പാളത്തൊപ്പി തലയിൽ കമഴ്ത്തി
പാതി നഗ്നനായ മുല്ലൻ തന്ത
നിറം മങ്ങിയ തോർത്തുടുത്ത്
വേലിയിൽ മുള്ളുകൾ ഒന്നൊന്നായി
അടുക്കി വെക്കുകയാണ്.

കോലിൽ കമ്പി കോർത്ത്
ഇടയിലൂടെ അപ്പുറത്തേക്കു
കൊടുക്കുമ്പോൾ
മുറുക്കിക്കെട്ടാൻ അപ്പുറത്ത്
കോത തന്തയുണ്ട്.

നേരിയ പുള്ളി വെളിച്ചം പരന്ന
കമുങ്ങിൻ തൊടിയിൽ
കുഞ്ഞു കാര്യസ്ഥനായി ഞാനും.

ഓരോ കാൽ വെപ്പിലും
കുട്ട്യേ മുള്ള്, മുള്ള് എന്നു പറഞ്ഞു
മുല്ലൻ തന്തയും.

അതെന്താ, ഇങ്ങക്ക് മുള്ളു കുത്തൂലെ
എന്നു ചോദിക്കാൻ തോന്നിയെങ്കിലും
മിണ്ടിയില്ല.

അങ്ങനെ ആലോചിച്ചതേ
കുരുത്തക്കേടെന്നതു പോലെ
മുള്ളൊന്നു കേറി
കാലിൻ മടമ്പിൽ.

മിണ്ടാതെ
കൊച്ചൻ കുത്തി പോയി
അലക്കുകല്ലിലിരുന്നു
കാലെടുത്തു മടിയിൽ വെച്ചു.

ഉം….., മുള്ളു കുത്തിയല്ലേ,
അമ്മു ഓടിവന്നു.

പാവാടയിൽ കുത്തിയ സൂചി അഴിച്ച്
ഊതി ഊതി അവൾ
മുള്ളിൻ തുമ്പ് പുറത്തെടുത്തു.

നേരിയ വേദനയിലും
ഹൃദയത്തെ പുണർന്ന
ആ വിരലുകളുടെ തണുപ്പിന്
ഇന്നും മരണമില്ല.

മുല്ലൻ തന്തയും കോതയും
വേലിയും മുള്ളും
ഒടുവിൽ അമ്മുവും
നടന്നു മറഞ്ഞുവെങ്കിലും.

സലീം മുഹമ്മദ്‌.

By ivayana