2 ലക്ഷം പ്രവാസികളിൽ നിന്നാണ് ആദ്യ ഘട്ടത്തിൽ യാത്ര തിരിക്കേണ്ട 354 യാത്രക്കാരെ തെരഞ്ഞെടുത്തത്. ഗർഭിണികളായ യുവതികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും പ്രഥമ പരിഗണന നൽകിയിരുന്നു. മെഡിക്കൽ എമർജിൻസി ഉള്ള ആളുകളും വീട്ടുജോലിക്ക് പോയവരും, വിസ കാലാവധി കഴിഞ്ഞവരും ഇന്ന് തിരിക്കുന്ന ഫ്ളൈറ്റിൽ കേരളത്തിലെത്തും. നാട്ടിൽ അടുത്ത ബന്ധുക്കൾ മരിച്ചിട്ടും ശവസംസ്കാര ചടങ്ങിന് എത്താൻ സാധിക്കാത്തവർക്കും മുൻഗണന നൽകിയിട്ടുണ്ട്. കുറച്ച് വിദ്യാർത്ഥികളും തിരികെ വരാൻ പണം ഇല്ലാത്തതിനാൽ ദുബായി എയർപോർട്ടിൽ അമ്പത് ദിവസമായി കുടുങ്ങിക്കിടക്കുന്ന സഹോദരന്മാരും ഇന്ന് എയർ ഇന്ത്യയുടെ ഫ്ളൈറ്റിൽ നാട്ടിലെത്തും.
65000ൽ അധികം ഗർഭിണികളാണ് തിരികെ മടങ്ങുന്നതിന് വേണ്ടി അപേക്ഷിച്ചതെന്നും ഇവരിൽ നിന്ന് അത്യാവശ്യക്കാരെ തിരിച്ചറിയുക വലിയ പ്രയാസം പിടിച്ച പ്രക്രിയ ആണെന്നും ദൗത്യത്തിന്റെ ചുമതലയുള്ള നീരജ് അഗർവാൾ ഗൾഫ് ന്യൂസിനോട് പ്രതികരിച്ചു.
ഗൾഫിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കോൺസുലേറ്റ് മടങ്ങേണ്ടവരുടെ പട്ടിക തയ്യാറാക്കുന്നതിന് പ്രത്യേക യൂണിറ്റിനെ തന്നെ സജ്ജീകരിച്ചിരുന്നു. കേരള മുസ് ലിം കൾച്ചറൽ സെന്റർ, ഇന്ത്യൻ അസോസിയേഷൻ അജ്മാൻ, തമിഴ്നാട് ലേഡീസ് സംഘം, ഇന്ത്യൻ പീപ്പിൾസ് ഫോറം തുടങ്ങിയ സംഘടനകളുടെ വളന്റിയർമാരുടെ സേവനവും ഇതിനായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്.