പലതിന്റെയും
ബാക്കിയാണ് ഞാൻ!
നീയുമതേ…….സകല
ചരാചരങ്ങളും, ഇങ്ങനെ
എന്തിന്റെയോ ഏതിന്റെയോ
ബാക്കിയാണ്, ചിലത്
ഉച്ചിഷ്‌ടം മാത്രമാണ്!
മറ്റുചിലത് തിരുശേഷിപ്പും;
ഇനിയും ചിലത്
അവശേഷിപ്പുമാണ്!

മിച്ചമുള്ളത്, നാം
ബാക്കി വയ്ക്കേണ്ടതുണ്ട്!
ദുരഭിമാനവും, ജാതിമത
വർഗ്ഗ, രാഷ്ട്രീയ…..ഇങ്ങനെ
മിച്ചമുള്ള ദുഷിച്ച അവശിഷ്ടം.
അഴുകിയ നിലയിൽ….
സ്വന്തം ഉടലിൽ നിന്നും
മറ്റൊരു ജീവിച്ചിരിക്കുന്ന
ഉടലിലേക്ക് പകർത്തിവച്ച്
പിണമായി,തനിയെ
ഇല്ലാതായി പോകും

ഒരു, ഓർമ്മയോ,
നിഷ്കാമ കർമ്മമോ
ചരിത്രം അടയാളപ്പെട്ട
ഒരു വാക്കോ ഇവിടെ
ബാക്കിവച്ചു പോയവർ
എത്രയോ ഉണ്ടായിരുന്നു
തിരുശേഷിപ്പുകൾ
എന്ന് അടിവര ഇടുന്ന…
അതിന്റെ കർമ്മികൾ
ഉടലോടൊപ്പം, ആദരവും
കൂടെ കൂട്ടിയവർ!!

അവശേഷിപ്പുകൾ
നിരന്തരമായ, കായികവും
ചാതുരിയുടെ, തെളിച്ചവും
സമുന്വയിച്ച, നിർമ്മിതികൾ
തന്നെയായിരുന്നു! അത്
ഇടങ്ങളിൽ, ചര്യകളിൽ
അക്ഷരങ്ങളിൽ, വിദ്യയിൽ
പ്രകാശ ഗോപുരങ്ങൾ
പണിഞ്ഞവർ, ആത്മാവ്
ഇവിടെ ബാക്കിവച്ച്
മേനിയൊഴിഞ്ഞു പോയ
ആ, അവരുടെയാണ്!

“ഞാനൊക്കെ ഇനി
എന്ത് ബാക്കി വയ്ക്കും??
നിനക്കും എന്തുണ്ട്
ബാക്കി വയ്ക്കാൻ?!
തിന്നാൻ വേണ്ടിയല്ലാതെ
കൊല്ലാൻ വേണ്ടി മാത്രം
അപരനെ കൊല്ലുന്ന…..
ഈ, അസുരജന്മം
അല്ലാതെ എന്തുണ്ട്
ബാക്കി വയ്ക്കാൻ?”
[ഒന്നുമില്ല… അല്ലെ.?!]
.
മാത്യു വർഗീസ്

By ivayana