“എന്നെ അറിയുമോ ?”
“പിന്നേ …..എനിക്കറിയാലോ ?”
“എങ്ങനെ അറിയും ?”
“മാരാത്തെ കുട്ടിയെ അറിയില്ലെങ്കിൽ പിന്നെ പറഞ്ഞിട്ടെന്ത് കാര്യം…. “
അവൾ ചിരിച്ചു. കൂടെ അവനും.
“നാവെപ്പോഴും ഓട്ടോറിക്ഷ പോലെയാണല്ലേ ?”
“അതെന്താ ?”
“കുടുകുടു ശബ്ദിച്ചുകൊണ്ടേയിരിക്കും”
അവൻ ചിരിച്ചു പക്ഷേ അവളുടെ മുഖത്ത് പരിഭവം നിറഞ്ഞു.
“യ്യോ! ഞാനൊരു തമാശ പറഞ്ഞതാണ്. ക്ഷമിക്കൂ”.
“ഹും … ഇത്തവണത്തേക്ക് മാത്രം”. അവളുടെ മുഖം പുഞ്ചിരിയിൽ വിടർന്നു.
“അയ്യോ വന്നിട്ട് ഇരിക്കാൻ കൂടി പറഞ്ഞില്ല. ഇരിക്കൂ”. ഓർമ്മ വന്നപ്പോൾ അവൾ പറഞ്ഞു.
“അതു സാരമില്ല. ഞാൻ കൊച്ചയെ കാണാൻ വന്നതാണ്. ഇരിക്കുന്നില്ല പോകാൻ ധ്യതിയുണ്ട്”.
അവന്റെ ഉള്ളിലൊരു പരവേശത്തിന്റെ വിയർപ്പ് പൊടിഞ്ഞു.
“അത്ര ധ്യതിയൊന്നും കാണിക്കണ്ട ഇരിക്കൂ ഒരു ചായ കുടിച്ചിട്ട് പോകാം”.
“അപ്പൂ ആരാ അവിടെ?” അകത്ത് നിന്നും ഒരു ചോദ്യം.
“അത് മാരാത്തെ കുട്ടിയാണ്. കൊച്ചയെ പണിക്ക് വിളിക്കാൻ വന്നതാ”. അവൾ അകത്തേക്ക് നോക്കി പറഞ്ഞു.
“കയറി ഇരിക്കാൻ പറഞ്ഞില്ലേ ? കുടിക്കാനെന്തെങ്കിലും കൊടുത്ത്വോ?” അകത്തു നിന്നും വീണ്ടും ചോദ്യമുയർന്നു.
“ഉവ്വ് പറഞ്ഞു. ചായ കൊടുത്തിട്ടേ വിടുന്നുള്ളൂ”. ഒരു തൂമന്ദഹാസം അവളുടെ ചുണ്ടിൽ വിടർന്നിരുന്നു.
“ആരാത്?” ഉള്ളിലെ ഉദ്വേഗം അവനിൽ ചോദ്യമായി.
“അമ്മയാണ്. സുഖല്യാണ്ട് കിടപ്പിലാണ്”. പറയുമ്പോളവളുടെ ശബ്ദത്തിനൊരു നനവുണ്ടായിരുന്നു.
“എന്താ പറ്റീത് ?” അവന്റെ ആകാംക്ഷ വീണ്ടും കൂടി.
“പുറത്തേക്കിറങ്ങുമ്പോൾചവിട്ടു കല്ലിൽ കാൽ തെന്നിവീണതാണ്. നട്ടെല്ലിന് ക്ഷതം പറ്റി. എഴുന്നേൽക്കാനാവില്ല ഇനി.”
അവളുടെ മറുപടിയിൽ തന്റെ നെഞ്ചിലൊരു കനമുള്ള കല്ല് കയറ്റി വെച്ചതായി തോന്നി അവന്.
“ഒന്നു കാണാൻ ……?”
“അതിനെന്താ ? അകത്തേക്ക് വരൂ”
അവൾ അവനെ അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി.
നടുത്തളത്തിനോട് ചേർന്നുള്ള മുറിയിലാണവർ കിടക്കുന്നത്. ഉള്ളിലെ ലൈറ്റിട്ടു അവൾ. മേശയുടെ അടിയിലിരുന്ന സ്റ്റൂളിനെ വലിച്ച് അവന് ഇരിക്കാനായി ഇട്ടു കൊടുത്തു.
ഒറ്റമുണ്ടുടുത്ത് മുടി മുകളിലേക്ക് കെട്ടിവെച്ച് ഒരാൾ രൂപം കിടക്കുന്നു. നേരെ മുന്നിൽ ഉത്തരത്തിൽ നിന്നും ഞാത്തിയിട്ട ഒരു കയറുണ്ട്. ഒരു മൂലയിൽ ചെറിയൊരു ടിവിയും അതുവെച്ച മേശയിൽ കുറേ മരുന്ന് കുപ്പികളും.
അവന്റെ ഉള്ളിൽ സങ്കടം ഘനീഭവിച്ചു.
“ഗാഥയുടെ മകനാണല്ലേ ?”
നിരയൊത്ത പല്ലുകൾ കാട്ടി അവർ ചിരിച്ചു.
“വളരെ കുഞ്ഞായിരിക്കുമ്പോൾ കണ്ടതാണ്. ഇപ്പോ വല്യ ചെക്കനായി.
എന്താ ചെയ്യുന്നത് ? ജോലി വല്ലതും തരായോ?”
“ഇല്ല. ഒന്നും ആയിട്ടില്ല. നോക്കുന്നുണ്ട്”.
മറുപടിക്കിടയിൽ അവൻ അവരുടെ കൈവിരലിൽ ഒന്നു തൊട്ടു.
തണുത്തു പോയ അമ്മ വിരലാണതെന്ന് തോന്നി അവന്.
അവരുടെ കണ്ണുകളിൽ വാത്സല്യം നിറഞ്ഞു.
“എത്ര കാലായി ഈ കിടപ്പു തുടങ്ങീട്ട് … ദിവസോം മാസോം മാറുന്നതു പോലും അറിയുന്നില്ല.
അമ്പലനടയും ആൾക്കാരേം ഒക്കെ കാണാൻ കൊതിയാവാറുണ്ട്. ദേവിയെ കൈക്കൂപ്പണമെന്നുമൊക്കെ തോന്നാറുണ്ട്. പക്ഷേ എന്തു ചെയ്യാം?
ബാക്കിയുള്ള ജീവിതല്ലേ ഇരിക്കക്കുത്താലേ ചവിട്ടു കല്ലിൽ വീണു പോയത്”.
ഇടനെഞ്ച് പൊട്ടുന്നൊരു വേദന ആ വാക്കുകളിലുണ്ടായി.
അവരുടെ കണ്ണുകൾ പോലെത്തന്നെ അവന്റെ കണ്ണിലും തുലാവർഷമേഘങ്ങൾ ഇരുണ്ടുകൂടി. അവരുടെ കണ്ണിൽ നിന്നും പെയ്തിറങ്ങിയ വർഷ ബിന്ദുക്കളെ അവൻ തുടച്ചു മാറ്റി.
“എന്ത് പറഞ്ഞ് സമാധാനിപ്പിക്കണമെന്ന് എനിക്കറിയില്ല. ന്നാലും പറയാണ് വിഷമിക്കരുത് “.
“ഇല്യ കുട്ടാ എനിക്കിത് പറ്റിയതിലല്ല വിഷമം. ഞാൻ കാരണം ന്റെ കുട്ട്യോള് കഷ്ടപ്പെടാണ്. അതേയുള്ളൂ വിഷമം. ഞാനിവിടെ കിടന്ന് പ്രാർത്ഥിക്കും എന്നും, ഒരു മാത്രയെങ്കിൽ ഒരു മാത്ര നേരത്തെ ന്റെ കുട്ട്യോൾടെ കഷ്ടപ്പാട് തീർത്തു കൊടുക്കണേ ഭഗവതീന്ന് ….”
“അമ്മേ ……..”
അമർത്തിയുള്ള അവളുടെ വിളിക്കൊപ്പം നൊമ്പരങ്ങളുടെ ചരടും പൊട്ടിയിരുന്നുപോയി അവൾ.
“ഇങ്ങനെയൊക്കെയാണല്ലേ മനസ്സിൽ. അതിനു വേണ്ടിയാണല്ലേ ഞങ്ങള് കഷ്ടപ്പെടുന്നത്? എളുപ്പം വിടുമെന്ന് കരുതണ്ട. ചത്താലും വിടില്ല”.
അപർണ്ണ പൊട്ടിക്കരഞ്ഞു പോയി. ഈ ഘട്ടം എങ്ങിനെ തരണം ചെയ്യണമെന്നറിയാതെ കുഴങ്ങി അവൻ.
“ക്ഷമിക്ക് അപ്പു …. അമ്മ വിഷമം കൊണ്ട് പറഞ്ഞതല്ലേ. ന്റെ കുട്ട്യോളെ വിട്ട് ഞാനെങ്കിടെങ്കിലും പോവ്വോ ?” നീരുറവ വറ്റാതിരുന്നിട്ടും കണ്ണുകൾ അവർ അമർത്തി തുടച്ചു. മുഖത്ത് ഒരു ചിരി വരുത്തി.
“നീ പോയി അവനൊരു ചായയിട്ട് കൊടുക്ക്”.
സമാധാനത്തിന്റെ പച്ചത്തുരുത്തിലേക്കടുത്തപ്പോൾ അവനിലും ഒരു നീലാകാശം തെളിഞ്ഞു.
ചായ ഉണ്ടാക്കുവാനായി അവൾ അടുക്കളയിലേക്ക് നടന്നു
അവൻ അവരുടെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു.
“എന്താ ഇങ്ങനെ നോക്കുന്നത്?”
“ഒന്നൂല്യ.. “
അവൻ ചുമൽ കുലുക്കി.
“വിശേഷങ്ങളൊക്കെ സുധേട്ടൻ പറയാറുണ്ട്. ന്നാലും ചോദിക്ക്യാ…..
അമ്മയിപ്പോൾ എവിടെയാണ്?”
ആ ചോദ്യം പ്രതീക്ഷിച്ച പോലെത്തന്നെ അവൻ ഉത്തരവും പറഞ്ഞു.
“അറിയില്ല”.
പിന്നീടവർ ഒന്നും ചോദിച്ചില്ല. കുറച്ചു സമയം രണ്ടാളും മിണ്ടാതിരുന്നു.
അപർണ്ണ ചായയുമായി വന്നു. അവന് ചായ കൊടുത്തു. മറ്റൊരു ഗ്ലാസ്സിൽ കൊണ്ടു വന്ന ചായ ആറ്റിത്തണുപ്പിച്ച് അമ്മയ്ക്കും കൊടുത്തു അവൾ.
ചായ കുടിച്ച ശേഷം അമ്മയോട് യാത്ര പറഞ്ഞവൻ പുറത്തേക്കിറങ്ങി.
യാത്രയാക്കാൻ അപർണ്ണയും കൂടെ പുറത്തേക്ക് വന്നു.
“അപ്പൂ…. ഞാനിറങ്ങാണ്. വീണ്ടും കാണാം”.
അവളുടെ കണ്ണുകൾ തിളങ്ങി.
“എന്താ വിളിച്ചത്?”
“അപ്പൂന്ന്. ന്തേ?”
“എന്നെ അമ്മ മാത്രേ അങ്ങനെ വിളിക്കാറുള്ളൂ”.
“എനിക്കും വിളിക്കാൻ അവകാശമുണ്ടെന്ന് കൂട്ടിക്കോളു”
“എങ്ങിനെ? “
“എനിക്ക് നിന്നെ ഇഷ്ടാണ്. നെറേ ഇഷ്ടം അതന്നെ”.
മറുപടിക്ക് കാത്തു നില്ക്കാതെ അവൻ തിരിഞ്ഞു നടന്നു.
ആർത്തലച്ചു വന്ന തിരമാല കൽക്കെട്ടിലടിച്ചപ്പോലെ അവളുടെ ഹൃദയം പതഞ്ഞുപൊങ്ങി.
അവൻ നടന്നു പോകുന്നതും നോക്കി അവൾ നിന്നു.
വരമ്പത്തെക്കിറങ്ങുന്ന പടിക്കെട്ടിൽ നിന്നും പിൻവിളി കേട്ട പോലെ അവൻ തിരിഞ്ഞു നോക്കി. അവളുടെ മനസ്സാഗ്രഹിച്ച സമയത്തായിരുന്നു അവൻ തിരിഞ്ഞു നോക്കിയത്. അവളുടെ ഹൃദയത്തിൽ നിന്നൊരു പുഞ്ചിരി വിടർന്നു.
കലമാൻ തന്റെ കൊമ്പുകൾക്കൊണ്ട് ഇണയുടെ കണ്ണിണകൾ തലോടുന്ന പോലെ അവളുടെ മനസ്സ് അവനോട് അരുമയായ് ചേർന്ന് നിന്നു.

By ivayana