ണിംണാം മണിയടികൾ പള്ളിക്കൂടമുറ്റത്തു
മുഴങ്ങിയിരുന്ന ഓർമകളിലെ പകലുകളിൽ
ഹർഷാരവത്തോടെ ഞങ്ങൾ കുഞ്ഞുങ്ങൾ,
കൊച്ചുകൂട്ടുകാർ മഴയിലേക്കിറങ്ങി
തെയ്യാരംതെന്നിച്ചോടുന്ന ഓർമ്മകൾ
ഇന്നുമെൻമനസ്സിൽ വെള്ളിക്കൊലുസുകൾ പോൽ,
കിലുകിലാരവം പൊഴിക്കുന്നു… !
കാലവർഷം കനക്കുന്ന നാളുകളിൽ
സ്കൂൾ വരാന്തകളിലോളം വെള്ളം വന്നെത്തുന്നതിൻ ദുരന്തം
താങ്ങാൻ കഴിയാതവ്വണ്ണം പ്രധാനാധ്യാപകൻ
വീടാകും കൂട്ടിലെ കെട്ടിലേക്കെത്തിക്കുവാൻ
വെമ്പൽ കൊള്ളുമാറുണ്ട്
എൻ കാണാക്കാഴ്ചകളിൽ.. !
കാലവർഷം ചതിച്ചുപിണഞ്ഞാൽ
പുഴ, വഴിയേ കുതിച്ചുചാടീടുംന്നേരം,
നിറഞ്ഞുകവിയും വഴിയുംവീടുംപടിപ്പുരയും വെള്ളത്തിലാണ്ടുപോകും.. !
അന്നുഞങ്ങൾ വാഴത്തടകൾ
കൂട്ടിക്കെട്ടി വയലേലകളിലെ വെള്ളക്കെട്ടുകളിലെങ്ങും
വള്ളംകളികൾ നടത്താറുണ്ട്,
കനവുകളിലെ ചുണ്ടൻമാരും ഇരുട്ടുകുത്തിയും ഉണ്ടാവാറുണ്ടവിടെ.. !
വൈകുന്നേരങ്ങളിൽ തണുത്തുവിറച്ചു,
ജലകേളികളുടെ ആഘോഷം
വീടുകളുടെ നനഞ്ഞ ഇളംതിണ്ണകളിൽ
തിമിർക്കാറുണ്ടവിടെ, അമ്മയുടെ
മുറുമുറുപ്പുകൾക്കിടയിൽ… !
ബിനു ആർ.