പൊന്നാട ചാർത്തിയണഞ്ഞ കിനാവുകൾ
വെൺമേഘമായി പ്രകാശം ചൊരിഞ്ഞതും
സ്നേഹാംബരത്തിന്റെ ചോലയിൽ പൂവിട്ട
മോഹ പുഷ്പത്തിൻ പ്രഭാ പൂര വിസ്മയം
പങ്കിട്ടു താരങ്ങൾ കാവലായ് നിന്നതും
ചെമ്മാനമാകെ പടർന്ന പ്രതീക്ഷകൾ
താരും തളിരും അണിഞ്ഞന്നു നിന്നതും
എന്നസ്തമിക്കുവാൻ പോകുന്നു കാലമേ !
എത്ര വർണത്തിൻ വെയിൽ ചാർത്ത് കൊണ്ട് നാം
എത്ര ശില്പത്തിൻ തണൽ ചില്ല തേടി നാം
എത്ര മോഹത്തിൻ കിളിപ്പാട്ട് കേട്ടു നാം
എത്ര പച്ചപ്പിൻ നിറ ചാർത്ത് കണ്ടു നാം
എത്ര വർഷത്തിൻ പ്രവാഹങ്ങളേറ്റു നാം
പിന്നിട്ട പാത തെളിച്ച വിളക്കുകൾ
മങ്ങാതെ ജീവനിൽ പിന്നെയും മിന്നുന്നു !
കുഞ്ഞി ചിറകിൽ കുരുത്ത സ്വപ്നങ്ങളെ
വൻ കാറ്റ് വന്നു കട പുഴക്കുന്നതും
പ്രാണനിൽ പറ്റി പിടിച്ചൊരു പൂമ്പൊടി
വേനലിൽ വീണു കരിഞ്ഞുണങ്ങുന്നതും
വേരിനെ മോഹിച്ച മണ്ണിന്റെ ആർദ്രത
നിന്ന് കത്തുന്നതും മായ്ക്കുവാനാകുമോ ?
പിന്നെ കൊഴിഞ്ഞ തരു പത്ര നാഡിയിൽ
പെയ്യാതെ പോയ കിനാവിന്റെ നൊമ്പരം
സാഗര സൗവർണ നീലിമ മാഞ്ഞതും
പിന്നെ പ്രഭാതത്തിൻ സൗഭാഗ്യ ചാരുത
ഒന്നൊഴിയാതെ കൊഴിഞ്ഞങ്ങു
പോയതും
വർണങ്ങളറ്റ വസന്ത സ്മരണിക വന്ന്
തുറക്കുന്നു ജാലക കാഴ്ചകൾ
പിൻവിളിയേറ്റു മടങ്ങിയ പൊൻ തിര
നമ്മിലേക്കിറ്റിയ കണ്ണീര് മായുമോ ?

By ivayana