മനം പിടയുമ്പോൾ
മകനേ… കരയരുതെന്നുപറയാനും
മടിയിൽകിടത്തി മുടിയിഴകളിൽ
വാത്സല്യത്തലോടലേകുന്ന
ഒരമ്മയാകാനും……
പെരുമഴനനഞ്ഞ്
പടികയറിയെത്തുമ്പോൾ
പനിപിടിപ്പിക്കേണ്ടെന്നോതി
തോർത്തുമായി
ഇടവഴിയിലേക്കോടിയെത്തുന്ന
ചേച്ചിയാകാനും…
ഇടക്ക് ശാസിക്കുമ്പോൾ
മുഖം കറുപ്പിച്ചാലും
ചിരിച്ച് പിന്നെയും വിരൽത്തുമ്പിൽതൂങ്ങി
കുറുമ്പ്കാട്ടുന്ന അനിയത്തിയാകാനും…
ഉള്ളൊന്നുപിടയുമ്പോഴേക്കും
ഉള്ളറിഞ്ഞുകൊണ്ട് പുണരാനും
വരുന്നതെല്ലാം പങ്കിട്ടെടുക്കാമെന്നോതി
നെഞ്ചിൽ തലചേർത്തുകിടക്കുന്ന
ഒരു ഭാര്യയാകാനും……
പിണങ്ങാനിടവരുത്താതെ
മരണംവരെയിങ്ങനെ
പ്രണയിച്ചുകൊണ്ടേയിരിക്കാനും
മധുരമായൊരു ചുംബനംകൊണ്ട്
മനസ്സിന് നിത്യയൗവ്വനംനൽകുന്ന
ഒരു കാമുകിയാകാനും…….
എനിക്കൊരു പെണ്ണിനെ വേണം…
(പള്ളിയിൽ മണികണ്ഠൻ)