എന്നോ നാടുകടത്തപ്പെട്ട
ചിരികളുടെ ചുമലിൽ
തുന്നിപ്പിടിപ്പിച്ച
ഫലകത്തിൽ
എഴുതിച്ചേർക്കാൻ
മറന്നുപോയ
മോഹങ്ങളുടെ,
മോഹഭംഗങ്ങളുടെ
നിസ്സംഗതകളിൽ
മനഃപൂർവം മറന്നുവയ്ക്കുന്ന
എന്നെ, ഞാൻ
തിരയേണ്ടുന്നത്
ഏതു ചിലന്തിവലകൾക്കുള്ളിലാണ് ?
ഒരു നിശ്ശബ്ദതയുടെ
ഭാണ്ഡക്കെട്ടു തോളിലേറ്റി,
ഭാരം പേറി,
തനിച്ചാക്കിപ്പോകുന്ന
മൗനങ്ങളെ,
മിഴിമുനകളിൽ
നിറയുന്ന
കനവുകളുടെ
നിറംമങ്ങിയ
കാഴ്ചകളെ
ഏതുമാറാലകൾക്കുള്ളിലാണ്
ഒളിപ്പിച്ചുവച്ചിരിക്കുന്നത് ?
എന്നിലേക്കൊന്നു
നടന്നടുക്കാൻ കൊതിക്കുന്ന
സ്വപ്നങ്ങളെ
എത്ര ചേർത്തുപിടിച്ചിട്ടും
സ്വന്തമാകാതെപോയ,
യാത്രപറയാതെ,
വിഷാദത്തിന്റെ
നേർത്ത കുപ്പായത്തിന്നുള്ളിലൊളിച്ച്
പിണങ്ങിപ്പോയ
ഇഷ്‌ടങ്ങളെ
ഇനിയുമേതു ചിലന്തിവലകളാകാം
ഒളിപ്പിച്ചുവച്ചിരിക്കുന്നത് ?
അഴിക്കുംതോറും മുറുക്കുന്ന
കുരുക്കുകളുടെ
കമനീയതയ്ക്കുള്ളിൽ,
ഗ്രഹിക്കാൻ കഴിയാതെപോയ
വിധിക്കണക്കുകളിലെ
സൂത്രവാക്യങ്ങളെ
മറച്ചുവെച്ച്
ഊർന്നൂർന്നുപോകുന്ന
ശിഷ്‌ടങ്ങളാക്കി,
മറവികൊണ്ടു മൂടിവച്ച്
ഓർമ്മകളുടെ
നെടുകയും കുറുകയും
ഇഴചേർത്തിട്ടും
ഇനിയും മടുക്കാതെ, മുടങ്ങാതെ
എന്നിലും നിന്നിലും
മങ്ങിക്കിടപ്പുണ്ടൊരായിരം
ചിലന്തിവലകൾ !

ശിവരാജൻ കോവിലഴികം,മയ്യനാട്

By ivayana