്ങിത്തുടങ്ങിയിരുന്നു.
വേഗം കൂടുകയാണ്.
ബസിന് പിന്നേലെ ഞാനോടി.
റോഡിലപ്പോള്‍ വണ്ടികളേതുമില്ലാതെ മീനംപാക്കത്തിലെ റണ്‍വേ പോലെ കണ്ടു.

അസാമാന്യമായ വേഗത്തില്‍
എനിക്കു മുന്നിലായ്
എന്‍റെ ബസ് പായുന്നുണ്ട്.
സര്‍വ്വശക്തിയുമെടുത്ത് ഞാന്‍ പിന്നാലെയും.
പെട്ടന്നത് ഭൂമിയില്‍ നിന്നുമുയര്‍ന്നു.

ഒരു വലിയ പക്ഷിയെ പോലെയത് ആകാശത്തേക്ക് പറന്ന് പൊങ്ങി.
എന്‍റെ മുന്നിലെ വഴിയപ്പോള്‍
ഒരു വന്‍മതിലിനു താഴെ അവസാനിച്ചിരിന്നു.
കിതപ്പോടെ, ഞാനാ മതില്‍ ചാരി നിന്നു.
ആകാശത്തിലേക്ക് നോക്കി.
അവിടെയൊരായിരം വര്‍ണ്ണവിമാനങ്ങള്‍ തലങ്ങും വിലങ്ങും പാറിക്കളിക്കുന്നു.
ഇതില്‍ എന്‍റെ വിമാനമേതാണ് !!

By ivayana