മാതൃ ഭാഷയോടുള്ള പ്രണയം എല്ലാവർക്കും ഉണ്ട്. അത് തെറ്റൊന്നും അല്ല. മലയാള ഭാഷയ്ക്ക് ശ്രേഷ്ഠ ഭാഷാ പദവി ലഭിച്ചതിന്റെ ആഘോഷം ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങളെ പ്രോത്സാഹിപ്പിക്കുന്ന മനോരമ അടക്കം വളരെ ഗംഭീരമായി ആഘോഷിച്ചു. മനോരമ പത്രം ചെലവാകണമെങ്കിൽ ഇവിടെ മലയാളം വായിക്കാൻ കഴിവുള്ളവർ ബാക്കിയുണ്ടാകണം എന്ന് മനോരമയ്ക്ക് നന്നായി അറിയാം.
ഞാനൊരു മാതൃ ഭാഷാ പ്രേമി ആയിരുന്നു. മലയാളത്തിനു വേണ്ടി ഒരുപാട് വാദിക്കുന്നവരുടെ കൂട്ടത്തിൽ ആയിരുന്നു ഞാനും. ഭാഷയെ സംരക്ഷിക്കാനുള്ള സമരങ്ങളിൽ അവരോടൊപ്പം ഞാനും സജീവമായി പങ്കെടുത്തു.
അത്തരം സമരങ്ങൾ സംഘടിപ്പിച്ച നേതാക്കളിൽ പലരുടെയും മക്കൾ പഠിക്കുന്നത് ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങളിൽ ആണെന്ന് തിരിച്ചറിഞ്ഞപ്പോൾ ഞാൻ ആ സമര പരിപാടികളിൽ നിന്നു പിന്മാറി. ഇരുപത് വർഷങ്ങൾക്ക് മുമ്പെ ഞാൻ ആ പിന്മാറ്റം നടത്തി.
അതിനു ശേഷം ഞാൻ ചെയ്തത് തെണ്ടിത്തിരിയുക എന്നതാണ്. ഇന്ത്യ മുഴുവൻ തെണ്ടിത്തിരിയുക എന്നതായിരുന്നു. യാത്ര ചെയ്തു എന്ന് പറയില്ല, അതൊക്കെ വലിയ മനുഷ്യർക്ക് പറയാൻ പറ്റിയ പ്രയോഗങ്ങൾ അല്ലേ. എന്നെപോലെയുള്ള ചെറിയ മനുഷ്യർക്ക് തെണ്ടിത്തിരിയുക എന്ന പ്രയോഗം ആണ് ശരിയാകുക.
പണവും മുൻകൂട്ടിയുള്ള തെയ്യാർ എടുപ്പുകളും ഇല്ലായിരുന്നു. തോന്നുമ്പോൾ ഒരു യാത്ര. റെയിൽവേ സ്റ്റേഷനിൽ എത്തുക. അവിടെ നിന്ന് കിട്ടുന്ന വണ്ടിക്ക് യാത്ര തുടങ്ങും. തെക്കോട്ടോ വടക്കോട്ടോ എന്നൊന്നും ഇല്ല. ഒരു ദിശയിലൂടെ തുടങ്ങും മറ്റു ദിശകളിലൂടെ തുടർന്ന് ഏതെങ്കിലും ഒരു ദിവസം തിരിച്ചു വീട്ടിൽ എത്തും. ചിലപ്പോൾ ദിവസങ്ങൾ കഴിഞ്ഞ്, മറ്റു ചിലപ്പോൾ ആഴ്ചകൾ കഴിഞ്ഞ്, മാസങ്ങൾ കഴിഞ്ഞും തിരിച്ചു വന്നിട്ടുണ്ട്.
കശ്മീർ, നാഗാലാൻഡ് എന്നിങ്ങനെ ഏതാനും സംസ്ഥാനങ്ങൾ മാറ്റി നിറുത്തിയാൽ ഭൂരിപക്ഷം സംസ്ഥാനങ്ങളിലും എത്തിച്ചേർന്നു.
അപരിചിതമായ വഴികൾ, അപരിചിതരായ മനുഷ്യർ, വ്യത്യസ്തമായ ശീലങ്ങളും ദുശീലങ്ങളും ഉള്ളവർ. വിവിധ മതക്കാർ, വിവിധ ജാതിക്കാർ, വിവിധ ഭാഷക്കാർ. അവരുടെ ഭാഷകൾ എനിക്ക് അറിയില്ലായിരുന്നു. എന്നിട്ടും അവരോട് സംവദിക്കാൻ സാധിച്ചു. അവരുടെ പലരുടെയും വേദനകളും നൊമ്പരങ്ങളും അറിഞ്ഞു.
മനുഷ്യർക്കു തമ്മിൽ സംവദിക്കാൻ ഒരു ഭാഷയുടെ ആവശ്യമെ ഇല്ല എന്ന് മനസ്സിലായത് ആ യാത്രകളിൽ ആണ്.
മാതൃഭാഷാ പ്രേമം ഒരു മണ്ടത്തരം ആണെന്നും, പ്രാദേശികത വാദം ഒരു ആപത്താണ് എന്നും തിരിച്ചറിഞ്ഞത് ആ യാത്രകളിൽ ആയിരുന്നു.
അപരിചിതരായ മനുഷ്യരുടെ വീടുകളിലേക്ക് കടന്നു ചെന്നു, ഒരു ദിവസം തങ്ങാനുള്ള ഇടവും, അന്നത്തെ ഭക്ഷണവും ദാനം വാങ്ങി യാത്ര തുടർന്നു. വിനോദ യാത്രയല്ല, എന്റെ നാടിനെ തേടിയുള്ള യാത്രകൾ ആയിരുന്നു എന്റെ തെണ്ടിത്തിരിയിലുകൾ.
ഡൽഹിയിലെ കമല മാർക്കറ്റിൽ വച്ച് നൂറ് രൂപയ്ക്ക് ശരീരം തരാം എന്നു പറഞ്ഞത് ഒരു ഇന്ത്യക്കാരി. ഞാനും ഇന്ത്യക്കാരൻ. അവൾ എനിക്കു സഹോദരി എന്നല്ലേ ചിന്തിക്കേണ്ടത്. ആ ചിന്ത കൊണ്ടല്ല അവളെ ഒഴിവാക്കിയത്, നൂറ് രൂപയ്ക്ക് ശരീരം വിൽക്കേണ്ടി വരുന്ന അവളുടെ ഗതികേട് മനസ്സിലാക്കാൻ ഒരു ചിന്തയും ആവശ്യമില്ല, ഒരു ഭാഷയും ആവശ്യമില്ല. നൂറ് രൂപ കൊടുത്ത്, മറ്റൊന്നും ആവശ്യപ്പെടാതെ ഞാൻ എന്റെ വഴിക്കു പോകുമ്പോൾ, അവൾ എന്നെ നോക്കുന്നുണ്ടായിരുന്നു. ഏതൊ ഭാഷയിൽ അവൾ എന്തോ പറയുന്നുണ്ടായിരുന്നു. അത് അവളുടെ മാതൃ ഭാഷ ആയിരുന്നിരിക്കണം. അതിനു മുമ്പ് അവൾ സംസാരിച്ചത് ഹിന്ദിയിൽ ആയിരുന്നു. ഹിന്ദി എനിക്ക് അറിയാത്ത ഭാഷ ആണെങ്കിലും, നൂറ് രൂപയ്ക്ക് ശരീരം തരാം എന്ന് പറഞ്ഞത് എനിക്കു മനസ്സിലായി. എനിക്ക് അറിയാത്ത ഭാഷയിൽ ആകാശത്തിലേക്കു നോക്കി അവളും ആരോടാണ് സംസാരിച്ചത് എന്നും എനിക്കു മനസ്സിലായി. തലസ്ഥാന നഗരത്തിലെ തെരുവിൽ നിന്ന് ” ശരീരം വേണോ, ശരീരം വേണോ, നൂറു രൂപയ്ക്ക് ഒരു പെണ്ണിന്റെ ശരീരം വേണോ, ” എന്ന് വിളിച്ചു ചോദിക്കേണ്ട ഒരു ഗതികേടിൽ അവളെ എത്തിച്ചതിൽ മുകളിൽ ഇരിക്കുന്ന അവനും പങ്കുണ്ട്. അവൾ അവനോടു നന്ദി പറഞ്ഞതാകും, അല്ലെങ്കിൽ അവനെ ശപിച്ചതാകും.
മുകളിൽ ഇരിക്കുന്നവൻ എല്ലാം കാണുന്നുണ്ട്, എല്ലാവരും എല്ലായ്പോഴും പറയും. മുകളിൽ ഇരിക്കുന്നവർ എല്ലാം കാണും, പക്ഷേ, അവർക്ക് ആവശ്യമുള്ളതേ മനസ്സിലാക്കാറുള്ളു.
അതൊരു ഡിസംബർ മാസം ആയിരുന്നു. ആ വർഷത്തിൽ ശൈത്യം അതി തീവ്രമായിരുന്നു. എഴുപതോളം മനുഷ്യർ അതി ശൈത്യത്തിൽ മരിച്ചു.
എന്റെ കൈവശം ഒരു കമ്പിളിയോ, സ്വെട്ടർഓ ഇല്ലായിരുന്നു. ഉണ്ടായിരുന്ന തോർത്തുകൊണ്ട് ചെവിയിലേക്ക് തണവ് കയറാത്ത വിധം തലയിൽ ചുറ്റിക്കെട്ടി. ഷൂ ഉള്ളതിനാൽ കാൽ പാദങ്ങളിലൂടെ തണവ് കയറില്ല. കൈ പത്തികൾ എപ്പോളും പാന്റ്സിന്റെ പോക്കറ്റിൽ നിക്ഷേപിച്ചു. പ്രഭാതത്തിൽ കാഴ്ച തെളിയുമ്പോൾ നടത്തം തുടങ്ങും, സായാഹ്നത്തിൽ കാഴ്ചകൾ മങ്ങുമ്പോൾ നടത്തം അവസാനിപ്പിക്കും. ഏതെങ്കിലും റെയിൽവേ സ്റ്റേഷനിൽ, അല്ലെങ്കിൽ ഏതെങ്കിലും കെട്ടിട വരാന്തയിൽ, കാർഡ് ബോഡ് ഷീറ്റുകൾ മെത്തയാക്കി, കൈവശം ഉള്ള എല്ലാ തുണികളും കൊണ്ട് ശരീരം പരമാവധി പൊതിയും, ഒരു ‘മമ്മി’ ആയി സ്വയം മാറും. ശ്വാസവും ശ്വാസ ഗതിയും ആ മമ്മിക്കുള്ളിൽ ഒതുങ്ങും. അതൊരു തന്ത്രം ആണ്, രാത്രിയിലെ അതിശയ്ത്യത്തെ നേരിടാനുള്ള ഒരു കൂട് കെട്ട്. മനുഷ്യരോ മൃഗങ്ങളൊ ശല്യപ്പെടുത്താറില്ല. അതിശയ്ത്യം കാരണം പോലീസും നേരത്തെ മുളയും.
ആ ഒറ്റ യാത്രയിൽ, നടന്നും തീവണ്ടിയിലുമായി 113 ദിവസം കൊണ്ട് അലഞ്ഞത് അനേകം സ്ഥലങ്ങൾ.
ഉത്തർപ്രദേശിലെ ഘാട്ട് വംശജർ മാത്രം ജീവിക്കുന്ന ഒരു ഗ്രാമത്തിൽ എത്തി. വായിച്ചറിഞ്ഞ സൈന്ധവ ഭൂമിയിൽ എത്തിയപോലെ, ചുട്ട ഇഷ്ടിക വിരിച്ച പാതകളിൽ പയ്യെ നീങ്ങുന്നു പോത്തു വണ്ടികൾ. ചിലപ്പോൾ ഇരു ചക്ര വാഹനങ്ങൾ, ട്രാക്ടറുകൾ പലവട്ടം കണ്ടു. വഴിയരുകിലെ ഒറ്റമര ചുവട്ടിൽ വിശ്രമിക്കുന്ന ഒരു പഴയ കാർ. കമ്പിളി പുതച്ച മനുഷ്യർ കരിമ്പിൻ തോട്ടങ്ങളിൽ പണിയെടുത്തു വീട്ടിലേക്കു തിരിച്ചു പോകുന്നു. ഏതാണ്ട് നട്ടുച്ച, സൂര്യൻ സ്വന്തം കമ്പിളിക്ക് ഉള്ളിൽ നിന്ന് തല പുറത്തേയ്ക്ക് നീട്ടിയത് അപ്പോൾ ആയിരുന്നു. ഞാൻ അവിടെ എത്തിയത് കാണാനാകും പുള്ളിക്കാരൻ ഒളിഞ്ഞു നോക്കിയത്. തണവ് സഹിക്കാൻ സാധിക്കാത്തതിനാൽ ആകും കക്ഷി പെട്ടെന്ന് കമ്പിളിക്ക് ഉള്ളിലേക്കു വലിഞ്ഞു. പ്രകാശം അപ്പോളും ഉണ്ട്, ലോകം ഏതെന്നു തിരിച്ചറിയാനുള്ള പ്രകാശം അപ്പോളും ഉണ്ട്.
അവരുടെ ഹിന്ദി എനിക്കു ഒരു പിടിയും കിട്ടിയില്ല. അവർ സംസാരിക്കുന്നത് ഹിന്ദിയാണ് എന്നു മാത്രം അറിഞ്ഞു. അവർക്കിടയിൽ മറ്റൊരു ഭാഷയും ഉണ്ടായിരുന്നു. അവർക്കിടയിൽ മാത്രം സംസാരിക്കുന്ന ഭാഷ, അതാണ് അവരുടെ മാതൃ ഭാഷ. അത് എവിടെയും പഠിപ്പിക്കുന്നില്ല. അന്യ ഭാഷകളായ ഹിന്ദിയും ഇംഗ്ലീഷും ആണ് അവരുടെ ചിലരുടെയെങ്കിലും മക്കൾ പഠിക്കുന്നത്.
ബെൻസി, അതായിരുന്നു ആ ഗ്രാമത്തിൽ എന്നെ എത്തിച്ച യുവാവിന്റെ പേര്. ബെറൂട്ടി എന്ന നഗരത്തിൽ വച്ച് അയാളെ പരിചയപ്പെടുമ്പോൾ ഞാൻ വിചാരിച്ചത്, അയാൾ ഒരു കൗമാര പ്രായക്കാരൻ ആണെന്ന് ആയിരുന്നു. അയാൾ വിവാഹിതൻ ആയിരുന്നു, മക്കൾ കൗമാരക്കാരാണ് എന്ന് മനസ്സിലായത് അയാളുടെ വീട്ടിൽ എത്തിയപ്പോൾ ആണ്.
അയാളുടെ സുന്ദരിയായ പ്രിയതമ ഏറെ ബഹുമാനത്തോടെയാണ് അതിഥിയെ സ്വീകരിച്ചത്. അയാളുടെ മാതാപിതാക്കൾ, പിതാവിന്റെ മാതാപിതാക്കൾ എന്നിവരൊക്കെ അടങ്ങുന്ന വലിയ കുടുംബം. രണ്ട് പോത്തുകൾ, ഒരു പശുവും കുട്ടിയും, ഒരു കഴുത, ഒരു കുതിര, ഒരു നായ എന്നിവരും ആ കുടുംബത്തിന്റെ ഭാഗം ആയിരുന്നു. സന്ധ്യ ആകും മുമ്പ് സഹിക്കാൻ സാധിക്കാത്ത തണവ് കയറി വന്നു. ബെൻസിയുടെ അമ്മ എനിക്ക് ഒരു സ്വെട്ടരും കമ്പിളിയും തന്നു. സന്ധ്യയോടെ ഭക്ഷണം. ഏതാനും റൊട്ടി, അല്പം സബ്ജി, അല്പം ചക്കര, ഏതാണ്ട് ഒരു ലിറ്റർ വരുന്ന കപ്പിൽ നിറയെ പാൽ. ഭക്ഷണം കഴിച്ച് എല്ലാവരും കപ്പടയ്ക്ക് ഉള്ളിലേക്കു ചുരുങ്ങി.
കേരളം എന്നൊരു സംസ്ഥാനം ഉണ്ടെന്നും, ആ സംസ്ഥാനത്തിന്റെ ഭാഷ മലയാളം ആണെന്നും അറിയാത്ത നിരവധി മനുഷ്യർ ആ ഗ്രാമത്തിൽ ഉണ്ടെന്ന് എനിക്കു മനസ്സിലായത് ഏതാനും ദിവസങ്ങൾ കഴിഞ്ഞാണ്.
ആ ഗ്രാമത്തിൽ ഞാൻ മറ്റൊരു മനുഷ്യനെ പരിചയെപ്പെട്ടു. ബെൻസിയുടെ വീടിന് അടുത്ത് ഒരു കട നടത്തിയിരുന്നു അയാൾ. ആ ഗ്രാമത്തിൽ ആ ഒരു കടയെ ഉണ്ടായിരുന്നുള്ളു എന്നു പറഞ്ഞാൽ മലയാളിക്ക് വിശ്വസിക്കാൻ ബുദ്ധിമുട്ട് ആയിരിക്കും. ചിലപ്പോൾ ഒരു വെളിച്ചപ്പാടിനെ പോലെ കലി തുള്ളി അയാൾ ഗ്രാമ പാതയിൽ ഓടി നടക്കും. അങ്ങനെ അയാൾക്ക് ഉന്മാദം തീവ്രമായ ഒരു ദിവസത്തിലാണ് ഞാൻ അയാളെ ആദ്യം കാണുന്നത്. ബെൻസിയുടെ സഹോദരിയായ സാബിതയാണ് അയാളുടെ ചരിത്രം പറഞ്ഞത്. ആ ഗ്രാമത്തിൽ ബിരുദം നേടിയ ഒരേയൊരാൾ, വർഷങ്ങളോളം അയാൾ ആയിരുന്നു. ആ നാട്ടുകാരൻ അല്ല. ഉത്തർപ്രദേശിലെ മറ്റൊരു ഗ്രാമത്തിൽ നിന്ന് വന്ന ആൾ. അയാളുടെ മാതൃ ഭാഷ ഹിന്ദിയല്ല. ഏതാനും ജില്ലകളിൽ മാത്രമുള്ള കോയ്റ്റർ ഭാഷാ ഗണത്തിൽ ഉൾപ്പെടുന്ന ഒരു ഉപ ഭാഷയാണ് അയാളുടെ മാതൃ ഭാഷ. ഏതൊ ഒരു ഉത്സവത്തിന് അയാളുടെ മാതൃഭാഷയിലെ ഒരു കൃഷിപ്പാട്ട് ആരോ പാടിയതിന്റെ പേരിൽ നടന്ന ലഹളയിൽ, അയാൾക്ക് കുടുംബം നഷ്ടപ്പെട്ടു. അതിന്റെ ആഘാതം ആണ് ഇടയ്ക്കു വരുന്ന ഉന്മാദം. സ്വന്തം മാതൃ ഭാഷ സംസാരിക്കാൻ അയാൾ ഭയപ്പെടുന്നു.
മറ്റെങ്ങും അല്ല, ഇവിടെ, നമ്മുടെ സ്വന്തം രാജ്യത്ത്. ഇന്നോ ഇന്നലയോ തുടങ്ങിയതല്ല, എന്നൊ തുടങ്ങിയതാണ്.
സ്വന്തം മാതൃ ഭാഷ സംസാരിക്കാൻ പോലും അവകാശമില്ലാത്ത അനേകം മനുഷ്യർ ജീവിക്കുന്ന ഈ രാജ്യത്ത്, എന്റെ മാതൃ ഭാഷയുടെ മഹത്വത്തിൽ ഞാൻ അഹങ്കരിക്കുന്നുവെങ്കിൽ, അതിനു കാരണം എന്നിലെ വിവരദോഷി ആയിരിക്കും.