മാസ്ക്ക്…..നീ
എന്നിൽ അറിയാതെ വന്നുച്ചേർന്നൊരു
മുഖാവരണമല്ല…..
അനീതിയും അസത്യവും
അരങ്ങ് വാഴുമ്പോൾ…
പല സത്യങ്ങളും, ഞാൻ
മൂടിവെച്ചതിനാൽ
പ്രകൃതി അറിഞ്ഞുകൊണ്ടെനിക്ക്
ചാർത്തിയ ആഭരണമാണ് നീ…
മാസ്ക്ക്..
നീയെനിക്കൊരു മൂടുപടമോ
എന്നിക്കായ് തീർത്ത പരിരക്ഷയോ അല്ല
മറിച്ചെന്നെ മൂടികെട്ടിയ
അടിമത്വത്തിന്റെ അടയാളമാണ്
മാസ്ക്ക്…
സത്യങ്ങൾ വിളിച്ചുപറയുന്നവന്റെ
വായ് മൂടിക്കെട്ടുന്നയീ കാലത്ത്
എഴുത്ത്കാരന്റെ കൈകളെല്ലാം
വിലങ്ങണിയിക്കുന്നതിനു മുമ്പെങ്കിലും
അഴിച്ചു മാറ്റണമെനിക്കീ മുഖാവരണം
എന്നിട്ട്…..
വിളിച്ച് പറയണമെനിക്കുമീ…
ലോകത്തോട്…
മാസ്ക്ക്…നീ എനിക്കൊരു തുണ്ട്
കീറത്തുണി മാത്രമായിരുന്നെന്ന്…
മാസ്ക്ക്…
ഉച്ചത്തിൽ പ്രതികരിക്കേണ്ട
പല സമര മുഖങ്ങളിലും
ഞാൻ മൗനം പാലിച്ചതിന്റെ
ശിക്ഷയാകാം.. നീയെനിക്ക്
തീർത്തയീ…തുണികഷ്ണത്തിന്റെ കാരാഗൃഹം
മാസ്ക്ക്…
നിന്നുള്ളിൽ മരിച്ച് വീഴുന്നതിന്ന്
ചിരികളല്ല…മറിച്ച്…
പ്രതിഷേധത്തിന്റെ അലയൊലികളാണെന്ന സത്യം
ഇനിയുമെങ്കിലും നീ…തിരിച്ചറിയുക