കാലിൽപുരണ്ട ചെളി
ഭൂമിയുടെ വിയർപ്പാണ്.
കർഷകന്റെ ജീവനിൽ കോരിയിടുന്ന ഉപ്പ്
തലയിൽ ചൂടുന്ന മഴ
കരളലിയിക്കുന്ന തണുപ്പാണ്
വിശക്കുന്നവന്റെ നാവിലൂറേണ്ട രുചി
കണ്ണിലൂറുന്ന ചൂട്
വെയിലുപൊള്ളിയ നനവാണ്
വലിച്ചെടുക്കേണ്ട ശ്വാസമുതിരും ചില്ല.
മണ്ണിൽ പുതഞ്ഞിറങ്ങുമ്പോൾ
മഴയും വെയിലും
അവന്റെ കാമുകി.
ഇരുകരങ്ങളിലെ പ്രണയദീപം
ഇടനെഞ്ചിലെ തുടിപ്പുപോലെ
ഇരുവരുടെ പ്രണയത്താൽ
മാനംനോക്കിച്ചിരിച്ച്
മണ്ണിളക്കുമ്പോൾ
ഭൂമിയോടൊട്ടുന്ന ദ്വൈതം
ഉടയുന്ന ശിലകളിലും
മുറിയുന്ന വേരുകളിലും
ഇലപിഴിഞ്ഞൊഴിച്ച്
മുറിവുതുന്നുമ്പോൾ
ചിരിച്ചുമറിയുന്ന മൗനം കൊണ്ട്
അവന്റെ കാൽവെള്ളയിൽ
ജഡവേരുകൾ ഇക്കിളിയിടും.
ആകാശത്തിലേക്ക്
വലിച്ചുകെട്ടിയ ഭൂമിയുടെ നൂൽ
മുറിഞ്ഞുപോവാതിരിക്കാൻ
മണ്ണിൽ കിളച്ചുമറിയുന്നവനെ
പ്രണയം കൊണ്ടു പൊതിയാൻ
ഭൂമിയേൽപ്പിച്ച സൂര്യന്റെ മക്കളാണ്
മഴയും വെയിലും.