സൂര്യൻ മഞ്ഞിലൊളിക്കുന്ന ഒരു തണുത്ത സായാഹ്നത്തിലാണ് തണുപ്പിനെ വക വയ്ക്കാതെ കമ്പിളിയുടുപ്പും തൊപ്പിയും സോക്സും ഷൂസുമൊക്കെ ധരിച്ച് ഞാനും പ്രഭ ചേച്ചിയും നടക്കാനിറങ്ങിയത്.
ഞങ്ങൾ താമസിക്കുന്ന സ്ഥലത്തിന് മുന്നിലൊരു ഇടറോഡാണ് അതിനിരുവശവും ഇടതൂർന്ന കുട്ടിക്കാടാണ്. ഇടയ്ക്കിടെ മയിലിനെയും, നീൽ ഗാറിനെയുമൊക്കെ ആ പൊന്തക്കാടുകൾക്കിടയിൽ കാണാം. ഉച്ച നേരത്ത് ധാരാളം കാലികൾ അവിടെ മേഞ്ഞു നടക്കുന്നുണ്ടാകും.
അതുങ്ങളെയൊക്കെ കാണാനും കൂടി വേണ്ടിയാണ് അധികം ആൾ സഞ്ചാരമില്ലാത്ത ആ റോഡിലൂടെ ഞങ്ങൾ നടക്കുന്നത്.
അന്നാണെങ്കിൽ എനിക്കധികം താത്പര്യമില്ലായിരുന്നു നടക്കാൻ പോകാൻ. പക്ഷേ എല്ലിൽ കുത്തുന്ന തണുപ്പത്ത് വീട്ടിലിരുന്ന് ചൂടുചായയും, കപ്പലണ്ടിയും കൊറിച്ചു കൊണ്ടിരുന്ന എന്നെ തുക്കിയെടുത്ത് പ്രഭ ചേച്ചി നടക്കാനിറങ്ങി, കൂട്ടത്തിൽ നല്ലാരോഗ്യ ശീലത്തെ കുറിച്ച് ചേച്ചിയുടെ ആയിരത്തിയിരത്തി ഒന്ന് ഉപദേശങ്ങളും തരുന്നുണ്ടായിരുന്നു.
ഞാനാണെങ്കിൽ ഇറങ്ങാൻ നേരം അവർ കാണാതെ പോക്കറ്റിൽ വാരിയിട്ട കപ്പലണ്ടി ഓരോന്നും അവരറിയാതെ കൊറിച്ചു കൊണ്ട് ,ഞാൻ വളരെ സീരിയസ് നാട്യത്തിൽ തല കുലുക്കി പിറകെ നടന്നു.
കുറെ നടന്നപ്പോൾ പെട്ടെന്ന്
എടിയേ… കുതിര… കുതിര… എന്നും പറഞ്ഞ് ചേച്ചി നാലുചാട്ടം. ഞാൻ നോക്കിയപ്പോൾ ഒരു കുതിരയെ അതിന്റെ ഉടയോൻ ഒരു പയ്യൻ മേയ്ക്കുന്നുണ്ടാ പുൽമേട്ടിൽ.
ഇതിപ്പോ വലിയ കാര്യമല്ലല്ലോ ചേച്ചി എന്നവരോട് ഞാൻ ചോദിച്ചതൊന്നും ചേച്ചി കേട്ടില്ലെന്ന് തോന്നുന്നു. “എനിക്ക് കുതിരപ്പുറത്ത് കേറണമെന്നാശയുണ്ടെടീ… എന്നും പറഞ്ഞ് അവരോടി അതിനടുത്തെത്തി. ആളെ കണ്ടതും കുതിര ചിനച്ചു കൊണ്ട് നാലടി പിറകോട്ട് പോയി. ലക്ഷണം കണ്ടിട്ട് ആളിണക്കം വരാത്ത സവാരി ചെയ്യിക്കാത്ത കുതിരയാണെന്ന് തോന്നുന്നു അതിന്റെ മേളിൽ കേറണ്ട ചേച്ചി എന്ന എന്റെ ഉപദേശവും ആ ചെറുക്കന്റെ നഹി … നഹി പറച്ചിലൊന്നും മൈൻഡ് ചെയ്യാതെ ഈ ഊളക്കുതിരയെ എനിക്കൊരു പേടിയുമില്ലെന്ന് പറഞ്ഞ് ആ പയ്യന് നല്ലൊരു തുക കൈമടക്ക് കൊടുത്ത് ചേച്ചി കുതിര സവാരി നടത്താൻ തന്നെ തീരുമാനിച്ചു.
വീണാൽ തവിട് പൊടിയാവും,എറങ്ങ് പെണ്ണുമ്പിള്ളെ എന്ന എന്റെ കളിയാക്കലിൽ ചിരിച്ചു കൊണ്ട്
“പോടീ, കുശുമ്പി , ഉണ്ണിയാർചെടെ കുടുംബത്തിപ്പിറന്നവളാ ഞാൻ, ആ എന്നോടോ ബാലാ… “
എന്ന് പറഞ്ഞ് അവർ അതിന്റെ പുറത്ത് അള്ളിപ്പിടിച്ച് കേറി.
ചേച്ചീടെ 100 കിലോ ഭാരം താങ്ങാനാകാതെ കുതിര വള്ളം പോലെ ഞെളിയാൻ തുടങ്ങി. അതിനിടയ്ക്ക് , കുതിരപ്പുറത്തിരുന്ന ചേച്ചി ഒരു കൈ കടിഞ്ഞാണിൽ പിടിച്ച് മറുകൈ ഉയർത്തി”നാൻ ആണയിട്ടാൽ …. അത് നടത്തി വിട്ടാൽ… എന്ന തമിഴ് പാട്ട് ഉറക്കെ പാടാൻ തുടങ്ങി.
അതിടയ്ക്ക് തന്റെ മുതുകത്തെ നൂറ് കിലോ വെയിറ്റിൽ നിന്ന് കാക്കറൻ പൂക്കറൻ ശബ്ദത്തിലെ അറിഞ്ഞൂടാത്ത ഭാഷയിലെ നിലവീളിം കൂടെ കേട്ട് കുതിരയ്ക്ക് കീലയിളകി.
അത് ങ് ….ഹ… എന്ന് ചിനച്ചു കൊണ്ട് ഒറ്റ ഓട്ടം.
ഒരു നിമിഷം ഞാനും ആ പയ്യനും എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിന്നു. പിന്നെ ഒന്നുമാലോചിച്ചില്ല
“രുക്… കുതിരെ അരെ നിക്ക് കുതിരെ … എന്നും വിളിച്ച് കൊണ്ട് ഞങ്ങൾ അതിന്റെ പിറകെ പാഞ്ഞു.
ഓടിയോടി എന്റെ പിത്തമിളവിയതല്ലാതെ അതിന്റെ ഏഴയലത്ത് പോലും എത്താൻ പറ്റിയില്ല. കുതിര ചെറുക്കന്റെ മുതലായോണ്ട് അവൻ പിന്നേം കൂടെയോടി.
ഈ സമയം കുതിരപ്പുറത്തിരുന്ന് എം.ജി.ആറിന് പഠിച്ചു കൊണ്ടിരുന്ന ചേച്ചി , കുതിരയുടെ അപ്രതീക്ഷിതമായ ഓട്ടത്തിൽ ഭയന്നുകൊണ്ട് …എന്റെ അമ്മച്ചിയേ, ആറ്റുകാൽ ദേവിയേ …. ആളെറങ്ങാനുണ്ടേ എന്ന് വലിയ വായിൽ നിലവിളിക്കുന്നുണ്ടായിരുന്നു. ചുരുക്കത്തിൽ കുതിരയുടെ കുതിപ്പിൽ രണ്ടിഞ്ച് പൊങ്ങി കടിഞ്ഞാണിൽ കടിച്ചു പിടിച്ചു കിടന്നു കൊണ്ട് ചേച്ചി മുപ്പത്തിമുക്കോടി ദൈവങ്ങളെയും അലറി വിളിച്ചു എന്നു വേണോങ്കി പറയാം.
കണ്ടു കാണുന്നേന് മുന്നേ കുതിരയുടെ കുതിപ്പ് കൂടി ചേച്ചിടെ പിടുത്തം വിട്ട് റേഷൻ കടേലെ ഗോഡൗണിലേയ്ക്ക് വലിച്ചെറിയുന്ന അരിച്ചാക്ക് വന്നു വീഴുന്ന പോലെ ചേച്ചി പൊത്തോന്ന് പറഞ്ഞ് ആ കല്ലൻ തറയിൽ വീണ്ടുരുണ്ടു.
ഞാൻ നോക്കുമ്പോ അര ബോധമേയുള്ളൂ , പിന്നെ വീട്ടിൽ നിന്ന് വണ്ടീം കൊണ്ട് ആളെ വരുത്തി അവരെ പിടിച്ചു ഉയർത്തി ഹോസ്പിറ്റലിൽ കൊണ്ടുപോയി , കഴുത്തിലും നടുവിലും ബെൽറ്റിട്ടു.
വയസമ്പതായ അസ്ഥികൾ ഉടക്കിയത് നിമിത്തം കാലുകൾ റ പോലെ തന്നെ ഇരിക്കുന്നുണ്ടായിരുന്നു. കൂടാതെ
ടയറിന്റെ പഞ്ചറൊട്ടിക്കുന്ന പോലെ കൈയിലും കാലിലും മുഖത്തും ബാൻഡെയിടുമായി നമ്മുടെ പാവം ഉണ്ണിയാർച്ച അരബോധത്തിൽ എന്റെ കാലേന്നാ കുതിരയെ പിടിച്ച് മാറ്റപ്പീ…. എന്ന് അവിടെക്കിടന്ന് വലിയ വായിൽ നിലവിളിച്ചു.
താമസിയാതെ അവിടന്ന് ഡിസ്ചാർജായി നേരെ കണ്ണപ്പൻ വൈദ്യരുടെ എണ്ണത്തോണിയിലിട്ട് തടവിച്ച് പാവം ചേച്ചിയെ റ യിൽ നിന്ന് പൂർണ്ണ രൂപത്തിലേക്ക് മാറ്റിയെടുത്തു.
കണ്ടകശനി എന്നൊക്കെപ്പറയുന്നതിതായിരിക്കും അല്ലേ…
(സത്യത്തിൽ കുതിരപ്പുറത്ത് ചേച്ചിക്ക് ശേഷം കേറാമെന്ന ഒരു മോഹം എന്നിലുമുണ്ടായിരുന്നു.
എന്റെ ഭഗവതീ… നീ.. കാത്തു… ഇല്ലെങ്കിൽ അടുത്ത ഏപ്രിലിൽ നാട്ടിലെക്ക് ഞണ്ടു പോലൊരു രൂപത്തിൽ വന്നിറങ്ങുന്ന എന്നെ എന്റെമ്മയ്ക്ക് കാണേണ്ടി വന്നേനെ)